മൌസ്, സ്റ്റൈലസ്, ട്രാക്ക്പാഡ്, ടച്ച്പാഡ് തുടങ്ങി ഒട്ടേറെ ഇന്‍പുട്ട് ഡിവൈസുകളുണ്ടെങ്കിലും കമ്പ്യൂട്ടറില്‍ കീബോര്‍ഡ് തന്നെ രാജന്‍. ഏറ്റവുമധികം ഉപയോഗിക്കുന്ന കീബോര്‍ഡ് വിന്യാസമാകട്ടെ, ഇംഗ്ലീഷിലെ qwerty രീതിയാവും.
ടൈപ്പ് റൈറ്റര്‍ ഉപയോഗിക്കുമ്പോള്‍ ഒരിക്കലും അടുത്തടുത്തുള്ള കട്ടകള്‍ തുടരെ അമര്‍ത്തേണ്ടിവരരുതു് എന്ന ലക്ഷ്യത്തോടെ വികസിപ്പിച്ച രീതിയാണു് അതു്. എന്നാല്‍ ഇതിനേക്കാള്‍ ശാസ്ത്രീയവും വേഗതയേറിയതുമായ രീതിയാണു് dworak കീബോര്‍ഡ് വിന്യാസം. എന്നിട്ടും നമ്മള്‍ പഠിച്ചതു് qwerty ആയതിനാല്‍ അതുതന്നെ പിന്തുടരുന്നു. ഇതാണു് ഫിക്സേഷന്റെ പ്രശ്നം.ഇത്തരം പ്രശ്നങ്ങളില്ലാത്തവര്‍ക്കു് വേണ്ടിയാണു് ഈ കുറിപ്പു്.
യൂണിക്കോഡ് മലയാളത്തിന്റെ വ്യാപനത്തോടെ ധാരാളം പേര്‍ കമ്പ്യൂട്ടറില്‍ മലയാളമെഴുതാന്‍ തുടങ്ങി. മിക്കവര്‍ക്കും മേല്‍പ്പറഞ്ഞ ക്വര്‍ട്ടി ലേ-ഔട്ട് പരിചിതമായിരുന്നതിനാല്‍ അതുപയോഗിച്ചു് ഇംഗ്ലീഷ് അക്ഷരങ്ങളിലൂടെ മലയാളമെഴുതുന്ന സംവിധാനം ഏറെ പ്രചാരത്തിലായി. മംഗ്ലീഷിലെഴുതി മലയാളത്തിലാക്കുന്ന ഈ വിദ്യക്കായി തന്നെ വരമൊഴി, ഇളമൊഴി, സ്വനലേഖ, ക്വില്‍പാഡ്,അക്ഷരങ്ങള്‍.കോം, ഗൂഗിള്‍ ട്രാന്‍സ്ലിറ്ററേഷന്‍ തുടങ്ങിയ ഓണ്‍ലൈനും ഓഫ്ലൈനുമായ ഉപകരണങ്ങളും നിലവില്‍ വന്നു. ഈ രീതി അവലംബിക്കുമ്പോഴുള്ള ഒരു പ്രശ്നം ഇംഗ്ലീഷ് വാക്കുകള്‍ മലയാളത്തിലെഴുതാന്‍ തെറ്റായ ഇംഗ്ലീഷ് സ്പെല്ലിങ് നല്‍കേണ്ടിവരുമെന്നാണു്. മെഷീന്‍ ലേണിങ് ലോജിക്‍ ഉപയോഗിക്കുന്ന ഗൂഗിള്‍ ട്രാന്‍സ്ലിറ്ററേഷന്റെ വരവോടെ ഈ പ്രശ്നത്തിന്റെ രൂക്ഷത കുറഞ്ഞിട്ടുണ്ടു് എന്നതു് വിസ്മരിക്കുന്നില്ല. എങ്കിലും വെബ്ബില്‍ തന്നെ പോയി എഴുതണം എന്ന ഒരു പോരായ്മ ഇതിനുണ്ടു്. സ്വനലേഖ ഉപയോഗിച്ചാല്‍ ഓഫ്‌ലൈന്‍ ആയും എഴുതാം എന്നതു് ശരി തന്നെ. എങ്കിലും വിന്‍ഡോസ് മെഷീന്‍ ഉപയോഗിക്കുന്നവര്‍ക്കു് യൂണിവേഴ്സലായി എല്ലാ പ്രോഗ്രാമുകളിലേക്കും പ്രയോഗിക്കാന്‍ കഴിയുന്ന രീതിയല്ല, ഇതു്. അതു ചെയ്യാന്‍ ട്രാന്‍സ്ലിറ്ററേഷന്‍ രീതിയില്‍ ഇന്നു് ലഭ്യം മൊഴി കീമാനാണു്. വരമൊഴിയെ അടിസ്ഥാനമാക്കി വികസിപ്പിച്ച സംവിധാനമാണിതു്. അതിനായി ഒരു അധിക സോഫ്റ്റ്‌വെയര്‍ തന്നെ നാം ഇന്‍സ്റ്റോള്‍ ചെയ്യുന്നു.
അതേ സമയം മലയാളം എഴുതാന്‍ തനതായ ഒരു വഴി നമുക്കുണ്ടു്. ഇന്ത്യന്‍ ഭാഷകള്‍ക്കു് പൊതുവായി സിഡാക്‍ പൂണെ വികസിപ്പിച്ച ഡിടിപി സ്യൂട്ടിലെ ഇന്‍പുട്ട് മെഥേഡ് ആയ ഇന്‍സ്ക്രിപ്റ്റ് ആണതു്. കീബോര്‍ഡിന്റെ ഇടതുവശത്തു് സ്വരാക്ഷരങ്ങളേയും വലതുവശത്തു് വ്യജ്ഞനാക്ഷരങ്ങളേയും ക്രമപ്പെടുത്തിയ രീതിയാണിതു്. ഈ രീതിയില്‍ ആസ്കി ഫോണ്ടുകള്‍ ഉപയോഗിച്ചു് ഇന്‍പുട്ട് നടത്താന്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍ ആവശ്യമാണെങ്കിലും യൂണിക്കോഡ് ഫോണ്ടുകളുപയോഗിച്ചു് ഇന്‍പുട്ട് ചെയ്യാന്‍ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ തന്നെ സൌകര്യമുണ്ടു്. വിന്‍ഡോസ് എക്സ്‌പി സര്‍വീസ് പായ്ക്ക് 2 മുതലുള്ള സിസ്റ്റങ്ങളില്‍ ഇതു് വളരെയെളുപ്പം സെറ്റപ്പ് ചെയ്യാം. ഗ്നൂ ലിനക്സിലാണെങ്കില്‍ കേവലം ഒറ്റ കമാന്‍ഡില്‍ തന്നെ ഈ കാര്യം നടക്കും.
എന്നാല്‍ ഇന്‍സ്ക്രിപ്റ്റിന്റെ വാനില വേര്‍ഷനു് ഒരു കുഴപ്പമുണ്ടു്. ഇന്ത്യന്‍ ഭാഷകള്‍ക്കു് പൊതുവായുള്ള രീതിയാണതു് എന്നു് പറഞ്ഞിരുന്നല്ലോ. മറ്റു് ഇന്ത്യന്‍ ഭാഷകളിലില്ലാത്ത ചില്ലക്ഷരങ്ങള്‍ നമ്മുടെ ഭാഷയിലെ പ്രത്യേകതയാണു്. അതേ പോലെ നമുക്കു് വളരെയധികം കൂട്ടക്ഷരങ്ങളുമുണ്ടു്. ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് ഉപയോഗിച്ചു് മലയാളം യൂണിക്കോഡ് ടൈപ്പ് ചെയ്യാന്‍ ആസ്കിയില്‍ ലഭ്യമായ നക്ക് കീ പോലെയുള്ള സൌകര്യം ഇല്ലതാനും. യൂണിക്കോഡ് നിശ്ചയിച്ച വ്യജ്ഞനം + വിരാമം + zwnj എന്ന സ്വീക്വന്‍സ് ഉപയോഗിച്ചു് വേണം നമുക്കു് ഇന്‍സ്ക്രിപ്റ്റില്‍ ചില്ലക്ഷരമെഴുതാന്‍. കൂട്ടക്ഷരമെഴുതാനും ഇതേ പോലെ വ്യജ്ഞനം + വിരാമം + വ്യജ്ഞനം എന്ന സീക്വന്‍സ് പിന്തുടരണം. അതായതു് ഒരു ചില്ലക്ഷരം / കൂട്ടക്ഷരം ടൈപ്പ് ചെയ്യാന്‍ മൂന്നു് കട്ടകള്‍ തുടരെ അമര്‍ത്തേണ്ടി വരും.
ഇതൊഴിവാക്കി മലയാളത്തിന്റെ പ്രത്യേതകകള്‍ കണക്കിലെടുത്തു് വിപുലപ്പെടുത്തിയ ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് വിന്യാസം ഇന്നു് ലഭ്യമാണു്. തൂലിക എന്ന മലയാളം ഡിടിപി യൂട്ടിലിറ്റി സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ച സൂപ്പര്‍സോഫ്റ്റാണു് ഇത്തരമൊരു ലേഔട്ട് ആദ്യം അവതരിപ്പിക്കുന്നതു്. മൈക്രോസോഫ്റ്റ് കീബോര്‍ഡ് ലേഔട്ട് ക്രിയേറ്റര്‍ എന്ന സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ യൂണിക്കോഡിനായി ഇതിനെ പരുവപ്പെടുത്തിയതും മെച്ചപ്പെടുത്തിയതും റാല്‍മിനോവ് ആണു്. ഇതു സംബന്ധിച്ച റാല്‍മിനോവിന്റെ പോസ്റ്റ് ഇവിടെ കാണാം.
ഇനി എന്താണു് റാല്‍മിനോവിന്റെ ലേഔട്ടിലെ പ്രത്യേകത എന്നുനോക്കാം. ഇന്‍സ്ക്രിപ്റ്റ് വാനില വേര്‍ഷനില്‍ ലഭിക്കുന്ന എല്ലാ കീ സീക്വന്‍സുകളും ഇതില്‍ ലഭ്യമാണു്. അതിനു് പുറമേ shift,വലതുവശത്തെ alt എന്നീ കീകളുടെ സഹായത്തോടെ മലയാളത്തിലെ ഏതാണ്ടു് എല്ലാ കൂട്ടക്ഷരങ്ങളും ചില്ലക്ഷരങ്ങളും ഒറ്റയൊറ്റ കമ്പൈന്‍ഡ് കീ സ്ട്രോക്കുകളില്‍ മാപ് ചെയ്തിരിക്കുന്നു.അതായതു് alt-GR, ക എന്നീ കട്ടകള്‍ ഒരുമിച്ചമര്‍ത്തിയാല്‍ ക്ക കിട്ടും. ഇനി പഴയ രീതിയില്‍ ക + ് + ക എന്നു് മൂന്നു് കട്ടകള്‍ അമര്‍ത്തിയാലും ക്ക കിട്ടും. ചില്ലക്ഷരങ്ങളും ഇതേ പോലെ കമ്പൈന്‍ഡ് കീ സ്ട്രോക്കുകളില്‍ മാപ് ചെയ്തിരിക്കുന്നു. മറ്റൊരു പ്രത്യേകതയുള്ളതു് ഇന്‍പുട്ട് ലാങ്വേജ് മാറ്റാതെ തന്നെ ഇംഗ്ലീഷ്, മലയാള അക്കങ്ങള്‍ ടൈപ്പ് ചെയ്യാന്‍ ഈ കീബോര്‍ഡ് ഉപയോഗിച്ചു് സാധിക്കും എന്നതാണു്. വെറും ചന്ദ്രക്കലയ്ക്കു് പുറമേ നോണ്‍ ജോയിനര്‍ ചേര്‍ത്ത ചന്ദ്രക്കലയും ഉള്‍പ്പെടുത്തിയിട്ടുണ്ടു്. ഈ സൌകര്യമുള്ളതിനാല്‍ ക്ക എന്നതിനു് പകരം ക്‌ക എന്നു് പ്രദര്‍ശിപ്പിക്കേണ്ടി വരുന്നിടത്തു് ഒരു കീസ്ട്രോക്ക് ലാഭിക്കാം. സാധാരണ ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡില്‍ സെമികോളന്‍, കോളന്‍,സിങ്കിള്‍ ക്വോട്ട്സ്, ഡബിള്‍ ക്വോട്ട്സ് എന്നിവ ഇടുമ്പോള്‍ ലാങ്വേജ് മലയാളത്തില്‍ നിന്നു് ഇംഗ്ലീഷിലേക്കു് മാറ്റേണ്ടിവരും. എന്നാല്‍ മലയാളം ടൈപ്പ് ചെയ്യുന്നതിനൊപ്പം തന്നെ ഈ ചിഹ്നങ്ങളും ഉപയോഗിക്കാനാവുംവിധമാണു് വിപുലപ്പെടുത്തിയ കീബോര്‍ഡ് ശരിപ്പെടുത്തിയിരിക്കുന്നതു്. പകരം ചയുടെയും ടയുടെയും ഇരട്ടിപ്പു് സ്ഥാനം മാറ്റിയിട്ടിരിക്കുന്നു.
വിശദമായ കീബോര്‍ഡ് വിന്യാസം റാല്‍മിനോവിന്റെ പോസ്റ്റിനൊപ്പം ലഭ്യമാണു്. പോസ്റ്റിനൊടുവില്‍ ഒരു ഡൌണ്‍ലോഡ് ലിങ്കും നല്‍കിയിട്ടുണ്ടു്.
അതില്‍ ക്ലിക്ക് ചെയ്തു് ഫോര്‍ ഷെയറില്‍ ഹോസ്റ്റ് ചെയ്തിരിക്കുന്ന ഒരു ഡ്രൈവര്‍ ഫയല്‍ (വിന്‍ഡോസിലെ .dll എന്ന എക്സ്റ്റന്‍ഷനുള്ള ഫയല്‍) ഡൌണ്‍ലോഡ് ചെയ്തു് ഇന്‍സ്റ്റോള്‍ ചെയ്യുകയാണു്, ഈ കീബോര്‍ഡ് ലഭ്യമാക്കാന്‍ ചെയ്യേണ്ട ആദ്യത്തെ പടി.
റാല്‍മിനോവ് അവിടെ ഏതാനും സിപ് ഫയലുകളാണു് ഫോര്‍ ഷെയറില്‍ ലഭ്യമാക്കിയിരിക്കുന്നതു്. അവയില്‍ MLALTCIL.zip എന്ന ഫയല്‍ യൂണിക്കോഡ് 5.1 സ്റ്റാന്‍ഡേര്‍ഡ് പ്രകാരമുള്ള ആണവ ചില്ലു് ഉള്‍പ്പെടുത്തിയ ലേഔട്ടാണു്. MLINALT.zip എന്നു് എഴുതിയതാകട്ടെ, വാനില ഇന്‍സ്ക്രിപ്റ്റ് വേര്‍ഷനുകളിലും യൂണിക്കോഡ് 5.0 സ്റ്റാന്‍ഡേര്‍ഡിലും ലഭ്യമായ പഴയ മട്ടിലുള്ള ചില്ലെഴുത്താണു്. പഴയ മട്ടാണു് ഈ ലേഖകന്‍ പ്രിഫര്‍ ചെയ്യുന്നതു്. സിപ് ഫയല്‍ ഡൌണ്‍ലോഡ് ചെയ്ത് വിന്‍സിപ്പോ സെവന്‍സിപ്പോ ഉപയോഗിച്ചു് എക്സ്ട്രാക്ട് ചെയ്യുക. അപ്പോള്‍ ലഭ്യമായ ഫോള്‍ഡറിനുള്ളില്‍ ഡ്രൈവര്‍ ഫയല്‍ അടങ്ങിയ i386 എന്ന ഫോള്‍ഡറും .msi എന്നു് എക്സ്റ്റന്‍ഷനുള്ള ഒരു ഇന്‍സ്റ്റാളര്‍ ഫയലും കാണാം. ആ ഇന്‍സ്റ്റാളര്‍ ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്താല്‍ അതിനോടൊപ്പമുള്ള ഫോള്‍ഡറിലെ ഡ്രൈവര്‍ വിന്‍ഡോസില്‍ ഇന്‍സ്റ്റോളാവും.
ഇതോടെ ഒരു പ്രധാനഘട്ടം കഴിഞ്ഞു. വിപുലപ്പെടുത്തിയ കീബോര്‍ഡ് വിന്യാസം ഇനിമുതല്‍ നിങ്ങളുടെ സിസ്റ്റത്തിലും ലഭ്യമാണു്. എന്നാല്‍ അതു് എനേബിള്‍ ചെയ്യുന്നതിനു് കുറേക്കാര്യങ്ങള്‍ കൂടി ചെയ്യേണ്ടതുണ്ടു്. ഡ്രൈവര്‍ ഇന്‍സ്റ്റൊളേഷന്‍ പൂര്‍ത്തിയാക്കാന്‍ സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യുകയാണു് ഇനി വേണ്ടതു്.
വിന്‍ഡോസില്‍ ഏതു് കീബോര്‍ഡ് ലേഔട്ട് എനേബിള്‍ ചെയ്യണമെങ്കിലും ഇനിയുള്ള ഭാഗം ആവശ്യമാണു്. അതിനാല്‍ ചിത്രങ്ങളുടെ സഹായത്തോടെ തന്നെ ആ ഭാഗം വിശദീകരിക്കാം.
ചിത്രം ൧
സ്റ്റാര്‍ട്ട് മെനു പ്രോഗ്രാംസില്‍ നിന്നു് കണ്‍ട്രോള്‍ പാനലിലേക്കു് പോവുക.
ചിത്രം ൨
കണ്‍ട്രോള്‍ പാനലില്‍ റീജനല്‍ ആന്‍ഡ് ലാങ്വേജ് ഓപ്ഷന്‍സ് എടുക്കുക.
ചിത്രം ൩
റീജനല്‍ ഓപ്ഷന്‍സില്‍ സ്റ്റാന്‍ഡേര്‍ഡ്സ് ആന്‍ഡ് ഫോര്‍മാറ്റ്സ് ആവശ്യമെങ്കില്‍ മലയാളം (ഇന്ത്യ) തിരഞ്ഞെടുക്കുക. ഇതു് നിര്‍ബന്ധമില്ല. അതേ വിന്‍ഡോയില്‍ താഴെ ലൊക്കേഷന്‍ ഇന്ത്യയെങ്കില്‍ അതുതന്നെ തിരഞ്ഞെടുക്കുക.
ചിത്രം ൪
ലാങ്വേജസ് ടാബ് എടുത്തു് അതില്‍ Install files for complex scritps and right to left languages (including Thai) എന്നെഴുതിയിരിക്കുന്നിടത്തു് ശരിചിഹ്നം (ടിക്‍ മാര്‍ക്‍) ഇടുക.അടുത്ത ഓപ്ഷന്‍ വെറുതെ വിടുക. അതിനു് ശേഷം Apply എന്ന ബട്ടണ്‍ അമര്‍ത്തുക. അപ്പോള്‍ വിന്‍ഡോസിന്റെ സിഡി ചോദിക്കും. (ലൈസന്‍സ്ഡ് വിന്‍ഡോസ് പ്രീ ഇന്‍സ്റ്റോള്‍ഡായി ലഭിച്ച സിസ്റ്റമാണെങ്കില്‍ ഇന്‍സ്റ്റൊളേഷന്‍ ഡയറക്ടറിയില്‍ നിന്നു് ആവശ്യമായ ഫയല്‍ സിസ്റ്റം എടുത്തുകൊള്ളും. അല്ലാത്തവയ്ക്കാണു് വിന്‍ഡോസ് സിഡി ചോദിക്കുന്നതു്. അപ്പോള്‍ വിന്‍ഡോസ് എക്സ്‌പി സര്‍വീസ് പായ്ക്ക് 2 ന്റെയോ 3ന്റെയോ സിഡി ഇട്ടുകൊടുക്കുക. ഒറിജിനല്‍ അല്ലെങ്കിലും നടക്കും. സിഡിയില്‍ നിന്നു് സിസ്റ്റത്തിലേക്കു് യൂണിക്കോഡ് സപ്പോര്‍ട്ട് ഫയലുകള്‍ പകര്‍ത്താനാണു് ഇങ്ങനെ ചെയ്യുന്നതു്. അതിനൊപ്പം കാര്‍ത്തിക എന്ന മലയാളം യൂണിക്കോഡ് ഫോണ്ടും പകര്‍ത്തപ്പെടും.) ശേഷം OK ബട്ടണ്‍ അമര്‍ത്തുക.
സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യുക. വീണ്ടും Startmenu > Control Panel > Regional and Language options > Languages എടുക്കുക. Details എന്ന ബട്ടണില്‍ മൌസ് അമര്‍ത്തുക.
ചിത്രം ൫
അപ്പോള്‍ Text services and input languages എന്ന പുതിയ വിന്‍ഡോ ലഭിക്കും. അതില്‍ Add എന്ന ബട്ടണ്‍ അമര്‍ത്തുക.
ചിത്രം ൬
Add input language എന്ന പുതിയ വിന്‍ഡോ തുറക്കും. അതില്‍ Input language ഡ്രോപ് ഡൌണ്‍ മെനുവില്‍ നിന്നു് Malayalam (India) തിരഞ്ഞെടുക്കുക. Keyboard layout (IME)എന്നിടത്തു് Malayalam Keyboard with Alt modifiers (അല്ലെങ്കില്‍ നിങ്ങള്‍ക്കു് ആവശ്യമുള്ള മലയാളം കീബോര്‍ഡ് വിന്യാസം) തിരഞ്ഞെടുക്കുക. OK അമര്‍ത്തുക.
ചിത്രം ൭
ഇപ്പോള്‍ Text services and Input Languages എന്ന വിന്‍ഡോയിലേക്കു് തിരികെ വരും. അവിടെ Installed Services എന്ന ഭാഗത്തു് പുതുതായി MY എന്ന എന്‍ട്രിയും അതിന്റെ വിപുലീകരണവും കാണാം. അതിനു് താഴെയായി Preferences എന്ന ഭാഗത്തു് Language Bar എന്ന ബട്ടണില്‍ മൌസ് അമര്‍ത്തുക.
ചിത്രം ൮
Language bar settings എന്ന വിന്‍ഡോ ഓപ്പണാവും. അതില്‍ Show the language bar on the desktop എന്ന ഓപ്ഷന്‍ ടിക്‍ ചെയ്യുക. Show additional language bar icons in the task bar എന്ന ഓപ്ഷന്‍ ടിക്‍ ചെയ്യാതെ വിടുക. OK അമര്‍ത്തുക. വീണ്ടും Text Services and Input languages എന്ന വിന്‍ഡോയിലേക്കു് പോകും.
ചിത്രം ൯
Text Services and Input languages എന്ന വിന്‍ഡോയിലെ Advanced ടാബ് ക്ലിക്ക് ചെയ്യുക. Compatibility configuration എന്നിടത്തു് Extend support of advanced text services to all programs എന്നതു് മാത്രം ടിക്‍ മാര്‍ക്‍ ചെയ്യുക. അതിനു് താഴെ Sytem Configuration എന്ന ഭാഗത്തെ Turn of advanced text services എന്ന ഓപ്ഷന്‍ ഒരു കാരണവശാലും ടിക്‍ ചെയ്യാതെ വിടുക. ഇതു് ടിക്‍ ചെയ്താല്‍ ഓഫീസ് പാക്കേജിലും നോട്ട്പാഡിലും ഒന്നും മലയാളം ലഭിക്കില്ല.
സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യുക.
ചിത്രം ൧൦
ഇന്‍പുട്ട് ലാങ്വേജസ് തമ്മില്‍ മാറാനുള്ള ഷോര്‍ട്ട് കട്ട് നേരത്തെ പറഞ്ഞിരുന്നുവല്ലോ (ഇടതുവശത്തെ Alt + Shift keys). ഈ എളുപ്പവഴി മറന്നുപോയാലും സാരമില്ല. സിസ്റ്റത്തിന്റെ താഴെ വലതുമൂലയിലായി ഇപ്പോള്‍ പുതുതായി EN എന്ന ഒരു ചിഹ്നം കാണാം. അതില്‍ ക്ലിക്ക് ചെയ്തു് MY - Malayalam (India) തിരഞ്ഞെടുക്കാം. ഇതേ രീതിയില്‍ തിരികെ ഇംഗ്ലീഷിലേക്കും പോകാം. അവിടെ Show the language bar എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ ലാങ്വേജ് ബാര്‍ സിസ്റ്റത്തിന്റെ മുകളില്‍ വലതുവശത്തായി ഡിസ്‌പ്ലേ ചെയ്യപ്പെടും. അവിടെ നിന്നു് ഒരേ ഭാഷയിലെ തന്നെ വെവ്വേറെ കീബോര്‍ഡ് വിന്യാസങ്ങള്‍ തിരഞ്ഞെടുക്കാനും കഴിയും. മിനിമൈസ് ബട്ടണില്‍ മൌസ് അമര്‍ത്തി അതു് പൂര്‍വ്വസ്ഥാനത്തേയ്ക്കു് കൊണ്ടുവരാനും കഴിയും.
അപ്പോളിനി പുതിയ കീബോര്‍ഡില്‍ അക്ഷരമെഴുതിയ പഠിക്കാം അല്ലേ?
പിന്‍കുറിപ്പു് : ഗ്നൂ ലിനക്സില്‍ നിലവില്‍ ഈ കീബോര്‍ഡ് ലഭ്യമല്ല. ആര്‍ക്കെങ്കിലും അങ്ങനെയൊരെണ്ണം ഉണ്ടാക്കാന്‍ താത്പര്യമുണ്ടെങ്കില്‍ അതിനാവശ്യമായ ട്യൂട്ടോറിയല്‍ ഇവിടെ ലഭ്യമാണു്. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് (എസ്എംസി) ഈ പ്രോജക്ട് നടത്തിപ്പിനായി വോളന്റിയര്‍മാരെ തേടിയിരുന്നു. എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ത്ഥികള്‍ക്കു് ചെയ്യാവുന്ന ലളിതമായതും എന്നാല്‍ ഉപയോഗമുള്ളതുമായ പ്രോജക്ട് ആവുമിതു്.
|
No comments:
Post a Comment