നൈജീരിയൻ സ്കാമുകൾ

“എം ബി എ കഴിഞ്ഞു പ്രശസ്തമായ ഒരു ഇന്റര്‍ നെറ്റ് ജോബ് സൈറ്റില്‍ തന്റെ പ്രൊഫൈല്‍ രെജിസ്റ്റര്‍ ചെയ്തിരുന്ന രാജേഷിനു ഒരു ദിവസം നൈജീരിയന്‍ നാഷണല്‍ പെട്രോളിയം കോര്‍പ്പറേഷനില്‍ നിന്നും ഒരു സന്തോഷം വര്‍ത്തമാനം ഇ മെയില് ആയി ലഭിക്കുകയുണ്ടായി. നൈജീരിയന്‍ നാഷണല്‍ പെട്രോളിയം കോര്‍പ്പറേഷനില്‍ അഡ്മിനിസ്ട്രേറ്റിവ് അസ്സിസ്റ്റന്റ് ആയി തെരഞ്ഞെടുത്തുവെന്നായിരുന്നു ആ ഇമെയിലിലുണ്ടായിരുന്നതു. ഒരു ലക്ഷത്തിനു മുകളിലുള്ള ഇന്‍ഡ്യന്‍ രൂപ മാസ ശമ്പളമായിരുന്നു വാഗ്ദാനം‍. താല്പര്യമുണ്ടെങ്കില്‍ രാജേഷിന്റെ സി വി അയച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള ഈ ഇമെയില്‍ ലഭിച്ച ഉടനെ തന്നെ രാജേഷ് തന്റെ ബയോ ഡാറ്റ അവര്‍ നല്‍കിയിരുന്ന ഇമെയിലിലേക്ക് അയച്ചു കൊടുത്തു. വളരെയേറെയൊന്നും കാത്തിരിക്കേണ്ടി വന്നില്ല, പിറ്റേന്ന് തന്നെ മറ്റൊരു ഇമെയില്‍ കൂടി ലഭിക്കുകയുണ്ടയി. ഇതില്‍ രാജേഷിന്റെഅറ്റസ്റ്റ് ചെയ്ത പാസ്പോര്‍ട്ടിന്റെ കോപ്പി, മറ്റു രേഖകള്‍ ആവശ്യപെട്ടിരുന്നു. ആവശ്യപ്പെട്ട വിവരങ്ങള്‍ അയച്ചു കൊടുത്ത രാജെഷിന്‍ രണ്ടുദിവസത്തിനു ശേഷം മറ്റൊരു ഇമെയില്‍കൂടി ലഭിക്കുകയുണ്ടായി. രാജേഷിന്റെ വിസ പ്രോസസിംഗ് ചാര്‍ജുകള്‍ക്കായി ഏകദേശം 2000 അമേരിക്കന്‍ ഡോളറിനു തുല്യമായ തുക വെസ്റ്റേണ്‍ യൂണിയന്‍ മണി ട്രാന്‍സ്ഫര്‍ വഴി അയ്ച്ചു കൊടുക്കാനായിരുന്നു അതില്‍ ആവശ്യപ്പെട്ടിരുന്നത്. നല്ലൊരു ജോലി ലഭിക്കുമെന്ന പ്രതീക്ഷയില്‍ രാജേഷ് ആ തുക രണ്ടിലൊന്നാലോചിക്കാതെ അയച്ചു കൊടുക്കുകയും ചെയ്തു.

രണ്ടു ദിവസത്തിനു ശേഷം വീണ്ടും രാജേഷിനു ഒരു ഇമെയില്‍ കൂടീ ലഭിച്ചു. ഇതില്‍ അയച്ചു തുക ലഭിച്ചുവെന്ന് സൂചിപ്പിച്ചിരുന്നു. കൂടാതെ രാജേഷിന്റെ വിസ സ്റ്റാമ്പ് ചെയ്ത പേപ്പറിന്റെ കോപ്പി ഇമെയിലായി രാജെഷിനു ലഭിക്കുകയും ചെയ്തു എന്നാല്‍ നൈജീരിയന്‍ ആഭ്യന്തരമന്ത്രാലയത്തിലെ ചില ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി വീണ്ടും ഏകദേശം 1000 അമേരിക്കന്‍ ഡോളറിനു തുല്യമായ തുക വീണ്ടും അയച്ചു കൊടുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. വിദേശത്ത് ജോലി ലഭിക്കുന്നതിന്റെ ബുദ്ധിമുട്ട് അറിയാമായിരുന്ന രാജേഷ് തുക അയച്ചു കൊടുക്കുക തന്നെ ചെയ്തു. എന്നാല്‍ ഒന്നു രണ്ടു ദിവസങ്ങള്‍ക്കു ശേഷം ലഭിച്ച ഇമെയിലില്‍ വീണ്ടും മറ്റെന്തൊ ആവശ്യത്തിനായി തുക ആവശ്യപ്പെട്ടതു രാജേഷിനെ സംശയാലുവാക്കി. സംശയം തോന്നിയ രാജേഷ് അവര്‍ നല്‍കിയിരുന്ന അഡ്രസില്‍ ബന്ധപെട്ടപ്പോള്‍ അങ്ങനെയൊരു കമ്പനി ആ അഡ്രസില്‍ നിലവിലില്ല എന്നായിരുന്നു ലഭിച്ച മറുപടി.“
മുകളില്‍ സൂചിപ്പിച്ചതു നടന്ന ഒരു സംഭവമാണ്. രാജേഷിനെപ്പോലെ ഇത്തരം തട്ടിപ്പു സംഘങ്ങളില്‍ പെട്ട് പണം നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. നൈജീരിയന്‍ സ്കാം എന്നറിയപ്പെടുന്ന ഒരു പണം തട്ടിപ്പു സംഘത്തിലായിരുന്നു രാജേഷ് ചെന്നു ചാടിയതു.

നൈജീരിയൻ സ്കാമുകൾ
നൈജീരിയന്‍ 419 എന്നറിയപ്പെടുന്ന തട്ടിപ്പു സംഘങ്ങള്‍ പൊതുധാരയുടെ ശ്രദ്ധയില്‍ വരുന്നതു 1970 കളിലാണ്. നൈജീരിയന്‍ ഗവണ്‍‌മെന്റിന്റെയും മറ്റു ആഫ്രിക്കന്‍ രാജ്യങ്ങളുടെയും പേരിലുള്ള എഴുത്തു കുത്തുകള്‍ (സാധാരണഗതിയില്‍ നൈജീരിയന്‍ സെന്‍‌ട്രല്‍ ബാങ്ക് അല്ലെങ്കില്‍ നൈജീരിയന്‍ നാഷണല്‍ പെട്രോളിയം കോര്‍പ്പറേഷന്‍, രത്നക്കല്‍ വ്യാപാരം } വഴി ബിസിനസില്‍ ഭാഗഭാക്കുന്നതിനുള്ള വാഗ്ദാനങ്ങൾ നല്‍കിയാരുന്നു ഇത്തരം തട്ടിപ്പുകള്‍ അന്നു നടന്നിരുന്നത്. നൈജീരിയന്‍ നിയമത്തില്‍ തട്ടിപ്പു സംഘങ്ങളെ സൂചിപ്പിക്കാനായി ഉപയോഗിക്കുന്ന പീനല്‍ കോഡാണ് 419 എന്നറിയപ്പെടുന്നത്. അതു കൊണ്ട് തന്നെ ഇത്തരം തട്ടിപ്പു സംഘങ്ങള്‍ക്ക് പൊതുവായി അറിയപ്പെടുന്ന പേരാണ് നൈജീരിയന്‍ ഫീ ഫ്രോഡ് 419.

2002-ല്‍ യു എസ് ഡിപാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റീസ് ഒരു കോടതി ഉത്തരവു വഴി നൈജീരിയയില്‍ നിന്നും മറ്റു ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും വരുന്ന എല്ലാ വിധ എഴുത്തുകളും പരിശോധിക്കാനുള്ള അനുമതി നേടുകയും ഇതില്‍ 70 ശതമാനത്തോളം എഴുത്തുകളുടെയും ഉള്ളടക്കം ഇത്തരം അനധികൃത തട്ടിപ്പുകള്‍ സംബന്ധിച്ചുള്ളതാണെന്ന് കണ്ടെത്തുകയും ചെയ്തു.എന്നാല്‍ ഇന്റര്‍നെറ്റും ഇമെയിലുകളും, ചാറ്റ് റുമുകളും വ്യാപകമായതോടു കൂടി തട്ടിപ്പിന്റെ രൂപവും ഭാവവും മാറുകയുണ്ടായി. കൂടുതല്‍ ഫലപ്രാപ്തിയൊടു കൂടി ഇത്തരത്തിലുള്ള തട്ടിപ്പു നടത്താന്‍ ടെക്നോളജിയുടെ കുതിച്ചു ചാട്ടം ഇവരെ സഹായിച്ചു. ഇന്നു ലഭ്യമായ എല്ലാ വഴികളും ഇത്തരം തട്ടിപ്പു സംഘങ്ങള്‍ ഇതിനായി ഉപയോഗിക്കുകയും ചെയ്യുന്നു. ഇതിനായി ഇമെയിലുകള്‍, ഫാക്സ്, ഡേറ്റിംഗ് സൈറ്റുകള്‍, ചാറ്റ് റൂമുകള്‍, ജോബ് സൈറ്റുകള്‍, ഓക്ഷന്‍ സൈറ്റുകള്‍, സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ മുതലായവ ഉപയോഗിക്കുന്നു.

റിപ്പോര്‍ട്ടുകളനുസരിച്ചു നൈജീരിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബിസിനസ് ആണു നൈജീരിയന്‍ ഫീ ഫ്രാഡ് 419 എന്നറിയപ്പെടുന്ന ഇത്തരം തട്ടിപ്പു സംഘങ്ങള്‍. നൈജീരിയന്‍ ഗവണ്‍‌മെന്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ വരെ ഇത്തരം തട്ടിപ്പുകള്‍ക്കു കൂട്ടു നില്ക്കുന്നുണ്ട്. ഗവണ്‍ മെന്റുകള്‍ക്കൊ മറ്റു സ്ഥാപനങ്ങള്‍ക്കൊ ഇവരുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കാന്‍ ഇതുവരേ കഴിഞ്ഞിട്ടില്ല. അധോലോക സംഘങ്ങള്‍ക്കും, എന്തിനു നൈജിരിയയിലെ ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് വരെ ഇത്തരം തട്ടിപ്പുകളില്‍ പങ്കുണ്ടെന്നാണ് പറയപ്പെടുന്നത്. മുന്‍പ് ഇത്തരത്തിലുള്ള തട്ടിപ്പു സംഘങ്ങളുടെ പ്രധാന താവളം നൈജീരിയ ആയിരുന്നുവെങ്കില്‍ ഇന്നു ഒട്ടുമിക്ക രാജ്യങ്ങളിലും ഈ സംഘാംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

നൈജീരിയന്‍ ഗവണ്മെന്റ് ഉദ്യോഗസ്ഥരെന്നു അവകാശപെട്ടും,.അനധികൃതമായ ബിസിനസ് സംരംഭങ്ങളില്‍ പങ്കാളികളാക്കാമെന്നു മോഹിപ്പിച്ചും, യുദ്ധത്തിലും കലാപങ്ങളിലും കൊല്ലപ്പെട്ടതൊ പലായനം ചെയ്യപ്പെട്ടതൊ ആയ ഭരണാധികാരികളുടെ പേരില്‍ മറ്റു രാജ്യങ്ങളില്‍ നിലവിലുള്ള അക്കൌണ്ടുകളിലെ പണം കൈമാറ്റം ചെയ്യുന്നതിനുള്ള കമ്മീഷനായും വന്‍‌തുക നല്‍കാമെന്നു മോഹിപ്പിച്ചുമൊക്കെയാണ് ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നതു. ഇതിനായി വ്യാജ ചെക്കുകളുടെയും ഡിമാന്റ് ഡ്രാഫ്റ്റുകളുടേയും കോപ്പികള്‍ വരെ മെയിലുകളിൽ അറ്റാച്ച് ചെയ്തു അയക്കുന്നുണ്ട്. ഇന്റർനെറ്റിൽ ലഭ്യമായ ഇമെയില്‍ അഡ്രസുകള്‍ ഇതിനായി ശേഖരിക്കുകയും ഇങ്ങനെ ലഭിക്കുന്ന ഇമെയില്‍ വിലാസങ്ങളിലേക്ക് സന്ദേശങ്ങൾ അയക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്.

ഇന്റര്‍ നെറ്റ് ലോട്ടറികള്‍
നൈജീരിയൻ സ്കാമുകളിൽ ഏറ്റവും പ്രധാനം ഇന്റര്‍നെറ്റ് ലോട്ടറി എന്നറിയപ്പെടുന്നവയാണ്. ഇമെയിലുകളില്‍ വഴി ഭീമമായ ‍‌തുകകളുടെ ലോട്ടറി ലഭിച്ചു എന്ന അറിയിപ്പുമായി വരുന്ന ഇത്തരം ലോട്ടറി സ്കാമുകളും നൈജീരിയന്‍ സ്കാമുകളുടെ പരിധിയില്‍ ഉള്‍പ്പെടുന്നവയാണ്. യു കെ ലോട്ടറി, യാഹു അവാര്‍ഡ് മുതലായ പേരുകളിലായിരിക്കും ഇവ സ്വീകര്‍ത്താവിനു ലഭിക്കുന്നതു.

ആരുടെ പേരിലും അഡ്രസ് ചെയ്യപ്പെടാത്ത ഒരു മെയിലായിരിക്കും ലഭിക്കുനതു. ഇതില്‍ നിങ്ങള്‍ക്കൊരു വലിയ തുകയുടെ ലോട്ടറി അടിച്ചുവെന്ന്നും മറ്റുമുള്ള വിശദമായ ഒരു മെയില്‍ ആയിരിക്കും. നിങ്ങളുടെ ഇമെയില്‍ വിലാ‍സം ആയിരക്കണകിനു വരുന്ന ഇമെയിലുകളില്‍ നിന്നും തെരഞ്ഞെടുത്തു നറുക്കെടൂത്തു കിട്ടിയതാണെന്നും എഴുതിയിരിക്കും. ഈ ലോട്ടറി തുക ലഭിക്കുന്നതിനായി ചുമതലപ്പെടുത്തിയിരിക്കുന്ന ഏജന്റിന്റെ ബന്ധപ്പെടാന്‍ നിര്‍ദ്ദേശിച്ചിരിക്കും. സുരക്ഷാ പ്രശനങ്ങളുള്ളതിനാല്‍ ഈ വിവരം രഹസ്യമായി സൂക്ഷിക്കുവാനും ഇവർ ആവശ്യപ്പെടുന്നു. ഏതെങ്കിലും കാരണവശാല്‍ ഇവരുമായി ബന്ധപ്പെട്ടു കഴിഞ്ഞാല്‍ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍, വ്യക്തിപരമായ വിവരങ്ങള്‍, ഡ്രൈവിംഗ് ലൈസന്‍സിന്റെയൊ, പാസ്പോര്‍ട്ടിന്റെയൊ കോപ്പി മുതലായ ആവശ്യപ്പെട്ടുകൊണ്ടുള്ള മെയിലുകള്‍ ലഭിക്കുന്നു. ഇതു വഴി അവര്‍ക്കവശ്യമുള്ള വിവരങ്ങള്‍ ആദ്യമെ തന്നെ കൈവശപ്പെടുത്തുന്നു.

അതിനു ശേഷം ഈ തട്ടിപ്പുകാര്‍ പ്രോസസിംഗ് ഫീ എന്നുള്ള പേരിലൊ അല്ലെങ്കില്‍ പണം അയച്ചു തരുന്നതിനുള്ള ബാങ്ക് ചാര്‍ജുകള്‍ നല്‍കാനെന്ന പേരിലൊ കുറച്ച് പണം ആവശ്യപ്പെടുന്നു. അതിനു ശേഷം വീണ്ടും അപ്രതീക്ഷിതമായ എന്തെങ്കിലും ചെലവുകള്‍ ഉള്ളതിനാല്‍ അതു നല്‍കുന്നതിനായി വീണ്ടും പണം ആവശ്യപ്പെട്ടൂ കൊണ്ട് ബന്ധപ്പെടുന്നു. തട്ടിപ്പിനിരയായവര്‍ യാഥാര്‍ഥ്യം മനസ്സിലാക്കുന്നതു വരെ ഇതു തുടര്‍ന്നു കൊണ്ടെയിരിക്കും.ചില അവസരങ്ങളില്‍ ഈ തുകകള്‍ കൈമാറ്റം ചെയ്യുന്നതിനായി മറ്റൊരു ബാങ്കിലേക്കു അക്കൌണ്ട് തുറന്നു കൊടുക്കാമെന്നും വലിയ തുകയായതിനാല്‍ അക്കൌണ്ട് ഓപ്പണ്‍ ചെയ്യുന്നതിനായി പണം അയച്ചു കൊടുക്കണമെന്നുമായിരിക്കും ആവശ്യപ്പെടുന്നതു.

ഇങ്ങനെ വരുന്ന മെയിലുകളില്‍ ഭൂരിഭാഗവും ഉപയൊക്താക്കള്‍ അവഗണിക്കാറുണ്ടെങ്കിലും ഇതില്‍ ചെറിയൊരു ശതമാനം ആള്‍ക്കാര്‍ തിരികെ മറുപടി അയക്കുകയും അവരുടെ കെണിയില്‍ അകപ്പെടുകയും ചെയ്യുന്നു.

എം‌പ്ലോയ്മെന്റ് സ്കാമുകള്‍ അഥവാ ജോലി തട്ടിപ്പു സംഘങ്ങള്‍
ജോബ് സൈറ്റുകള്‍ വഴിയുള്ള തട്ടിപ്പു സംഘങ്ങളുടെയും പ്രവര്‍ത്തന രീതി ഇതു പോലെ തന്നെയാണ്, നൈജീരിയയിലെയും, മറ്റു ആഫ്രിക്കന്‍ രാജ്യങ്ങളിലേയും സ്കൂളുകളിലും എണ്ണപാടങ്ങളിലേക്കും ജോലി വാഗ്ദാനം ചെയ്തു കൊണ്ടായിരിക്കും ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ നടക്കുന്നത്. ഇപ്പോള്‍ അടുത്ത കാലത്തായി ഗള്‍ഫ് രാജ്യങ്ങളിലേക്കും, യൂറൊപ്യന്‍ രാജ്യങ്ങളിലേക്കും ജോലി വാഗ്ദാനം ചെയ്തും ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നു. ഇതിനായി പ്രശസ്തങ്ങളായ ജോബ് സൈറ്റുകളില്‍ നിന്നും പ്രൊഫൈലുകള്‍ ശേഖരിച്ചതിനു ശേഷം ഇവരെ തെരഞ്ഞെടുത്തു എന്നറിയിച്ചു കൊണ്ടുള്ള ഇ മെയിലുകള്‍ അയക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഇവരുടെ വലയില്‍ വീഴുന്നതു സ്വാഭാവികം. തുടര്‍ന്ന്‍ വിസ സ്റ്റാമ്പ് ചെയുന്നതിനും, പ്രോസസിംഗ് ചാര്‍ജിനുമൊക്കെയായി വന്‍‌തുകകള്‍ അയക്കുവാന്‍ ഇവരോടു ആവശ്യപ്പെടുന്നു. പണം അയച്ചു കഴിഞ്ഞാല്‍ വീണ്ടും വീണ്ടും ഓരോ ആവശ്യങ്ങള്‍ക്കായി പണം ആവശ്യപ്പെട്ടൂ കൊണ്ടെയിരിക്കും. എന്നാല്‍ തട്ടിപ്പു തിരിച്ചറിഞ്ഞു വരുമ്പോഴേക്കും വളരെയധികം താമസിച്ച് പോയിരിക്കും.

ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നതിനായി‍ ഈ സംഘങ്ങള്‍ ഭരണസ്ഥാപങ്ങളുടെയും, ബാങ്കുകളുടെയും ജോലിസ്ഥാപനങ്ങളുടെയും രേഖകള്‍ കൃത്രിമമായി സൃഷ്ടിക്കുകയും ഇവ തട്ടിപ്പിനിരയായവര്‍ക്കു അയച്ചു കൊടുക്കുകയും ചെയ്യുന്നു. ഇതു വഴി ഇവ സത്യമാണെന്നു ഒരു പരിധി വരെ ഇവരെ ബോധ്യപ്പെടുത്തുന്നു. രസകരമായ വസ്തുത ഇവയിലുള്ള നമ്പരുകളിലേക്കു വിളിച്ചു കഴിഞ്ഞാല്‍ മറുപടി തരുവാനായ് ആളുകളെ നിയോഗിച്ചിട്ടുണ്ട് എന്നുള്ളതാണ്

നൈജീരിയന്‍ സ്കാമുകളില്‍ ഉള്‍പ്പെട്ടിരിക്കുന്ന സ്കാം ടൈപ്പുകള്‍ പലതാണ്. അതില്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന രീതികളാണ് മുകളില്‍ പറഞ്ഞത്. കൂടാതെ ചാരിറ്റബിള്‍ ‍ സ്കാമുകള് (Charitable Scams 419) ‍, ഓക്ഷന്‍ സ്കാമുകള്‍ (Auction Scams 419), ഓയില്‍ സ്കാമുകള്‍ ( Oil Scams 419) എന്നിങ്ങനെ നിരവധി സ്കാമുകള്‍ ഉണ്ട്.

നൈജീരിയന്‍ സ്കാമുകളുടെ സ്വഭാവ സവിശേഷതകള്‍

അഞ്ച് ലക്ഷത്തോളം വരുന്ന ഇമെയില്‍ അഡ്രസുകളില്‍ നിന്നും തെരഞ്ഞെടുത്തതായിരിക്കുംനിങ്ങളെ
ഇത്തരത്തില്‍ വരുന്ന മെയിലുകള്‍ ആരെയും അഡ്രസ് ചെയ്തിട്ടായിരിക്കില്ല വരുന്നത്. ഇവ സാധാരണ ഗതിയില്‍ Dear Sir എന്നൊ മറ്റൊ ഉള്ള ഔദ്യോഗിക രീതിയിലുള്ള മെയിലുകളായിരിക്കും
നൈജീരിയയിലേയൊ മറ്റു ആഫ്രിക്കന്‍ രാജ്യങ്ങളിലേയൊ ഭരണാധികാരികളൊ അവരുടെ മക്കളുടെയൊ പേരിലുള്ള മെയിലുകള്‍.
ചീഫ്, പ്രസിഡന്റ്, സി ഇ ഒ എന്നിവയില്‍ അഡ്രസ് ചെയ്തു വരുന്ന മെയിലുകളായിരിക്കും ഭൂരിഭാഗവും.
ലഭിക്കുന്ന ഇമെയിലുകളെല്ലാം തന്നെയും അടിയന്തിര സ്വഭാവമുള്ളതായിരിക്കും.
ഗവണ്‍‌മെന്റ് സ്ഥാപങ്ങളുടെയും ബാങ്കുകളുടെയും പേരിലുള്ള വ്യാജ രേഖകൾ‍. ചിലപ്പോഴൊക്കെ ഇവ സ്ഥിതി ചെയ്യുന്നതു യഥാര്‍ഥ ഗവണ്മെന്റ് സ്ഥാപനങ്ങളുടെ കെട്ടിടങ്ങളിലുമായിരിക്കും.
നിങ്ങളെ ബന്ധപ്പെടുവാനുള്ള വിവരങ്ങൾ, പാസ്പോര്‍ട്ടിന്റെയൊ ഡ്രൈവിംഗ് ലൈസന്സിന്റെയൊ കോപ്പി, ബാങ്ക്അക്കൌണ്ട് വിവരങ്ങള്‍ മുതലായവ ആവശ്യപ്പെട്ടിരിക്കും.
ഫീ എന്ന പേരിലൊ, കൈക്കൂലി കൊടൂത്താല്‍ മാത്രമെ തുകകള്‍ ബാങ്ക് മാനേജര്‍മാര്‍ പണം പിന്‍‌വലിക്കാൻ അനുവദിക്കുകയുള്ളൂ എന്നുമുള്ള രീതിയില്‍ പണം ആവശ്യപ്പെടല്‍.
ഈ ട്രാന്‍സാക്ഷന്‍സ് എല്ലാം തന്നെ രഹസ്യ സ്വഭാവത്തിലുള്ളതായിരിക്കണം എന്നുള്ള ആവശ്യം.
ഡോളറിലൊ, പൌണ്ടിലൊ ആയിരികും പണം അയക്കാനായി എപ്പോഴും ആവശ്യപ്പെടുന്നതു.
തുടര്‍ച്ചയായി പണം ഓരൊ കാരണങ്ങള്‍ പറഞ്ഞു ആവശ്യപ്പെട്ടുകൊണ്ടിരിക്കുക.
ഇത്തരത്തിലുള്ള ഒരു മെയില്‍ ലഭിച്ചാല്‍ എന്തു ചെയ്യണം?
ഇങ്ങനെയൊരു മെയില്‍ ലഭിച്ചാല്‍ യാതൊരു വിധത്തിലും അവരുമായി ബന്ധപ്പെടാതിരിക്കുക എന്നുള്ളതാണ് പരമപ്രധാനമായ കാര്യം. ഇങ്ങനെ ലഭിക്കുന്ന ഇമെയിലുകള്‍ അതേപടി തന്നെ ഡിലീറ്റ് ചെയ്തു കളയുക. അവര്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കി കഴിഞ്ഞുവെങ്കില്‍ ഒന്നും തന്നെ ചെയ്യാന്‍ സാധിക്കുകയില്ല, നിങ്ങളുടെ വിവരങ്ങള്‍ അവര്‍ എന്തെങ്കിലും നിയമവിരുദ്ധമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാ‍ധ്യതയുണ്ട്. ഇവരാശ്യപ്പെടുന്ന പണം അയച്ചു കഴിഞ്ഞാല്‍നിങ്ങളുടെ പണം നഷ്ടപെട്ടു എന്നു തന്നെയാണര്‍ഥം. മിക്കവാറുമെല്ലാ തട്ടിപ്പു സംഘങ്ങളും പ്രവര്‍ത്തിക്കുന്നതു രാജ്യത്തിനു വെളിയിലായതിനാല്‍ ഇതില്‍ നിയമനടപടിയും അസാധ്യമാണ്.

ഇ എഫ് സി സി-(EFCC)- Economic and Financial Crimes Commission
ഇത്തരത്തിലുള്ള അന്താരാഷ്ട്ര പണം തട്ടിപ്പു സംഘങ്ങളെ അന്വേഷിക്കുന്ന നൈജീരിയയിലെ അന്വേഷണ ഏജന്‍സിയാണ് ഇ എഫ് സി സി-(EFCC)- Economic and Financial Crimes Commission. നൈജീരിയയുടെ അന്താരാഷ്ട്രതലത്തിലുള്ള നല്ല പേര് നഷ്ടപെടുത്തുന്ന നൈജീരിയന്‍ ഫ്രാഡുകളെ നേരിടുന്നതിനായി ഗവണ്മെന്റ് തലത്തില്‍ രൂപീകരിച്ചിട്ടുള്ള ഒരു സംഘടനയാണ് ഇ എഫ് സി സി. ഇത്തരത്തിലുള്ള ഒരു തട്ടിപ്പു നേരിട്ടു കഴിഞ്ഞാല്‍ info@efccnigeria.org അല്ലെങ്കില്‍ scam@efccnigeria.org എന്ന ഇമെയില്‍ വിലാസങ്ങളിലൊ അല്ലെങ്കില്‍ +234 9 6441000 എന്ന ഫോണ്‍ നമ്പരിലൊ അല്ലെങ്കില്‍ സാധാരണ തപാല്‍ വഴിയൊ ( EFCC, No5: Fomella Street, Off Adetokunbo Ademola Crescent, Wuse II, Abuja) അവരെ ബന്ധപ്പെടാവുന്നതാണ്. ശ്രദ്ധിക്കേണ്ട ഒരു വസ്തുത ഇത്തരത്തിലുള്ള കേസുകളുടെ അന്വേഷണത്തിനായി യാതൊരു ഫീസും അവര്‍ ഈടാക്കുന്നില്ല എന്നുള്ളതാണ്.

ഇ എഫ് സി സി യുടെ മോസ്റ്റ് വാണ്ടഡ് സ്കാമേഴ്സില്‍ ചിലര്‍

സണ്‍ഡേ ഒനിബുച്ചി
വയസ്: 46
നാഷണാലിറ്റി: നൈജീരിയ
അവസാനത്തെ അറിയപ്പെടുന്ന ഔദ്യോഗിക അഡ്രസ്: മിനിസ്ട്രി ഓഫ് വര്‍ക്ക് ആന്‍‌ഡ് ട്രാന്‍സ്പോര്‍ട്- നൈജീരിയ- എം‌പ്ലോയ്മെന്റ് തട്ടിപ്പ്

റില്‍‌വാന്‍ അയടോന്റെ സൊയെറ്റാന്‍
വയസ്: 50
സ്വദേശം: നൈജീരിയ
ആരോപിച്ചിരിക്കുന്ന കുറ്റം: ഐഡന്റിറ്റി തെഫ്റ്റ്, ക്രെഡിറ്റ് കാര്‍ഡ് ഫ്രാഡ്

അബിദുണ്‍ ബക്കാരെ
മൈക്കില്‍ ബക്കാരെ, അബി മുതലായ പേരുകളില്‍ അറിയപ്പെടുന്നു. ജനനം ഫെബ്രുവരി 6, 1971, നൈജീരിയന്‍ സ്വദേശി, ഐഡന്റിറ്റി തെഫ്റ്റ്, ക്രെഡിറ്റ്കാര്‍ഡ് ഫ്രാഡ് മുതലായവയില്‍ ഉള്‍പ്പെട്ടതിനാല്‍ നൈജീരിയന്‍ ഫെഡറല്‍ പോലീസ് തിരയുന്നു. കൂടാതെ ഒരു ഫെഡറല്‍ ഓഫീസറെ കൊലപ്പെടുത്തുകയുമുണ്ടായി.

നോട്ട്: ഇത്തരത്തിലുള്ള തട്ടിപ്പു സംഘങ്ങള്‍ നോട്ടമിട്ടിരികുന്ന രാജ്യങ്ങളിലൊന്ന് ഇന്‍‌ഡ്യയാണ്, അതു കൊണ്ട് തന്നെ ഇത്തരം തട്ടിപ്പുകള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരയാകുന്നവരും ഇന്‍‌ഡ്യക്കാരു തന്നെയാണ്. കേരളത്തിലും കുറവില്ല തന്നെ..!

വിവരങ്ങൾക്ക് കടപ്പാട്:
Fraudwatchers.com
data-wales.co.uk
Next web security
EFFC,മറ്റു അനവധി സൈറ്റുകള്‍

No comments: