വിവിധ തരം നെറ്റ്‌വർക്കുകൾ

നെറ്റ്‌വർക്കുകളെ അവയുമായി ബന്ധിപ്പിച്ചിരിക്കുന്ന കമ്പ്യൂട്ടറുകളുടെ എണ്ണം, നെറ്റ്‌വർക്കിലൂടെ സഞ്ചരിക്കുന്ന ഡാറ്റയുടെ ഒഴുക്കിന്റെ വേഗത മുതലായവയെ അടിസ്ഥാനമാനമാക്കി തരം തിരിച്ചിരിക്കുന്നു. സാധാരണഗതിയിൽ സ്വകാര്യ ആവശ്യങ്ങൾക്കായിരിക്കും ഇത്തരം നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നത്.

ലാൻ-LAN (local area network): ലോക്കൽ ഏരിയ നെറ്റ്‌വർക്ക് എന്നതിന്റെ ചുരുക്ക രൂപമാണ് ലാൻ. ഭൂമിശാസ്ത്രപരമായി പറയുകയാണങ്കിൽ ലാനുകൾ ഒരു ഓർഗനൈസേഷനിൽ സ്ഥിതിചെയ്യുന്ന കമ്പ്യൂട്ടറുകളുടെ ഒരു ഗ്രൂപ്പാണ്. ഒരു കെട്ടിടത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന കമ്പ്യൂട്ടറുകളുടെ ഒരു കൂട്ടമായിരിക്കും ലാനുകൾ. എതർനെറ്റ് അഡ്രസ് റെസലൂഷൻ (Ethernet address resolution protocol) എന്ന പ്രോട്ടോക്കോളാണ് ലാനുകളിൽ ഉപയോഗിച്ച് വരുന്നത്. 1973ൽ ബോബ് മെറ്റ്കാഫ് (Bob Metcalfe) ആണ് എതർനെറ്റ് മാതൃക വികസിപ്പിച്ചെടുക്കുന്നത്.

നെറ്റ്‌വർക്കുകളിലെ ഏറ്റവും ലളിതമായ രൂപമാണ് ലാനുകൾ. 10 Mbps മുതൽ 1000 Mbps വരെയായിരിക്കും ലാനുകളിലെ ഡാറ്റാ ട്രാഫിക്കിന്റെ വേഗത. നൂറൊ ആയിരമൊ കമ്പ്യൂട്ടറുകൾ ഒരു ലാനിൽ ബന്ധിപ്പിക്കാവുന്നതാണ്.

ലാനുകളിൽ രണ്ട് രീതിയിലായിരിക്കും കമ്പ്യൂട്ടറുകൾ കണക്റ്റ് ചെയ്യുക. ഇവ പീർ റ്റു പീർ നെറ്റ്‌വർക്കുകൾ (peer-to-peer) എന്നും ക്ലയന്റ് സെർ‌വർ (client/server) നെറ്റ്‌വർക്കെന്നും അറിയപ്പെടുന്നു. പീർ റ്റു പീർ നെറ്റ്‌വർക്കുകളിൽ പരസ്പരം കമ്പ്യൂട്ടറുകളെ ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എല്ലാ കമ്പ്യൂട്ടറുകളുടെയും പ്രവർത്തനശൈലി ഒരു പോലെ തന്നെയായിരിക്കും ഇത്തരം നെറ്റ്‌വർക്കുകളിൽ. ക്ലയന്റ് സെർ‌വർ നെറ്റ്‌വർക്കുകളിൽ ഒരു പ്രധാന കമ്പ്യൂട്ടറുമായി (Server) മറ്റു കമ്പ്യൂട്ടറുകളെ ഘടിപ്പിച്ചിരിക്കുന്നു.

മാൻ-MAN (Metropolitan Area Networks): മാൻ എന്നാൽ മെട്രോപോളിറ്റൻ ഏരിയ നെറ്റ്‌വർക്ക്. ഒരു അതിവേഗ കണക്ഷൻ ഉപയോഗിച്ച് രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായി സ്ഥിതി ചെയ്യുന്ന ലാനുകൾ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നതിനെയാണ് മാൻ എന്ന് പറയുന്നത്. ഒരേ ലോക്കൽ ഏരിയ നെറ്റ്‌വർക്കിൽ സ്ഥിതി ചെയ്യുന്ന കമ്പ്യൂട്ടറുകളെ ദൂരെയുള്ള മറ്റൊരു സ്ഥലത്ത് നിന്നും ബന്ധപ്പെടുത്തുവാനായി മാൻ ഉപയോഗിക്കുന്നു. ഇങ്ങനെ ലാനുകൾ തമ്മിൽ പരസ്പരം കണക്റ്റ് ചെയ്യുവാനായി മാനുകളിൽ സ്വിച്ചുകളൊ റൌട്ടറുകളൊ ഉപയോഗിക്കുന്നു. ഫൈബർ ഓപ്റ്റിക് കേബീൾ ഉപയോഗിച്ചായിരിക്കും സാധാരണഗതിയിൽ ഇതുവഴിയുള്ള പാക്കറ്റുകൾ സഞ്ചരിക്കുന്നത്.

വാൻ-WAN (Wide Area Network): വളരെ ദൂരെദിക്കുകളിൽ സ്ഥിതി ചെയ്യുന്ന ലാൻ നെറ്റ്‌വർക്കുകളെയൊ മാൻ നെറ്റ്‌ വർക്കുകളെയൊ പരസ്പരം ബന്ധിപ്പിക്കുന്നതിനെയാണു വാൻ എന്ന് പറയുന്നത്. വിവിധ ഭൂഖണ്ഡങ്ങളിലായൊ രാജ്യങ്ങളിലായൊ സ്ഥിതി ചെയ്യുന്ന നെറ്റ്‌വർക്കുകളായിരിക്കും വാൻ ഉപയോഗിച്ച് ബന്ധിപ്പിക്കുന്നത്. സാധാരണഗതിയിൽ ഒരു റൌട്ടർ ഉപയോഗിച്ചായിരിക്കും ഇവ തമ്മിൽ ബന്ധിപ്പിക്കുക. വൈഡ് ഏരിയ നെറ്റ്‌വർക്കിന്റെ ഏറ്റവും പ്രശസ്തമായ രൂപമാണ് ഇന്റർനെറ്റ് എന്നറിയപ്പെടുന്നത്.

No comments: