“ആരാണ് കമ്പ്യൂട്ടര്‍ കണ്ടുപിടിച്ചത് ?” .
നമ്മള്‍ ഒരുപാടു തവണ ചോദിക്കുകയും ഉത്തരം പറയുകയും ചെയ്തിട്ടുള്ള ഒരു ചോദ്യമാണിത്.
എന്നാല്‍ ഈ ചോദ്യത്തിന് ഒറ്റവാക്കില്‍ ഒരുത്തരം ഒരിക്കലും സാധ്യമല്ല. കാരണം, ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന ഒട്ടനവധി ചെറു ഘടകങ്ങള്‍ ചേരുന്ന അതി സങ്കീര്‍ണ്ണമായ ഒരു ഉപകരണമാണ് കമ്പ്യൂട്ടര്‍. ഇവയില്‍ ഓരോ ചെറു ഘടകങ്ങളും പല കാലഘട്ടങ്ങളിലായി പലരാല്‍ കണ്ടുപിടിക്കപ്പെട്ടവയാണ്.
ആദ്യത്തെ കമ്പ്യൂട്ടര്‍ ഏത് എന്ന ചോദ്യത്തിന് മനുഷ്യര്‍ എന്നുതന്നെ ഉത്തരം പറയാം. കപ്പല്‍ യാത്രകള്‍ക്കുള്ള യാത്രാ ടേബിളുകള്‍, ടൈഡ് ചാര്‍ട്ട്, ആസ്ട്രോണമിയില്‍ ഉപയോഗിക്കുന്നപ്ലാനറ്ററി പൊസിഷന്‍ ചാര്‍ട്ടുകള്‍ എന്നിവ തയാറാക്കുന്നതിനാവശ്യമുള്ള ഗണിതശാസ്ത്ര പ്രവര്‍ത്തികള്‍ ചെയ്തിരുന്നവര്‍ ആദ്യകാലങ്ങളില്‍ ‘കമ്പ്യൂട്ടര്‍’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. (കൂടുതലും സ്ത്രീകളായിരുന്നു ഇത്തരം ജോലികള്‍ ചെയ്യുവാന്‍ നിയോഗിക്കപ്പെട്ടിരുന്നത്). കൂടുതല്‍ അധ്വാനം ആവശ്യമായ ഗണിത ക്രിയകള്‍ ചെയ്തിരുന്ന ഇവരില്‍ നിന്നാണ് കമ്പ്യൂട്ടര്‍ എന്ന പേര് പിന്നീട് സാധാരണമായത്.
ഇത്തരം ജോലികളില്‍ ഗുണനം (Multiplication) പോലെയുള്ള ഒരു പ്രവര്‍ത്തി തന്നെ തുടര്‍ച്ചയായി ചെയ്യുക എന്നതായിരുന്നു ഈ ജോലിയില്‍ ഏർപ്പെട്ടിരുന്നവര്‍ അഭിമുഖീകരിച്ചിരുന്ന ഏറ്റവും വലിയ വെല്ലുവിളി. തുടര്‍ച്ചയായി ഒരു പ്രവര്‍ത്തിതന്നെ ചെയ്യുമ്പോഴുണ്ടാകുന്ന അലസത പലപ്പോഴും ചെയ്യുന്ന പ്രവര്‍ത്തിയുടെ വേഗത കുറയ്ക്കുവാനും തെറ്റുകള്‍ വരുത്തുവാനും കാരണമായി മാറി. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുവാന്‍ കഴിവുള്ള ഒരു ഉപകരണം കണ്ടുപിടിക്കാനുള്ള മനുഷ്യന്റെ ശ്രമത്തിന് ഇതിനാല്‍ തന്നെ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആദ്യകാല മെക്കാനിക്കല്‍ കമ്പ്യൂട്ടറുകളും പിന്നീട് വന്ന ഇലക്ടോണിക്ക് കമ്പ്യൂട്ടറുകളും പണ്ട് മനുഷ്യര്‍ ചെയ്തിരുന്ന തുടര്‍ച്ചയായ ഇത്തരം ജോലികള്‍ ചെയ്യുന്നതിനുള്ള ഒരു ബദലായി രൂപം കൊണ്ടവയാണ്.
മനുഷ്യര്‍ തന്നെ കമ്പ്യൂട്ടര്‍ ആയിരുന്ന കാലത്തെ ‘മനുഷ്യ കമ്പ്യൂട്ടറു’കളെ ഈ ചിത്രത്തില്‍ കാണാം.
ആദ്യകാലങ്ങളിൽ ഗണിത പ്രക്രിയകൾക്ക് മനുഷ്യനെ സഹായിച്ചിരുന്ന ഒരുപകരണമാണ് അബാക്കസ്. അബാക്കസിനെ കുറിച്ചുള്ള ഒരു തെറ്റായ ധാരണ അത് ചൈനക്കാർ കണ്ടുപിടിച്ചു എന്നതാണ്. യഥാർഥത്തിൽ പുരാതന ബാബിലോണിയയിലാണ് അബാക്കസിന്റെ ജനനം. ബി.സി 3000 വർഷത്തിൽ ബാബിലോണിയയിൽ ഉപയോഗിച്ചിരുന്ന ഒരു അബാക്കസാണ് ഇന്ന് ലഭ്യമായതിൽ ഏറ്റവും പഴയത്. കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളിലും പഠനാവശ്യങ്ങൾക്കുമായി ഇന്നും അബാക്കസ് ലോകമെമ്പാടും ഉപയോഗിച്ചുവരുന്നുണ്ട്. ഒരു കമ്പിമേൽ കൊരുത്തിട്ട മുത്തുമണികൾ കൊണ്ട് നിർമ്മിച്ച മോഡലുകളാണ് ഇന്ന് നമ്മൾ കാണാറുള്ള മിക്ക അബാക്കസുകളും. എന്നാൽ അബാക്കസിന്റെ പുരാതന മോഡലുകളിലൊന്ന് താഴെ കാണുന്ന ചിത്രത്തിൽ കാണാം. മരത്തിൽ കൊത്തിയ ചെറു ഓവുകളിൽ വെള്ളാരം കല്ലുകൾ നിരത്തിയാണ് ഇതിൽ ഗണിത ക്രിയകൾ നടത്തുന്നത്.
ആധുനിക അബാക്കസ് |
പുരാതന റോമന്‍ അബാക്കസ് |
1617 ൽ സ്കോട്ലൻഡുകാരനായ ജോൺ നേപ്പിയർ ലോഗരിതം കണ്ടുപിടിച്ചതോടയാണ് ഗുണന ക്രിയകൾ(Multiplication) കൂട്ടലുകൾ(Addition) വഴി നടത്തുവാനുള്ള ഒരു മാർഗം ലോകത്തിനു മുന്നിൽ തുറന്നു കിട്ടിയത്. അതോടെ ലോഗരിതമിക് ടേബിളുകൾ (Logrithamic Table) ഉപയോഗിച്ച് അനായാസമായി ആർക്കും ചെയ്യാവുന്ന രീതിയിലേക്ക് ഗണിത ക്രിയകൾ മാറുകയുണ്ടായി. ലോഗരിതം ടേബിളിനൊപ്പം നേപ്പിയർ തന്നെ നിർമ്മിച്ച നേപ്പിയർസ് ബോൺസ് (Napier’s Bones) എന്ന ഉപകരണം ഉപയോഗിച്ചും സമാന ഗണിത ക്രിയകൾ എളുപ്പത്തിൽ ചെയ്യുവാൻ സാധിക്കുമായിരുന്നു. (ലോഗരിതം ടേബിളിലെ വിവരങ്ങൾ ഒരു ഐവറി സ്റ്റിക്കിൽ കൊത്തിവെച്ച് നിർമ്മിച്ച ഒരു ഉപകരണമായിരുന്നു നേപ്പിയർസ് ബോൺസ്. താഴെ കാണുന്ന ചിത്രം നോക്കുക)
യഥാർത്ഥ നേപ്പിയർസ് ബോൺസ് |
നേപ്പിയറിന്റെ ഈ കണ്ടുപിടുത്തം മറ്റൊരു സുപ്രധാന കണ്ടുപിടുത്തത്തിനു വഴിതെളിച്ചു. 1632 ൽ പുറത്തുവന്ന, അഡിഷൻ,സബ്ട്രാക്ഷൻ,മൾടിപ്ലികേഷൻ,ഡിവിഷൻ,റൂട്ടുകൾ,ലോഗരിതം,ട്രിഗ്നോമെട്രി എന്നിവ എളുപ്പത്തിൽ ചെയ്യുവാൻ സഹായിക്കുന്ന സ്ലൈഡ് റൂൾ (Slide Rule) എന്ന ഉപകരണമായിരുന്നു അത്. 1960 കളിൽ നാസാ തങ്ങളുടെ മെർക്കുറി, ജെമനി, അപ്പോളോ സ്പേസ് പ്രോഗ്രാമുകളിൽ ഈ ഉപകരണം ഉപയോഗിച്ചിരുന്നു. ഇന്നും പല ശാസ്ത്ര സാങ്കേതിക മേഖലകളിലും സ്ലൈഡ് റൂൾ പല ആവശ്യങ്ങൾക്കായി ഉപയോഗിച്ചു വരുന്നു.
സ്ലൈഡ് റൂൾ |
ഗിയറുകളാൽ നിയന്ത്രിതമായ ഒരു കാൽകുലേറ്റിങ്ങ് മെഷീൻ ലിയനാർഡോ ഡാവിഞ്ചിയുടെ ഡിസൈനുകളിലൊന്നിൽ കാണാം. എന്നാൽ ഈ ഡിസൈൻ പ്രാവർത്തികമാക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല.
ലിയനാർഡോ ഡാവിഞ്ചിയുടെ ഡിസൈൻ |
കാൽകുലേറ്റിങ്ങ് ക്ലോക്ക് |
പാസ്കൽ നിർമ്മിച്ച 8 ഡിജിറ്റ് പാസ്കലൈൻ |
സ്റ്റെപ്പ്ഡ് റെക്കൊണർ |
ജാക്വാർഡ് ലൂം |
ബ്രിട്ടീഷ് ഗവണ്മെന്റിന്റെ അന്നേ വരെയുള്ള ചരിത്രത്തിലെ ഏറ്റവും ചിലവേറിയ ഒരു പദ്ധതിയായി ആയിരുന്നു അത്. ഡിഫറൻസ് എഞ്ചിന്റെ നിർമ്മാണം പലകാര്യങ്ങൾ കൊണ്ടും അത്യധികം സങ്കീർണ്ണതകൾ നിറഞ്ഞതായിരുന്നു. അന്നുണ്ടായിരുന്ന സാങ്കേതിക വിദ്യകൾ ബാബേജിന്റെ ഡിസൈനിലെ പല ഉപകരണങ്ങളും കൃത്യതയോടെ നിർമ്മിക്കുവാൻ ശേഷിയില്ലാത്തവയായിരുന്നു. പത്തു വർഷത്തെ കഠിന പ്രയത്നത്തിനുശേഷം എങ്ങുമെത്താതെ ആ പദ്ധതി അങ്ങനെ അവസാനിപ്പിക്കേണ്ടി വന്നു. പൂർണ്ണ തോതിൽ പ്രവർത്തന സജ്ജമാക്കാവുന്ന ഒരു മെക്കാനിക്കൽ കമ്പ്യൂട്ടർ ഡിസൈൻ ആയിരുന്നു ഡിഫറൻസ് എഞ്ചിന്റേത്. തലമുറകൾക്ക് മുന്നേ നടന്നവൻ എന്നൊരു വിശേഷണം കൂടി ചാൾസിനുണ്ടായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അദ്ദേഹം സാങ്കേതികമായി അവതരിപ്പിച്ചിരുന്ന പല ആശയങ്ങളും ഒന്നോ രണ്ടോ നൂറ്റാണ്ടുകൾക്കിപ്പുറം നാം കണ്ട പല പ്രതിഭകളും ചിന്തിച്ചിരുന്നതിനേക്കാൾവളരെ ഉയർന്ന തലത്തിൽ ആയിരുന്നു. അതിനാലായിരിക്കാം കമ്പ്യൂട്ടർ കണ്ടുപിടിച്ചതാര് എന്ന ചോദ്യത്തിനു പലപ്പോഴും ചാൾസ് ബാബേജ് എന്ന് ഉത്തരം നാം പറഞ്ഞുകേൾക്കാറുള്ളത്. ഡിഫറൻസ് എഞ്ചിന്റെ ഒരു ചെറിയ ഭാഗത്തിന്റെ ചിത്രം താഴെ കാണാം.
ഡിഫറീസ്എഞ്ചിന്റെ ഒരു ഭാഗം |
ഡിഫറീസ് എഞ്ചിന്റെ നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചതിനുശേഷം അതിനേക്കാൾ മികച്ച ഒരു കമ്പ്യൂട്ടിങ്ങ് യന്ത്രത്തിന്റെ പണിപ്പുരയിലായിരുന്നു ചാൾസ്. അനലറ്റിക്കൽ എഞ്ചിൻ എന്നു പേർ നൽകിയ ഈ മെഷീൻ ആറു നീരാവി യന്ത്രങ്ങളാൽ പ്രവർത്തിക്കുന്ന, ഒരു വലിയ മുറിയേക്കാൾ വലുപ്പമുള്ള പ്രോഗ്രാമിങ്ങ് ചെയ്യാവുന്ന ഒന്നായിരുന്നു. ജാക്വാർഡിന്റെ തറികളിൽ ഉപയോഗിച്ചിരുന്ന അതേ പഞ്ച് കാർഡ് സമ്പ്രദായമായിരുന്നു പ്രോഗ്രാമുകൾ തയാറാക്കുവാൻ ബാബേജ് തിരഞ്ഞെടുത്തത്.
ജാക്വാർഡിന്റെ പഞ്ച് കാർഡിൽ ഒരു സുഷിരം എന്നത് ഒരു കളർ നൂലിനു കടന്നു പോകുവാനോ പോകാതിരിക്കുവാനോ ഉള്ള ഒരു സൂചനയാണു. ജാക്വാർഡിനേക്കാൾ ഒരുപിടി കടന്ന് ചിന്തിച്ച ബാബേജ്, ഈ സുഷിരങ്ങളെ വിവരങ്ങൾ ശേഖരിച്ച് വെയ്ക്കുവാനുള്ള ഒരു മാർഗമായി അവലംബിച്ചു. കാൽക്കുലേറ്റ് ചെയ്ത് കണ്ടുപിടിച്ച വിവരങ്ങൾ ഇതുവഴി സൂക്ഷിച്ചുവെയ്ക്കാമെന്ന് അദ്ദേഹം മനസിലാക്കി. സ്റ്റോർ,മില്ല് എന്നീ രണ്ടു പ്രധാന ഘടകങ്ങളാണ് അനലറ്റിക്കൽ എഞ്ചിനിൽ ഉണ്ടായിരുന്നത്. സ്റ്റോർ എന്നത് കണ്ടുപിടിച്ച ഉത്തരങ്ങൾ സൂക്ഷിച്ചു വെയ്ക്കുവാനുള്ള സ്ഥലവും മിൽ എന്നത് യഥാർഥ ഗണിത ക്രിയകൾ നടത്തുന്ന സ്ഥലവും. ആധുനിക കമ്പ്യൂട്ടറുകളിൽ നാമിവയെ മെമ്മറി (memory) എന്നും സി.പി.യു (CPU) എന്നും വിളിക്കുന്നു.
സന്ദർഭത്തിനനുസരിച്ച് ഓരോ തവണ പ്രവർത്തിക്കുമ്പോഴും ഓരോ റിസൾട്ടുകൾ തരാൻ പ്രാപ്തമായ പ്രോഗ്രാ മിങ്ങ് സ്റ്റേറ്റ്മെന്റുകളാണ് കണ്ടീഷണൽ സ്റ്റേറ്റ്മെന്റുകൾ. അനലറ്റിക്കൽ എൻഞ്ചിനു സാധാരണ അതുവരെയുണ്ടായിരുന്ന കമ്പ്യൂട്ടിങ്ങ് മെഷീനുകളിൽ നിന്ന് ഉണ്ടായിരുന്ന പ്രധാന പ്രത്യേകത, ഇത്തരം കണ്ടീഷണൽ സ്റ്റേറ്റ്മെന്റുകളെ പ്രവർത്തിപ്പിക്കുവാൻ അവ പര്യാപ്തമായിരുന്നു എന്നതായിരുന്നു.
പ്രശസ്ത കവിയായിരുന്ന ലോർഡ് ബൈറോണിന്റെ മകളായിരുന്ന അഡ ബൈറോണുമായി ബാബേജ് തന്റെ അനലറ്റിക്കൽ എഞ്ചിൻ ഡിസൈൻ ഒരിക്കൽ ചർച്ച ചെയ്യുകയുണ്ടായി. ബാബേജിന്റെ ഡിസൈനിൽ വളരെയധികം ആകൃഷ്ടയായ അഡ, അനലറ്റിക്കൽ എഞ്ചിന്റെ കുറിച്ച് കുടുതൽ വിവരങ്ങൾ ബാബേജിൽ നിന്നും കത്തുകളിലൂടെയും കൂടിക്കാഴ്ചകളിലൂടെയും സ്വായത്തമാക്കി. വെറും പത്തൊൻപത് വയസും മാത്രം പ്രായമുണ്ടായിരുന്ന അഡ, അനലറ്റിക്കൽ എഞ്ചിനുവേണ്ടി പ്രോഗ്രാമുകൾ തയാറാക്കുക എന്ന ഭാരിച്ച ചുമതല സ്വമേധയാ ഏറ്റെടുക്കുകയും ഡിസൈൻ സ്റ്റേജിൽ മാത്രമായിരുന്ന ആ യന്ത്രത്തിനു വേണ്ടി പ്രോഗ്രാമുകൾ തയാറാക്കുകയും ചെയ്തു. നിർഭാഗ്യവശാൽ അനലറ്റിക്കൽ എഞ്ചിനും ലോകത്തിനു മുന്നിൽ പ്രാവർത്തികമാക്കി കാണിക്കുവാൻ ചാൾസ് ബാബേജിന് കഴിഞ്ഞില്ല. 30 വർഷങ്ങൾക്കു ശേഷമായിരുന്നു അദ്ദേഹത്തിന്റെ ഈ ഡിസൈൻ പുറം ലോകം അറിയുകയുണ്ടായത്. എങ്കിലും അന്ന് ആ ഉപകരണത്തിനായി പ്രോഗ്രാമിങ്ങ് നോട്ടുകൾ തയാറാക്കിയ അഡ, ലോകത്തിലെ ആദ്യത്തെ പ്രോഗ്രാമർ എന്ന പദവി സ്വന്തമാക്കി.അഡ തയാറാക്കിയ പ്രോഗ്രാമിങ്ങ് നോട്ടുകളിലായിരുന്നു ആദ്യമായി സബ്റൂട്ടീനുകൾ (Subroutine), ലൂപ്പിങ്ങ് (looping) എന്നീ ആശയങ്ങൾ അവതരിപ്പിക്കപ്പെട്ടത്.
കമ്പ്യൂട്ടർ എന്ന ആശയത്തിനു പിന്നീട് ഒരു തുടർച്ച ലഭിക്കുന്നത് അമേരിക്കയിലായിരുന്നു. അമേരിക്കൻ കോൺഗ്രസിൽ സ്റ്റേറ്റുകളുടെ പ്രാതിനിധ്യം മനസിലാക്കുവാനായി പത്തുവർഷത്തിലൊരിക്കൽ നടത്താറുള്ള സെൻസസ് പ്രക്രിയ 1870ൽ നടത്തിയത് വെറും ഒൻപത് മാസങ്ങൾ കൊണ്ടായിരുന്നു. എന്നാൽ ജനസംഖ്യയിലുണ്ടായ കടുത്ത വർദ്ധനവു മൂലം 1880 ൽ നടത്തിയ സെൻസസ് തീർക്കുവാനായി ഏകദേശം ഏഴര വർഷങ്ങൾ വേണ്ടി വന്നു.
വർദ്ധിച്ച മാനുഷിക അദ്ധ്വാനത്തിന്റെ ആവശ്യകത മുൻ കൂട്ടി മനസിലാക്കിയ അമേരിക്കൻ സെൻസസ് ബ്യൂറോ 1890 ലെ സെൻസസ് പ്രക്രിയ ഓട്ടോമേറ്റ് ചെയ്യുന്നതിനായി ഒരു ബദൽ സംവിധാനത്തെക്കുറിച്ച് ആലോചനയിലായി. സെൻസസ് ബ്യൂറോയെ സഹായിക്കുവാനായി തക്ക സംവിധാനങ്ങൾ കണ്ടുപിടിക്കുന്നവർക്കായി ഒരു പാരിതോഷികവും ഏർപ്പാടു ചെയ്തു. ഹെർമൻ ഹോളറിത്ത് എന്ന ജർമ്മൻ-അമേരിക്കൻ സ്റ്റാറ്റിസ്റ്റീഷ്യൻ ആയിരുന്നു ഈ മത്സരത്തിലെ വിജയി. ജാക്വാർഡിന്റെ തറികളിൽ ഉപയോഗിച്ചിരുന്ന പഞ്ച് കാർഡ് സിസ്റ്റത്തെ കമ്പ്യൂട്ടേഷൻ ജോലികൾ ചെയ്യുവാൻ തക്കവിധം പരിഷ്കരിച്ചെടുത്തതായിരുന്നു ഹെർമൻ ഹോളറിത്ത് വികസിപ്പിച്ചെടുത്ത ഹോളറിത്ത് ഡെസ്ക് എന്ന ഉപകരണം.
ഹെർമൻ ഹോളറിത്ത് |
ഹോളറിത്ത് ഡെസ്ക്ക് |
പഞ്ച് കാർഡുകളിലെ സുഷിരങ്ങൾ തിരിച്ചറിയുവാൻ കഴിയുന്ന ഒരു കാർഡ് റീഡറും ഒരു ഗിയർ നിയന്ത്രിത കൌണ്ടിങ്ങ് മെക്കാനിസവും, ഫലം പ്രദർശിപ്പിക്കുന്നതിനായി ഒരു മരപ്പലകയിൽ ഉറപ്പിച്ച ഒരു കൂട്ടം ഡയലുകളും ചേർന്നതായിരുന്നു ഹോളറിത്ത് ഡെസ്കിന്റെ രൂപകൽപ്പന.
ജാക്വാർഡിന്റെ പഞ്ച് കാർഡുകളിലെ ഒരു ന്യൂനത അതിലെ സുഷിരങ്ങൾ കാർഡ് നിർമ്മിക്കുമ്പോൾ തന്നെ ഇടുന്നവയാണ് എന്നതാണ്. നമുക്കതിനെ ഇന്നത്തെ ടെർമിനോളജിയിൽ ‘റീഡ് ഒൺലി‘ (Read Only) എന്ന് വിളിക്കാം.നിർമ്മാണ സമയത്തു തന്നെ സുഷിരങ്ങൾ ഇട്ട് വരുന്നതിനാൽ ഇത്തരം പഞ്ച് കാർഡുകളിലെ പാറ്റേണുകൾ ഒരു നിശ്ചിത സന്ദർഭത്തിനനുസരിച്ച് മാറ്റുക സാധ്യമല്ല എന്നർഥം. എന്നാൽ ഹോളറിത്തിലെ പ്രതിഭ ഈ കാർഡുകളെ എങ്ങനെ ‘റീഡ്/റൈറ്റ് (Read/Write)’ ആക്കി മാറ്റാം എന്ന ആലോചനയിൽ ആയിരുന്നു. (അതായത് കാർഡുകൾ നിർമ്മിക്കുമ്പോൾ തന്നെ സുഷിരങ്ങൾ നൽകുന്നതിനു പകരം ഓരോ സന്ദർഭത്തിനനുസരിച്ച് ഓരോ രീതിയിലുള്ള പാറ്റേണിൽ സുഷിരങ്ങൾ ഇടുവാൻ തക്ക രീതിയിലാക്കുക).
ഒരിക്കൽ ട്രെയിനിൽ സഞ്ചരിക്കുമ്പോൾ അന്നു നിലവിലുണ്ടായിരുന്ന ടിക്കറ്റിങ്ങ് സമ്പ്രദായം ഹോളറിത്ത് നിരീക്ഷിക്കുകയുണ്ടായി. ടിക്കറ്റിങ്ങ് ഇൻസ്പെക്ടർ അയാളുടെ കൈവശമുള്ള പഞ്ചിങ്ങ് മെഷീനിൽ ടിക്കറ്റെടുക്കുന്ന ആളിന്റെ ഉയരം, വണ്ണം, നിറം, കണ്ണിന്റെ നിറം എന്നിവ നിരീക്ഷിച്ചശേഷം അതിനനുസരിച്ച് ടിക്കറ്റിൽ ചില നിശ്ചിത സ്ഥലങ്ങളിൽ സുഷിരങ്ങൾ ഇടുകയായിരുന്നു പതിവ്. ഒരാൾക്ക് നൽകിയ ടിക്കറ്റ് മറ്റൊരാൾ കൈവശപ്പെടുത്തിയാലും അതു തിരിച്ചറിയുന്നതിനു വേണ്ടിയായിരുന്നു ഇത്.
ഈ രീതിയുടെ സാധ്യതകൾ മനസിലാക്കിയ ഹോളറിത്ത് തന്റെ യന്ത്രത്തിൽ ഇതെങ്ങനെ പ്രാവർത്തികമാക്കാമെന്ന് ചിന്തിച്ചു. ഓരോ തവണ പഞ്ച് കാർഡുകൾ റീഡ് ചെയ്തു ലഭിക്കുന്ന വിവരങ്ങളും അവയിൽ നടത്തുന്ന ഗണിതക്രിയകൾ വഴി ലഭിക്കുന്ന ഉത്തരങ്ങൾക്കും അനുസൃതമായി പുതിയ കാർഡുകൾ പഞ്ച് ചെയ്യുവാനുള്ള ഒരു സാങ്കേതിക വിദ്യ ഇതിലൂടെ ഹോളറിത്ത് വിഭാവനം ചെയ്തു. അതായത് ഒരു കാർഡ് നിർമ്മിക്കുമ്പോൾ തന്നെ അതിൽ സുഷിരങ്ങൾ പഞ്ച് ചെയ്യുന്നതിനു പകരമായി, ഓരോ സന്ദർഭത്തിനും അതുവരെയുള്ള ഗണിത ക്രിയകളുടെ ഉത്തരങ്ങൾക്കുമനുസരിച്ച് ആവശ്യമായ പാറ്റേണിൽ കാർഡുകൾ പഞ്ച് ചെയ്യുക എന്നതായിരുന്നു ഈ വിദ്യയുടെ കാതൽ. എന്നാൽ ഇതേ സാങ്കേതിക വിദ്യ തന്നെ ചാൾസ് ബാബേജ് തന്റെ അനലറ്റിക്കൽ എഞ്ചിനുവേണ്ടി വളരെ മുൻപുതന്നെ വിഭാവനം ചെയ്തിരുന്നു. എന്നാൽ ഇതിനെ കുറിച്ച് ഹോളറിത്ത് ബോധവാനായിരുന്നില്ല എന്നതാണ് രസകരമായ വസ്തുത.
ഹോളറിത്ത് ഡെസ്ക് എന്ന ഉപകരണം വൻ വിജയമായി മാറുകയും 1890 ൽ ഈ ഉപകരണത്തിന്റെ സഹായത്തോടെ മൂന്ന് വർഷങ്ങൾ കൊണ്ട് സെൻസസ് തീർക്കുവാനും അതുവഴി അഞ്ച് മില്യണോളം ഡോളർ ലാഭിക്കുവാനും അമേരിക്കൻ സെൻസസ് ബ്യൂറോക്ക് കഴിഞ്ഞു.
ഹോളറിത്ത് പിന്നീട് ടാബിലേറ്റിങ്ങ് മെഷീൻ കമ്പനി എന്ന ഒരു വ്യവസായശാല രൂപീകരിച്ച് ഹോളറിത്ത് ഡെസ്കുകൾ വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കുവാൻ ആരംഭിച്ചു. ഹെർമൻ ഹോളറിത്ത് ആരംഭിച്ച ഈ വ്യവസായ സംരഭമാണ് ഒട്ടേറേ കൈമാറ്റങ്ങൾക്ക് ശേഷം പിന്നീട് ഇന്റർനാഷണൽ ബിസിനസ് മെഷീൻസ് അധവാ ഐ.ബി.എം (IBM) എന്ന, കമ്പ്യൂട്ടർ രംഗത്തെ അതികായനായി വളർന്നത്.
ഐ.ബി.എം എന്നത് കമ്പ്യൂട്ടർ രംഗത്ത് ഒഴിച്ചുകൂടാനാവാത്ത ഒരു നാമമായി മാറി. ഐ.ബി.എമ്മിന്റെ ദ്രുതഗതിയിലുള്ള വളർച്ചയോടെ പഞ്ച് കാർഡുകൾ അമേരിക്കൻ ജീവിതത്തിന്റെ നാനാ മേഖലകളിലും സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ഉദാഹരണത്തിന് ഇലക്ടിസിറ്റി,ഗ്യാസ്,വെള്ളം എന്നിവയുടെ ബില്ലുകൾ പഞ്ച് കാർഡുകൾ മുഖാന്തിരം ഓട്ടോമേറ്റ് ചെയ്യപ്പെട്ടു. ഹൈവേ ടോൾ ഗേറ്റുകളിൽ കരം പിരിക്കുന്നതിനായി പഞ്ച് കാർഡ് സംവിധാനങ്ങൾ അവതരിപ്പിച്ചു. ഇലക്ഷൻ ബാലറ്റ് പേപ്പറുകൾ പഞ്ച് കാർഡിനു വഴിമാറി, അമേരിക്കൻ ഫെഡറൽ ഏജൻസി വഴി നൽകിയിരുന്ന സോഷ്യൽ സെക്യൂരിറ്റി ചെക്കുകൾ ഉൾപ്പെടെയുള്ള എല്ലാ സാമ്പത്തിക ഇടപാടുകളിലും പഞ്ച് കാർഡ് സംവിധാനങ്ങൾ അവതരിപ്പിക്കപ്പെട്ടു.
1847 ല്‍ ബ്രിട്ടീഷ് ഗണിതശാസ്ത്രജ്ഞനായ ജോര്‍ജ് ബൂല്‍ (George Bool) , ബൂളിയന്‍ ആര്‍ജിബ്ര എന്ന ഗണിത ശാസ്ത്രത്തിലെ ഒരു പുതിയ ശാഖയ്ക്ക് രൂപം നൽകിയിരുന്നു. വിപ്ലവകരമായ ഒരു കണ്ടുപിടുത്തമായിരുന്നിട്ടു കൂടി ബൂളിയന്‍ ആര്‍ജിബ്രയ്ക്ക് ആ കാലഘട്ടത്തില്‍ വേണ്ടത്ര അംഗീകാരമോ പ്രശസ്തിയോ കിട്ടിയിരുന്നില്ല. പിന്നീട് നൂറു വര്‍ഷങ്ങള്‍ക്കിപ്പുറം 1938 ല്‍ ക്ലോഡ് ഷാനോന്‍ (Claude Shannon) എന്ന എന്‍ഞ്ചിനിയര്‍ ബൂളിയന്‍ ആര്‍ജിബ്രയുടെ പ്രാധാന്യം മനസിലാക്കുകയും രണ്ട് സ്റ്റേറ്റുകള്‍ (two-state) മാത്രമുള്ള ഇലക്ട്രിക്ക് സര്‍ക്യൂട്ടുകളില്‍ ഇതിനെ ഫലവത്തായി എങ്ങനെ ഉപയോഗിക്കാം എന്നതിനെ കുറിച്ച് ഗവേഷണം നടത്തുകയും ചെയ്തു.
ജോര്‍ജ്ജ് ബൂല്‍ |
ക്ലോഡ് ഷനോന്‍ |
ബൂളിയൻ ആൾജിബ്രയെ അടിസ്ഥാനമാക്കി അദ്ദേഹം നടത്തിയ തുടർ ഗവേഷണങ്ങളാണ് പിൽക്കാലത്ത് ആധുനിക ഡിജിറ്റൽ സർക്യൂട്ട് ഡിസൈനിങ്ങിനും ഡിജിറ്റൽ ഇലക്ട്രോണിക്സിനും ആധാരമായിത്തീർന്നത്.
1939 ൽ ജർമനിയുടെ പോളണ്ട് അധിനിവേശത്തോടെ രണ്ടാം ലോക മഹായുദ്ധത്തിനു തുടക്കമായി. കമ്പ്യൂട്ടർ ചരിത്രത്തിലെ സുവർണ്ണ ഏടുകൾ എന്നറിയപ്പെടുന്ന പല കണ്ടുപിടുത്തങ്ങൾക്കും നിമിത്തമായി മാറിയത് ഈ ലോക മഹായുദ്ധമായിരുന്നു.
1939 ൽ ബെൽ ടെലിഫോൺ ലബോറട്ടറീസ് കോംപ്ലക്സ് നമ്പർ കാൽകുലേറ്റർ (CNC) എന്ന ഗണിതക്രിയാ യന്തം വികസിപ്പിച്ചു. ജോർജ് സ്റ്റിബിറ്റ്സ് (George Stibitz) എന്ന ഗണിതശാസ്ത്രജ്ഞൻ ആയിരുന്നു ഇതിന്റെ ഉപജ്ഞാതാവ്. 1940 ൽ നടന്ന അമേരിക്കൻ മാത്തമാറ്റിക്കൽ സൊസൈറ്റി കോൺഫറൻസിൽ ആദ്യമായി CNC പ്രദർശിപ്പിക്കപ്പെട്ടു. പ്രത്യേകമായി തയാറാക്കിയ ഒരു ടെലിഫോൺ ലൈനിലൂടെ ടെലിടൈപ്പ് എന്ന സംവിധാനത്തിന്റെ സഹായത്താൽ ന്യൂയോർക്ക് സിറ്റിയിൽ സ്ഥിതിചെയ്തിരുന്ന ഒരു CNC മെഷീനിൽ ഗണിതക്രിയകൾ വിദൂര നിയന്ത്രിതമായി നടത്തിക്കൊണ്ട് കോൺഫറൻസിൽ പങ്കെടുത്തവരെ മൊത്തം ജോർജ് സ്റ്റിബിറ്റ്സ് അമ്പരപ്പിച്ചു. കമ്പ്യൂട്ടർ ചരിത്രത്തിലെ ആദ്യത്തെ റിമോട്ട് ആക്സസ് കമ്പ്യൂട്ടിങ്ങ് ആയിരുന്നു ഇത്.
ജോര്‍ജ്ജ് സ്റ്റിബിറ്റ്സ് |
കോംപ്ലക്സ് നമ്പർ കാല്‍കുലേറ്റര്‍ |
ലോക മഹായുദ്ധത്തിനിടയിലെ കഠിനമായ സാമ്പത്തിക നിയന്ത്രണങ്ങൾക്കും പാശ്ചാത്യ ശക്തികളുടെ ശക്തമായ ഉപരോധങ്ങൾക്കും നടുവിൽ ജർമ്മൻ കമ്പ്യൂട്ടർ ജീനിയസ് കോൺറാഡ് സുസ് (Konrad Zuse) ന്റെ നേത്രത്വത്തിൽ, സമ്പൂർണ്ണ ഓട്ടോമാറ്റിക്ക് ആയ, പ്രോഗ്രാമിങ്ങ് സംവിധാനങ്ങളുള്ള, ലോകത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ എന്ന പദവിക്ക് അർഹമായ Z3 കമ്പ്യൂട്ടർ 1941 ൽ പൂർത്തിയായി. രണ്ടായിരത്തിലധികം റിലേകൾ ഉപയോഗിച്ചായിരുന്നു Z3 യുടെ നിർമ്മാണം.സാമ്പത്തിക നിയന്ത്രണങ്ങൾ നിമിത്തം പഴയ ടെലിഫോൺ സ്പെയറുകളും, വിമാന നിർമ്മാണത്തിനുപയോഗിക്കുന്ന ഇലക്ട്രിക്ക് റിലേകളും മറ്റുമാണ് Z3 യുടെ നിർമ്മാണത്തിൽ ഉപയോഗിച്ചത്. ബൈനറി ഫ്ലോട്ടിങ്ങ് പോയിന്റ് അരിത്തമാറ്റിക്ക് വിദ്യയിലാണ് Z3 യിൽ കമ്പ്യൂട്ടേഷനുകൾ നടത്തിയിരുന്നത്. 5-10 Hz ക്ലോക്ക് ഫ്രീക്വൻസിയും 22 ബിറ്റ് വേർഡ് ലെങ്ത്തും പഞ്ച് ഫിലിം സ്റ്റോറേജ് സംവിധാനവുമായിരുന്നു Z3 യുടെ എടുത്തു പറയേണ്ട പ്രത്യേകതകൾ. രണ്ടാം ലോക മഹായുദ്ധത്തിനിടയിൽ 1943 ൽ നടന്ന ബെർലിൻ ബോംബാക്രമണത്തിൽ Z3 യുടെ ആദ്യ പകർപ്പ് നശിപ്പിക്കപ്പെട്ടു. പിന്നീട് 1961 ൽ Z3യുടെ നിർമ്മാതാക്കളായ സൂസെ കെജി (Zuse KG) Z3 വീണ്ടും പുനർ സൃഷ്ടിച്ചു. ആ പകർപ്പ് ഇപ്പോഴും മ്യൂണിക്കിലെ ഡെച്ച മ്യൂസിയത്തിൽ പ്രദർശനത്തിലുണ്ട്.
കോൺറാഡ് സുസ് |
Z3കമ്പ്യൂട്ടർ |
ഏതാണ്ട് ഇതേ കാലഘട്ടത്തിൽ (1939-1942) തന്നെ അയോവ സ്റ്റേറ്റ് കോളേജിലെ പ്രോഫസർ ആയിരുന്ന ജോൺ വിൻസെന്റ് ആറ്റനസോഫും (Jonh Vincent Atanasoff) അദ്ദേഹത്തിന്റെ വിദ്യാർഥിയായിരുന്ന ക്ലിഫ് ബെറിയും (Cliff Berry) ചേർന്ന് ആറ്റനസോഫ്-ബെറി കമ്പ്യൂട്ടർ (ABC) വികസിപ്പിച്ചു. എന്നാൽ ഈ പദ്ധതി ഒരു സംപൂർണ്ണ വിജയമായിരുന്നില്ല. 1942 ൽ പ്രവർത്തന സജ്ജമായിരുന്നെങ്കിലും 1960 കൾ വരെ ഇതിനെ കുറിച്ച് പുറം ലോകം അധികമൊന്നും അറിഞ്ഞിരുന്നില്ല. പിന്നീട് പ്രശസ്തമായ എനിയാക്ക് (ENIAC) ഡിസൈനർമാരിൽ ഒരാളായിരുന്ന ജോൺ മൌഷ്ലി ABC യുടെ ഡിസൈൻ കൺസെപ്റ്റ് മോഷ്ടിച്ചു എന്ന പരാതിയിന്മേൽ അമേരിക്കൻ പേറ്റന്റ്സ് അസോസിയേഷൻ ആറ്റൻസോഫിന് അനുകൂലമായ വിധി പ്രഖ്യാപിക്കുകയുണ്ടായി.
ജോൺ വിൻസെന്റ് ആറ്റനസോഫ് |
ആറ്റനസോഫ്-ബെറി കമ്പ്യൂട്ടർ (ABC) |
പ്രധാന സൈനിക സന്ദേശങ്ങൾ രഹസ്യരൂപത്തിലേയ്ക്ക് (ciphering) മാറ്റുവാനായി രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി ജർമനി ഉപയോഗിച്ചിരുന്ന ഇലക്ട്രോ-മെക്കാനിക്കൽ മെഷീനാണ് എനിഗ്മ. ഒരു ടെലി പ്രിന്ററിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഈ ഉപകരണം സന്ദേശങ്ങളെ ഒരു നിശ്ചിത കോഡഡ് രൂപത്തിലേക്ക് മാറ്റുകയും ടെലിപ്രിന്റർ ഈ സന്ദേശത്തെ ദൂരെയുള്ള യുദ്ധഭൂമിയിലെ സേനാ ക്യാമ്പുകളിലേയ്ക്ക് നിർദ്ദേശങ്ങളായി അയക്കുകയും ചെയ്യും. ഈ സന്ദേശങ്ങൾ ലഭിക്കുന്ന ക്യാമ്പിലെ ടെലിപ്രിന്ററുകൾ എനിഗ്മയുടെ സഹായത്താൽ വീണ്ടും സന്ദേശത്തെ ഡീകോഡ് ചെയ്യുകയും യഥാർഥ രൂപത്തിലേക്ക് മാറ്റി പ്രിന്റ് ചെയ്യുകയും ചെയ്യും. യുദ്ധത്തിലെ നിർണ്ണായക ഘട്ടങ്ങളിൽ തന്ത്രപരമായ മുൻതൂക്കം ലഭിക്കുന്നതിനായി ഇത്തരം രഹസ്യ സന്ദേശങ്ങൾ ഡീകോഡ് (Decode) ചെയ്യേണ്ടത് എതിർ ചേരിയിലുള്ള രാജ്യങ്ങൾക്ക് അത്യാവശ്യമായിരുന്നു. മരിയൻ രജേവ്സ്കി (Marian Rejewski) എന്ന ശാസ്ത്രജ്ഞന്റെ നേത്രത്വത്തിൽ പോളണ്ട് ആയിരുന്നു ആദ്യമായി ജർമ്മൻ എനിഗ്മ എൻകോഡഡ് സന്ദേശങ്ങളെ തകർക്കുന്നതിനായി ‘ബോംബാ’ എന്ന് പേരു നൽകിയ ഒരു കമ്പ്യൂട്ടർ വികസിപ്പിച്ചത് . എനിഗ്മയുടെ രഹസ്യ സന്ദേശങ്ങൾ ഡീകോഡ് ചെയ്യുന്നതിൽ ബോംബാ വിജയിച്ചുവെങ്കിലും ഇവയുടെ നിർമാണവും പ്രവർത്തനവും വളരെയധികം സങ്കീർണ്ണതകൾ നിറഞ്ഞതായിരുന്നു.
എനിഗ്മ |
1939ൽ ബ്രിട്ടീഷ് ഇന്റലിജൻസ് ഏജൻസി “അൾട്രാ” എന്ന പേരിൽ ലണ്ടനിലെ ബ്ലച്ച്ലി പാർക്കിൽ (പിന്നീടിത് സ്റ്റേഷൻ X എന്ന പേരിൽ അറിയപ്പെട്ടു) ഒരു കോഡ് & സൈഫർ സ്കൂളിനു രൂപം നൽകി. ഗണിത ശാസ്ത്രജ്ഞർ, കമ്പ്യൂട്ടർ വിദഗ്ധർ, ക്രോസ് വേഡ് എക്സ്പെർട്സ്, ചെസ്സ് ചാമ്പ്യന്മാർ എന്നിങ്ങനെ നാനാതുറകളിൽ നിന്നുള്ള വിദഗ്ധരുടെ ഒരു സംഘമായിരുന്നു ഈ സ്കൂളിൽ പ്രവർത്തിച്ചിരുന്നത്. ആധുനിക കമ്പ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്ന അലൻ ടൂറിങ്ങും(Alan Turing) ഈ സംഘത്തിൽ ഉൾപ്പെട്ടിരുന്നു. എനിഗ്മ മെഷീൻ സന്ദേശങ്ങളെ ഫലവത്തായി ഡീകോഡ് ചെയ്യുന്നതിനുള്ള ഒരു മാർഗം ആരായുന്നതിനായാണ് അൾട്രാ എന്ന ഈ സംരഭം തുടങ്ങിയത്. തുടർന്ന് ടൂറിങ്ങും ഗണിതശാസ്ത്രജ്ഞനായ ഗോർഡൻ വെത്സ്മാനും (Gordon Welchman) ചേർന്ന് രജോവ്സ്കിയുടെ ബോംബായുടെ ഡിസൈൻ ചുവടുപിടിച്ച് “ബോംബീ” എന്ന പേരിൽ ഒരു പുതിയ ഇലക്ട്രോ-മെക്കാനിക്കൽ മെഷീൻ വികസിപ്പിച്ചു. ബോംബായെ അപേക്ഷിച്ച് ബോംബീ മികച്ച പ്രവർത്തന നിലവാരം പുലർത്തുകയും ജർമ്മൻ എനിഗ്മ സന്ദേശങ്ങൾ വളരെ വിജയകരമായി ഡീകോഡ് ചെയ്യുകയും ചെയ്തു.
അലന്‍ ടൂറിങ്ങ് |
ബോംബീ |
എന്നാൽ യുദ്ധഭൂമിയിലുള്ള താവളങ്ങളിലേയ്ക്ക് രഹസ്യ സന്ദേശങ്ങൾ അയക്കുവാൻ മാത്രമായിരുന്നു എനിഗ്മ മെഷീനുകൾ ഉപയോഗിച്ചിരുന്നത്. ജർമ്മൻ ഉന്നത തല ഉദ്ദ്യോഗസ്ഥരുടെ വളരെ രഹസ്യമായ ആശയവിനിമയങ്ങൾ എല്ലാം തന്നെ സുരക്ഷിതമായി കൈമാറുവാൻ Lorenz SZ40, SZ42 എന്നീ കുറേക്കൂടി ശക്തിമത്തായ, സുരക്ഷിതമായ സൈഫറിങ്ങ് മെഷീനുകളാണ് ജർമ്മനി ഉപയോഗിച്ച് വന്നിരുന്നത്. സഖ്യകക്ഷികൾക്കിടയിൽ ഈ മെഷീൻ “ഫിഷ് (Fish)” എന്നും ഇതിലൂടെ അയക്കുന്ന സന്ദേശങ്ങൾ “ടണ്ണി (Tunny)” എന്നുമാണ് അറിയപ്പെട്ടിരുന്നത്.
ലോറൻസ് SZ40 |
ടോമി ഫ്ലവേഴ്സ് |
കോളോസസ് മാർക്ക്-II |
1994 ൽ ടോണി സെയിൽസ്പുനർനിർമ്മിച്ച കോളാസസ് |
1944 ൽ ഹാർവാർഡ് സർവകലാശാലയും ഐ.ബി.എമും സംയുക്തമായി വികസിപ്പിച്ചെടുത്ത കമ്പ്യൂട്ടർ ഹാർവാർഡ് മാക്ക്-1 പുറത്തിറങ്ങി. ഭൌതിക ശാസ്ത്രജ്ഞനായ ഹൊവാർഡ് .എച്ച്. ഐകിൻ (Howard H Aiken) ആയിരുന്നു ഈ പ്രൊജക്ടിന്റെ തലവൻ. അമേരിക്കയിൽ നിർമ്മിച്ച ആദ്യത്തെ വിജയകരമായ പ്രോഗ്രാമ്മബിൾ ഡിജിറ്റൽ കമ്പ്യൂട്ടറായിരുന്നു മാർക്ക്-1.എന്നാൽ ഇതൊരു സമ്പൂർണ്ണ ഇലക്ട്രോണിക്ക് കമ്പ്യൂട്ടർ ആയിരുന്നില്ല.
ഹൊവാർഡ് .എച്ച്. ഐകിൻ |
ഹാർവാർഡ് മാക്ക്-1 |
സ്വിച്ചുകൾ, ഷാഫ്റ്റുകൾ, ക്ലച്ചുകൾ, റിലേകൾ തുടങ്ങിയ മെക്കാനിക്കൽ പാർട്സുകൾ കൂടി ഉൾപ്പെട്ടിരുന്ന ഒരു ഇലക്ട്രോ-മെക്കാനിക്കൽ കമ്പ്യൂട്ടർ വിഭാഗത്തിലുള്ള ഒന്നായിരുന്നു മാർക്ക്-1 . അഞ്ച് ഹോഴ്സ് പവർ ഇലക്ട്രിക്ക് മോട്ടറിനാൽ പ്രവർത്തിക്കുന്ന, അഞ്ചു ടണ്ണോളം ഭാരവും, അൻപതടിയോളം നീളവും, എട്ടടി ഉയരവുമുള്ള ഒരു ഭീമാകര യന്ത്രമായിരുന്നു മാർക്ക്-1. എട്ടു ലക്ഷത്തിനടുത്ത് സ്പെയർ പാർട്സുകൾ, മൂവായിരത്തി അഞ്ഞൂറോളം റിലേകൾ, രണ്ടു ലക്ഷത്തിനടുത്ത് കണക്ഷനുകൾ, അഞ്ഞൂറു മൈൽ നീളത്തിലുള്ള വയറുകൾ എന്നിവ ഈ കമ്പ്യൂട്ടറിൽ ഉപയോഗിച്ചിരുന്നു.
23 ഡിജിറ്റ് വരെയുള്ള നമ്പറുകൾ കൈകാര്യം ചെയ്യുവാൻ മാർക്ക്-1 നു ശേഷിയുണ്ടായിരുന്നു. അഡിഷൻ,സബ്ട്രാക്ഷൻ എന്നിവ ഒരു സെക്കന്റിന്റെ മൂന്നിലൊന്ന് സമയത്തിലും, മൾട്ടിപ്ലിക്കേഷൻ നാലു സെക്കൻഡിലും, ഡിവിഷനുകൾ പത്തു സെക്കന്റുകളിലും ചെയ്യാൻ മാർക്ക്-1 നു കഴിഞ്ഞിരുന്നു. ഇത്ര ഭിമാകാരമായ, വലിപ്പമേറിയ ഒന്നായിരുന്നിട്ടും കേവലം 72 നമ്പറുകൾ മെമ്മറിയിൽ സൂക്ഷിച്ചുവെയ്ക്കുവാനുള്ള ശേഷിയേ മാർക്ക്-1 നു ഉണ്ടായിരുന്നുള്ളൂ. ഒന്നാലോചിക്കുക ഇന്ന് നാം ഉപയോഗിക്കുന്ന പെഴ്സണൽ കമ്പ്യൂട്ടറുകൾക്ക് ഒരു ബില്യണിലധികം നമ്പറുകൾ റാം (RAM) മെമ്മറിയിലും അൻപത് ബില്യണിലധികം നമ്പരുകൾ ഹാർഡ് ഡിസ്കിലുമായി സൂക്ഷിച്ചു വെയ്ക്കാം !!. മെക്കാനിക്കൽ പാർട്സുകളുടെ ആധിക്യം മാർക്ക്-1ന്റെ കുറഞ്ഞ വേഗത്യ്ക്ക് പ്രധാന കാരണമായിരുന്നു. ഇന്നുള്ള കമ്പ്യൂട്ടറുകളുടെ വേഗതയും സംഭരണ ശേഷിയുമായി താരതമ്യം സാധ്യമല്ലെങ്കിലും അമേരിക്കൻ സർവകലാശാലകൾക്കും ഗവണ്മെന്റ് സ്ഥാപങ്ങൾക്കും മിലിട്ടറിക്കും മാത്രം പ്രാപ്യമായ, അക്കാലത്ത് ലഭ്യമായിരുന്ന ഏറ്റവും വേഗതയേറിയതും സംഭരണ ശേഷി കൂടിയതുമായ കമ്പ്യൂട്ടർ സിസ്റ്റമായിരുന്നു മാർക്ക്-1.
അതുവരെ നിലവിലിരുന്ന പഞ്ച് കാർഡ് സിസ്റ്റങ്ങൾക്ക് പകരമായി ആദ്യമായി പേപ്പർ ടേപ്പുകൾ ഉപയോഗിച്ച് തുടങ്ങിയത് മാർക്ക്-1 ൽ ആയിരുന്നു. മാർക്ക്-1 ന്റെ ആദ്യകാല പ്രോഗ്രാമർമാരിൽ ഒരാളായിരുന്ന വനിതയായ ഗ്രേസ് ഹോപ്പർ ആണ് കമ്പ്യൂട്ടറുകളിലെ ആദ്യ ‘ബഗ്’ കണ്ടുപിടിച്ചത്. തന്റെ ദൈനം ദിന സുരക്ഷാ പരിശോധനയ്ക്കിടയിൽ, ടേപ്പ് റീഡറിന്റെ ഹെഡർ റിലേകളിലൊന്നിൽ കുടുങ്ങിയ നിലയിൽ ഗ്രേസ് ഹോപ്പർ കണ്ടെത്തിയ ഒരു പ്രാണിയാണ് പിന്നീട് കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ് ലോകത്ത് ‘ഡീബഗ്ഗിങ്ങ്’ എന്ന വാക്കിനു കാരണമായി തീർന്നത്. (ഒരു പ്രോഗ്രാമിലെ പിഴവുകൾ കണ്ടെത്തി അതിനെ നീക്കം ചെയ്യുന്നതിനെയാണ് ഡീബഗ്ഗിങ്ങ് എന്ന് പറയുന്നത്) .
ഗ്രേസ് ഹോപ്പർ |
ഇതേ സമയത്തു തന്നെ അമേരിക്കൻ മിലിട്ടറി, മറ്റൊരു മേഖലയിൽ കമ്പ്യൂട്ടറുകളുടെ ആവശ്യകത പരിശോധിച്ചുവരികയായിരുന്നു. യുദ്ധക്കപ്പലുകളിൽ നിന്ന് വിക്ഷേപിക്കുന്ന ബോംബ് ഷെല്ലുകളുടെ യാത്രാ പാത മുൻ കൂട്ടി കണക്കുകൂട്ടുന്ന പ്രവർത്തികൾ മനുഷ്യ കമ്പ്യൂട്ടറുകളാണ് നടത്തിയിരുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ആവശ്യമായ സാങ്കേതിക സഹായങ്ങൾക്ക് വലിയൊരു കൂട്ടം ഭൌതിക ശാസ്ത്രജ്ഞരുടെ സഹായമാണ് അമേരിക്കൻ സേനയ്ക്ക് ലഭിച്ചത്. ഈ ശാസ്ത്രജ്ഞരുടെ സഹായത്താൽ ബോംബ് ഷെല്ലുകളുടെ ഭാരം, അന്തരീക്ഷത്തിൽ അവയ്ക്ക് നേരിടേണ്ടി വരുന്ന ഘർഷണം, കാറ്റിന്റെ ഗതി തുടങ്ങിയ ഒട്ടനവധി ഘടകങ്ങൾ മുൻകൂട്ടി മനസിലാക്കിയ ശേഷമേ വിക്ഷേപണങ്ങൾ നടത്തുവാൻ സാധ്യമായിരുന്നുള്ളൂ. ഈ കണക്കുകൂട്ടലുകൾ കൂടുതലും മനുഷ്യർ തന്നെ നടത്തുകയും ഇത്തരം സന്ദർഭങ്ങളിലെ ഉപയോഗങ്ങൾക്കായി “ബാലിസ്റ്റിക്ക് ഫയറിങ്ങ് ടേബിൾ” എന്ന ടേബിളുകൾ അവർ നിർമ്മിക്കുകയും ചെയ്തു. എന്നാൽ അത്യധികം മാനുഷിക അധ്വാനം ആവശ്യമായിരുന്ന ഒരു പ്രക്രിയയായിരുന്നു ഇത്. ലോക മഹാ യുദ്ധത്തിൽ ഏർപ്പെട്ടിരുന്ന രാജ്യത്തിന് മേൽപ്പറഞ്ഞ കണക്കുകൂട്ടലുകൾ വളരെ ക്രിത്യതയോടെയും വേഗതയോടെയും ചെയ്യുന്ന ഒരു സംവിധാനം ആവശ്യമായിരുന്നു. ഈ പ്രശ്നത്തിന് പരിഹാരമാർഗ്ഗം തേടി അമേരിക്കൻ ഗവൺമെന്റ് യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയായിലെ പ്രോഫസർമാരായിരുന്ന ജോൺ മൌഷ്ലിയേയും (John Maushly) ജെ.പ്രെസ്പർ എക്കർട്ട് (J. Presper Eckert) നേയും സമീപിച്ചു. ഇതിനെ തുടർന്ന് ഇരുവരുടേയും നേത്രത്വത്തിൽ വികസിപ്പിച്ച ജനറൽ പർപ്പസ് ഇലക്ടോണിക്ക് കമ്പ്യൂട്ടറാണ് എനിയാക്ക് (ENIAC – Electrical Numerical Integrator and Calculator) .
എനിയാക് (ENIAC - Electrical Numerical Integrator and Calculator)
ജോണ്‍ മൌഷ്ലി ചീഫ് കണ്‍സള്‍ട്ടന്റും പ്രെസ്പര്‍ ചീഫ് എഞ്ചിനിയറും ആയി ‘പ്രൊജക്ട് - എക്സ്‘ (Project-X) എന്ന കോഡ് നാമത്തില്‍ 1943 ല്‍ എനിയാകിന്റെ ഡിസൈനിങ്ങ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഡിസൈന്‍ ജോലികള്‍ക്കായി ഏകദേശം ഒരു വര്‍ഷവും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 18 മാസവും വേണ്ടി വന്നു.
അഞ്ചു ലക്ഷം ഡോളറാണ് ഈ പ്രൊജക്ടിനായി അമേരിക്കന്‍ മിലിട്ടറി നീക്കിവെച്ചത്. എന്നാല്‍ പ്രാഥമിക ലക്ഷ്യമായിരുന്ന ബാലിസ്റ്റിക്ക് ഫയറിങ്ങ് ടേബിള്‍ കാല്‍ക്കുലേഷനു വേണ്ടി എനിയാക് ഉപയോഗിക്കുകയുണ്ടായില്ല. 1946 ല്‍ പണിപൂര്‍ത്തിയാകുമ്പോഴേയ്ക്കും രണ്ടാം ലോക മഹായുദ്ധം അവസാനിച്ചിരുന്നു. പിന്നീട് മാരകമായ ഹൈഡ്രജന്‍ ബോബിന്റെ ഡിസൈന്‍ / നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും റാന്‍ഡം നമ്പറുകളെ കുറിച്ചും, വിന്‍ഡ് ടണല്‍ ഡിസൈന്‍ പോലെയുള്ള ഗവേഷണ വിഷയങ്ങള്‍ക്കും വേണ്ടിയാണ് എനിയാക് ഉപയോഗിക്കപ്പെട്ടത്.
എനിയാക് (ENIAC) |
ആദ്യത്തെ ഇലക്ട്രോണിക്ക് ഡിജിറ്റല്‍ കമ്പ്യൂട്ടര്‍ എനിയാക് ആണെന്നാണ് കണക്കാക്കപ്പെടുന്നത്. അന്നു വരെ നിലവിലിരുന്ന കമ്പ്യൂട്ടറുകള്‍ ഒരു പ്രത്യേക തരം ജോലി ചെയ്യുവാനായി മാത്രം നിര്‍മ്മിക്കപ്പെട്ടവയായിരുന്നുവെങ്കില്‍ റീ-പ്രോഗ്രാമിങ്ങിലൂടെ ഏതു തരം ജോലി ചെയ്യുവാനും പ്രാപ്തമായ ഒരു ജനറല്‍ പര്‍പ്പസ് കമ്പ്യൂട്ടര്‍ ആയിരുന്നു എനിയാക്. കമ്പ്യൂട്ടിങ്ങ് പവറില്‍ മാത്രമല്ല രൂപത്തിലും ഭാവത്തിലും എനിയാക്ക് അന്നുള്ള മറ്റ് കമ്പ്യൂട്ടറുകളേക്കാള്‍ വളരെ വ്യത്യസ്തമായിരുന്നു. എനിയാക്കിന്റെ ചില വിവരങ്ങള്‍ താഴെ :
നീളം - 25 മീറ്റര്‍
വീതി - 2.5 മീറ്റര്‍
ഉയരം - 1 മീറ്റര്‍
ഭാരം - 27 ടണ്‍
റിലേകള്‍ - 1,500
വാക്വം ട്യൂബുകള്‍ - 17,500
ഡയോഡുകള്‍ - 7,200
റെസിസ്റ്ററുകള്‍ - 70,000
സ്വിച്ചുകള്‍ - 6,000
കപ്പാസിറ്ററുകള്‍ - 10,000
പവര്‍ ഉപയോഗം - 150 കിലോ വാട്ട് (KW) (ഇന്ന് ഈ പവര്‍ ഉപയോഗിച്ച് 600 പെഴ്സണല്‍ കമ്പ്യൂട്ടറുകളോ 1000 ടെലിവിഷന്‍ സെറ്റുകളോ പ്രവര്‍ത്തിപ്പിക്കാം !)
ഇന്‍പുട്ട് ഡിവൈസ് - ഐ.ബി.എം കാര്‍ഡ് റീഡര്‍
ഔട്ട്പുട്ട് ഡിവൈസ് - ഐ.ബി.എം. പഞ്ച് കാര്‍ഡുകള്‍
മൊത്തം ഏരിയാ - 167 സ്ക്വയര്‍ മീറ്റര്‍
എനിയാക് പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഫിലാല്‍ഡല്‍ഫിയായില്‍ പലയിടങ്ങളിലും ഇലക്ട്രിസിറ്റി ലഭ്യമല്ലാതാകുമായിരുന്നു എന്ന് ഒരു തമാശതന്നെ അക്കാലത്ത് പ്രചരിച്ചിരുന്നു.
പലതരം കാല്‍ക്കുലേഷനുകള്‍ ചെയ്യുന്ന നിരവധി പാനലുകള്‍ ചേര്‍ന്ന ഒരു മോഡുലാര്‍ ഡിസൈനിങ്ങ് രീതിയായിരുന്നു എനിയാക്കില്‍ അവലംബിച്ചത്. പാനലുകള്‍ തമ്മില്‍ ഡാറ്റ ട്രാന്‍സ്ഫര്‍ ചെയ്യുവാനായി ട്രേകള്‍ (trays) എന്നറിയപ്പെടുന്ന ജനറല്‍ പര്‍പസ് ബസുകള്‍ (general purpose buses) ആയിരുന്നു സഹായിച്ചിരുന്നത്.
മേല്‍പ്പറഞ്ഞ വിവരങ്ങളില്‍ നിന്ന് എത്ര വലുതായിരുന്നു എനിയാക്കിന്റെ രൂപം എന്നത് മനസിലാക്കാം. അന്നു നിലവിലിരുന്ന സാങ്കേതിക വിദ്യകള്‍ പ്രകാരം ഇത്രയധികം സങ്കീന്‍ണ്ണമായ ഒരു കമ്പ്യൂട്ടര്‍ നിര്‍മ്മാണത്തിനായി ആയിരക്കണക്കിനു കിലോമീറ്റര്‍ ഇലക്ട്രിക്കല്‍ വയറുകള്‍ ആവശ്യമായി വരുമെന്നതിനാല്‍ എലികളില്‍ (mice) നിന്ന് ഇത്രയധികം വയറുകളെ (wires) എങ്ങനെ സംരക്ഷിക്കാം എന്നത് നിര്‍മാണ സമയത്ത് മൌഷ്ലിയും എക്കര്‍ട്ടും അഭിമുഖീകരിച്ച ഒരു പ്രധാന പ്രശ്മ്നമായിരുന്നു . ഇപ്പോള്‍ കേള്‍ക്കുമ്പോള്‍ തമാശയായി തോന്നുമെങ്കിലും അതിനായി ‘മൌസ് ടെസ്റ്റ്’ എന്ന ഒരു വിദ്യ തന്നെ അവര്‍ പരീക്ഷിച്ചു നോക്കിയിരുന്നു. അന്നു ലഭ്യമായിരുന്ന എല്ലാത്തരം ഇലക്ട്രിക്കല്‍ വയറുകളും ശേഖരിച്ച് ഒരു മെറ്റല്‍ ബോക്സിനുള്ളില്‍ എലികള്‍ക്കായി നല്‍കി. ഏതുതരം വയറുകളോടാണ് എലികള്‍ കൂടുതല്‍ താല്പര്യം കാണിക്കാതിരിക്കുന്നത് എന്ന് പരീക്ഷിച്ചറിയുകയായിരുന്നു ലക്ഷ്യം. ഈ ടെസ്റ്റില്‍ വിജയിച്ച ഗ്രേഡിലുള്ള വയറുകള്‍ മാത്രം ഉപയോഗിച്ചാണ് എനിയാക്കിലെ മൊത്തം വയറിങ്ങുകളും നടത്തിയത്.
എനിയാക്കിന്റെ കാല്‍കുലേറ്റിങ്ങ് പവര്‍ അക്കാലത്ത് അല്‍ഭുതകരമായ ഒന്നായിരുന്നു. 5,000 കൂട്ടലുകള്‍ (additions), 357 ഗുണനങ്ങള്‍ (multiplications), 38 ഹരണങ്ങള്‍ (divisions) എന്നിവ ഒരു സെക്കന്റില്‍ ചെയ്യുവാന്‍ എനിയാക്കിനു കഴിഞ്ഞിരുന്നു. - അന്ന് നിലവിലുണ്ടായിരുന്ന ഏറ്റവും വേഗതയേറിയ കമ്പ്യൂട്ടറിനേക്കാള്‍ ഏതാണ്ട് ആയിരം മടങ്ങ് വേഗത !!. ഇക്കാരണത്താല്‍ തന്നെ 1946 ല്‍ പ്രൊജക്ട് അനൗണ്‍സ് ചെയ്തപ്പോള്‍ മുതല്‍ ‘ഭീമാകര തലച്ചോര്‍’ (Giant Brain) എന്ന വിളിപ്പേരിലായിരുന്നു മാധ്യമങ്ങളിലുള്‍പ്പെടെ എനിയാക് അറിയപ്പെട്ടുവന്നത്.
ഇലക്ട്രോണിക്ക് ഡിജിറ്റല്‍ കമ്പ്യൂട്ടിങ്ങ് ചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറിയ ഈ കണ്ടുപിടുത്തം പിന്നീടങ്ങോട്ട് വിപ്ലവകരമായ പല കുതിച്ചുചാട്ടങ്ങള്‍ക്കും വഴിമരുന്നായി മാറി. എനിയാക്കിനു മുന്‍പും എനിയാക്കിനു ശേഷവും എന്ന് രണ്ട് കാലഘട്ടങ്ങളായി കമ്പ്യൂട്ടര്‍ ചരിത്രത്തെ പല കമ്പ്യൂട്ടര്‍ ചരിത്രകാരന്മാരും ശാസ്ത്രഞന്മാരും പിന്നീട് വിശേഷിപ്പിക്കാന്‍ തുടങ്ങി. കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയില്‍ അത്രമേല്‍ സ്വാധീനമാണ് എനിയാക് പിന്നീടങ്ങോട്ടുള്ള കാലങ്ങളില്‍ ചെലുത്തിയത്. എന്നിരുന്നാലും ഈ നാഴികക്കല്ല് ഒരു ലോകമഹായുദ്ധത്തിന്റെ ഉപോല്‍പ്പന്നമായിരുന്നു എന്നത് ചരിത്രത്തിന്റെ മറ്റൊരു ആകസ്മികതയാവാം !..
എഡ്‌വാക് (EDVAC - Electronic Discrete Variable Automatic Computer)
ഇതിനിടയില്‍ 1945 ല്‍ ഹംഗേറിയനായ ജോണ്‍ വോണ്‍ ന്യൂമാന്‍ എഡ്‌വാക്ക് (EDVAC) എന്ന, ആദ്യത്തെ ബൈനറി നമ്പര്‍ (binary numbers) അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു പ്രോഗ്രാമബിള്‍ കമ്പ്യൂട്ടര്‍ നിര്‍മ്മിക്കുവാനുള്ള പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കി. എനിയാക്ക് വികസിപ്പിച്ച ജോണ്‍ മൌഷ്ലിയും ജോണ്‍ പ്രെസ്പറും തന്നെയായിരുന്നു എഡ്‌വാക്കിന്റേയും ശില്പികള്‍. വോണ്‍ ന്യൂമാന്‍ പ്രൊജക്ട് കണ്‍സള്‍ട്ടെന്റായി പ്രവര്‍ത്തിച്ചു. എനിയാക്ക് പൂര്‍ത്തിയായ 1946 നു മുന്‍പ് 1944 ല്‍ തന്നെ ഈ പ്രൊജക്ടിന്റെ പ്രൊപ്പോസല്‍ മൌഷ്ലിയും പ്രെസ്പറും നടത്തിയിരുന്നുവെങ്കിലും വിശദമായ ഒരു പ്രൊജക്ട് ഡ്രാഫ്റ്റ് വോണ്‍ ന്യൂമാന്‍ 1945 ല്‍ നല്‍കിയതോടെയാണ് ഈ പ്രൊജക്ടിന് തുടക്കം കുറിച്ചത്.
എഡ്‌വാക് (EDVAC) |
ചില ടെക്നിക്കല്‍ വിവരങ്ങള്‍
വാക്വം ട്യൂബുകള്‍ - 6,000
ഡയോഡുകള്‍ - 12,000
പവര്‍ ഉപയോഗം - 56 കിലോ വാട്ട് (എനിയാകിന്റെ പവര്‍ ഉപയോഗത്തിന്റെ 1/3 മാത്രം !)
മൊത്തം ഏരിയാ - 45 സ്ക്വയര്‍ മീറ്റര്‍
ഭാരം - 7.8 ടണ്‍
മെമ്മറി കപ്പാസിറ്റി - 5.5 കിലോ ബൈറ്റ് (KB)
മാഗ്നറ്റിക് ടേപ്പ് റീഡര്‍ / റൈറ്റര്‍, അള്‍ട്രാസോണിക് സീരിയല്‍ മെമ്മറി എന്നീ പുതിയ ഉപകരണങ്ങള്‍ ആദ്യമായി എഡ്‌വാക്കില്‍ അവതരിപ്പിക്കപ്പെട്ടു. 1949 ല്‍ എഡ്‌വാക്ക് ബാലസ്റ്റിക്ക് റിസര്‍ച്ച് ലബോറട്ടറിക്ക് കമ്മീഷന്‍ ചെയ്തു. എന്നാല്‍ തുടര്‍ച്ചയായ ടെക്നിക്കല്‍ തകരാറുകള്‍ നിമിത്തം എഡ്‌വാക്കിനെ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കുവാനായി വീണ്ടും സമയം വേണ്ടി വന്നു. ഒട്ടനവധി റീ ഡിസൈനിങ്ങിനും തിരുത്തലുകള്‍ക്കും ശേഷം 1951 ല്‍ എഡ്‌വാക്ക് ഒടുവില്‍ പ്രവര്‍ത്തന സജ്ജമായി.
പേറ്റന്റ് തര്‍ക്കങ്ങളെ തുടര്‍ന്ന് മൌഷ്ലിയും എക്കര്‍ട്ടും യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വാനിയായില്‍ നിന്നും രാജി വെയ്ക്കുകയും എക്കര്‍ട്ട്-മൌഷ്ലി കമ്പ്യൂട്ടര്‍ കോര്‍പ്പറേഷന്‍ എന്ന പുതിയ കമ്പനി രൂപീകരിക്കുകയും ചെയ്തു. എനിയാകിലും എഡ്‌വാകിലും ലഭിച്ച പ്രവര്‍ത്തന പരിചയത്തിന്റെ അടിസ്ഥാനത്തില്‍ ബൈനാക് (BINAC) എന്നൊരു പുതിയ കമ്പ്യൂട്ടര്‍ അവര്‍ നിര്‍മ്മിക്കുകയുണ്ടായി. എന്നാല്‍ രണ്ടാമത്തെ പ്രൊജക്ടായ യൂണിവാക് (UNIVAC) പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് തന്നെ എക്കര്‍ട്ട്-മൌഷ്ലി കമ്പ്യൂട്ടര്‍ കോര്‍പ്പറേഷന്‍ റെമിങ്ങ്ടണ്‍ റാന്‍ഡ് എന്ന കമ്പനിയുടെ ഭാഗമായി മാറി.
ഈ കാലഘട്ടത്തിനിടയില്‍ ഇലക്ട്രോണിക്സ് രംഗത്ത് വിപ്ലവകരമായ രണ്ട് കണ്ടുപിടുത്തങ്ങള്‍ നടക്കുകയുണ്ടായി.
1. വില്യംസ് ട്യൂബ് (Williams Tube) എന്ന റാന്‍ഡം ആക്സസ് മെമ്മറി (random access memory-RAM) 1947 ല്‍ സര്‍. ഫെഡറിക്ക് വില്യംസ് കണ്ടുപിടിച്ചു. ഒരു കാഥോഡ് റേ ട്യൂബിന്റെ (cathod ray tube) ഉള്ളില്‍ ഡോട്ടുകളും ഡാഷുകളുമായി (dots and dahses) ഫോസ്ഫോറസന്റ് മെറ്റീരിയല്‍ പതിപ്പിച്ച് അതില്‍ ബൈനറി ഒന്നിനേയും പൂജ്യത്തേയും സൂക്ഷിച്ച് വെയ്ക്കാമെന്ന് അദ്ദേഹം പരീക്ഷണത്തിലൂടെ തെളിയിച്ചു. കാഥോട് റേ ട്യൂബിന്റെ ഈ പരിഷ്കരിച്ച പതിപ്പാണ് വില്യംസ് ട്യൂബ് എന്നറിയപ്പെട്ടത്. ഐ.ബി.എം 701 പോലെയുള്ള വാക്വം ട്യൂബ് അധിഷ്ടിത കമ്പ്യൂട്ടറുകളില്‍ വില്യംസ് ട്യൂബ് ആയിരുന്നു പ്രൈമറി മെമ്മറി ആയി ഉപയോഗിച്ചിരുന്നത്.
വില്യംസ് ട്യൂബ് (Williams Tube) |
ആദ്യകാല ട്രാന്‍സിസ്റ്ററുകളിലൊന്ന് |
1936 ല്‍ ബ്രിട്ടീഷ് ശാസ്ത്രഞനായ അലന്‍ ട്യൂറിങ്ങ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിങ്ങിനെ കുറിച്ച് നടത്തിയ ഗവേഷണങ്ങള്‍ക്കൊടുവില്‍ ‘പ്രൊപ്പോസ്ഡ് ഇലക്ട്രോണിക്ക് കാല്‍കുലേറ്റര്‍’ (Proposed Electronic Calculator) എന്ന പേരില്‍ ഒരു ടെക്നിക്കല്‍ ഡിസൈന്‍ തയാറാക്കിയിരുന്നു. ബ്ലെച്ലി പാര്‍ക്കില്‍ കോളോസസ് കമ്പ്യൂട്ടര്‍ വികസിപ്പിച്ച ടീമില്‍ അംഗമായിരുന്നപ്പോള്‍ ലഭിച്ച പ്രവര്‍ത്തിപരിചയമായിരുന്നു ഇങ്ങനെയൊരു പുതിയ ഡിസൈന്‍ വികസിപ്പിക്കാന്‍ ട്യൂറിങ്ങിനു പ്രചോദനമായത്. 1946 ല്‍ അലന്‍ ട്യൂറിങ്ങ് നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറിയുടെ (NPL) ടെക്നിക്കല്‍ കമ്മിറ്റിക്ക് വിശദമായ ഒരു ഡിസൈന്‍ പ്രോപ്പോസല്‍ നല്‍കുകയുണ്ടായി. എന്നാല്‍ അന്ന് നിലവിലിരുന്ന ശക്തമായ ഒഫീഷ്യല്‍ സീക്രട്ട് ആക്ട് പ്രകാരം മൂലം ട്യൂറിങ്ങിന്റെ ഈ ഡിസൈന്‍ പ്രാവര്‍ത്തികമാകുന്നതിനെ കുറിച്ച് പുറം ലോകം അറിഞ്ഞിരുന്നില്ല. എന്നാല്‍ ഇതേ സമയത്തു തന്നെ നിര്‍മാണം നടന്നു വന്ന എഡ്‌വാക് (EDVAC) ലോക ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു.സര്‍ക്യൂട്ട്, ലോജിക്കല്‍ ഡയഗ്രമുകളും കോസ്റ്റ് എസ്റ്റിമേറ്റുകളുമടക്കം (US$ 11,200) വളരെ വിശദമായ ടെക്നിക്കല്‍ സ്പെസിഫിക്കേഷനുകള്‍ എയ്സ് (AEC) ഡിസൈനില്‍ ഉള്‍പ്പെട്ടിരുന്നു.
കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തന വേഗതയില്‍ മെമ്മറിയുടെ സ്ഥാനം നന്നായി മനസിലാക്കിയിരുന്ന ട്യൂറിങ്ങ്, അന്ന് നിലവിലിരുന്ന രീതികള്‍ക്ക് വ്യത്യസ്തമായി, ഇന്നത്തെ കണക്കുകള്‍ പ്രകാരം 1 മെഗാ ഹെര്‍ട്സ് വേഗതയില്‍ പ്രവര്‍ത്തിക്കുന്ന 25 KB മെമ്മറിയാണ് നിര്‍ദ്ദേശിച്ചത്. സബ്‌റൂട്ടീനുകള്‍, അബ്രീവിയേറ്റഡ് കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ഷന്‍സ് (ACI) എന്നിവ എയ്സില്‍ നിര്‍ദ്ദേശിക്കപ്പെട്ട പ്രധാന ചില പ്രത്യേകതകള്‍ ആയിരുന്നു.
ഈ ഡിസൈനിനെ ആധാരമാക്കി നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറിയില്‍ നിര്‍മ്മിച്ച ബ്രിട്ടണിലെ ആദ്യത്തെ സ്റ്റോര്‍ഡ് പ്രോഗ്രാം കമ്പ്യൂട്ടറാണ് പൈലറ്റ് എയ്സ് (Pilot ACE). ട്യൂറിങ്ങിന്റെ യഥാര്‍ഥ എയ്സ് ഡിസൈനില്‍ നിന്നും വളരെയധികം മാറ്റങ്ങള്‍ വരുത്തിയ ഒരു ചെറുപതിപ്പായിരുന്നു അത്. വാക്വം ട്യൂബ് അധിഷഠിതമായി നിര്‍മ്മിച്ച ഈ കമ്പ്യൂട്ടറില്‍ വേഗത വര്‍ദ്ധിപ്പിക്കുവാനായി മെര്‍ക്കുറി ഡിലേ ലൈന്‍സ് (Mercury Delay Lines) എന്ന സാങ്കേതിക വിദ്യയാണ് മെമ്മറിയില്‍ ഉപയോഗിച്ചത്. 1950 മെയ് പത്താം തീയതി ആദ്യമായി പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ 1 മെഗാ ഹെര്‍ട്സ് (MHz) ക്ലോക്ക് സ്പീഡുമായി ബ്രിട്ടണിലെ ഏറ്റവും വേഗതയേറിയ കമ്പ്യൂട്ടറായി മാറുകയായിരുന്നു പൈലറ്റ് എയ്സ്.
സെലക്ടീവ് സീക്വന്‍സ് ഇലക്ട്രോണിക്ക് കാല്‍കുലേറ്റര്‍ (SSEC)
1948 ല്‍ തോമസ് ജെ. വാട്സണ്‍ന്റെ (Thomas J. Watson) നേത്രത്വത്തില്‍ ഐ.ബി.എം സെലക്ടീവ് സീക്വന്‍സ് ഇലക്ട്രോണിക്ക് കാല്‍കുലേറ്റര്‍ അധവാ പോപ്പാ (SSEC) എന്ന ഇലക്ട്രോ മെക്കാനിക്കല്‍ കമ്പ്യൂട്ടര്‍ വികസിപ്പിച്ചു. ഇലക്ട്രോണിക്ക് കമ്പ്യൂട്ടേഷനില്‍ സ്റ്റോര്‍ഡ് ഇന്‍സ്ട്രക്ഷനുകള്‍ ആദ്യമായി ഉപയോഗിച്ച കമ്പ്യൂട്ടര്‍, അവസാനമായി നിര്‍മ്മിക്കപ്പെട്ടവലിയ ഇലക്ട്രോമെക്കാനിക്കല്‍ കമ്പ്യൂട്ടര്‍, ആദ്യമായി സ്റ്റോര്‍ഡ് പ്രോഗാം ഉപയോഗിച്ച് കണക്കു കൂട്ടലുകള്‍ നടത്തിയ കമ്പ്യൂട്ടര്‍ എന്നീ ബഹുമതികള്‍ SSEC ക്ക് അവകാശപ്പെട്ടതാണ്. വാക്വം ട്യൂബുകളും മെക്കാനിക്കല്‍ റിലേകളും ഇലക്ട്രോണിക്ക് സര്‍ക്യൂട്ടുകളും അടങ്ങിയ ഒരു ഹൈബ്രിഡ് (hybrid) ഡിസൈന്‍ ആയിരുന്നു SSEC ന്റേത്. നാലു ലക്ഷത്തോളം അക്കങ്ങളെ സൂക്ഷിച്ചു വെയ്ക്കുവാനുള്ള സംഭരണ ശേഷി (storage capacity) ഈ കമ്പ്യൂട്ടറിനുണ്ടായിരുന്നു.
IBM SSEC
|
No comments:
Post a Comment