വൈറസുകളുടെ നാള്‍വഴി ചരിത്രം

കമ്പ്യൂട്ടറുകളെ ദോഷകരമായി ബാധിക്കുന്ന പ്രോഗ്രാമുകളെക്കുറിച്ചുള്ള ആശയത്തിനു ആധുനിക കമ്പ്യൂട്ടറുകളൊടൊപ്പം തന്നെ സ്ഥാനമുണ്ട്. 1949-ല്‍ തന്നെ ഇവയെക്കുറിച്ചുള്ള ആശയം നിലവില്‍ വന്നിരുന്നു. ആദ്യത്തെ കമ്പ്യൂട്ടര്‍ വൈറസ് ഏതാണ് എന്നതിനെക്കുറിച്ച് നിരവധി തര്‍ക്കങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. ആയിരത്തി തൊള്ളായിരത്തി അറുപതുകളുടെ മധ്യത്തില്‍ യുണിവാക് 1108 (Univac 1108) സീരിസില്‍ ഉപയോഗിച്ചിരുന്ന അനിമല്‍ എന്ന ഗെയിം വഴി ഒരു പ്രോഗ്രാം കമ്പ്യൂട്ടറുകളെ ബാധിക്കുകയുണ്ടായി എന്നാല്‍ ഇവ സിസ്റ്റത്തിനു ദോഷകരമായി ബാധിക്കാത്തതിനാല്‍ ഇതിനെ ഒരു കമ്പ്യൂട്ടര്‍ വൈറസ് എന്നു വിളിച്ചിരുന്നില്ല. ഇവ ‘Pervading Animal’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് . പിന്നീട് ആയിരത്തി തൊള്ളായിരത്തി എഴുപതുകളില്‍ കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കുകളുടെ പ്രാഗ്‌രൂപമായിരുന്ന ആര്‍പ്പാനെറ്റിനെ “ദി ക്രീപ്പര്‍” എന്നറിയപ്പെട്ടിരുന്ന ഒരു പ്രോഗ്രാം ബാധിക്കുകയും അവ ആര്‍പ്പാനെറ്റ് വഴി സഞ്ചരിച്ച് അവ പ്രത്യക്ഷപ്പെടുന്നിടത്തെല്ലാം “I’m the Creeper, catch me if you can” എന്നൊരു സന്ദേശം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ക്രീപ്പര്‍ വൈറസിനെ തടയുന്നതിനായി “ദി റിപ്പര്‍” എന്ന മറ്റൊരു പ്രോഗ്രാം പുറത്തിറങ്ങി. അവ ക്രീപ്പറിനെപോലെ തന്നെ നെറ്റ്‌വർക്കുകൾ വഴി സഞ്ചരിച്ച് എവിടെയൊക്കെ ക്രീപ്പര്‍ ബാധിച്ചിരുന്നുവോ അവയെല്ലാം ഡിലിറ്റ് ചെയ്തു മാറ്റുകയൂണ്ടായി. എന്നാല്‍ കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാത്തതിനാല്‍ ഇവയൊന്നും തന്നെ വൈറസുകളായി കമ്പ്യൂട്ടര്‍ ലോകം ഗണിച്ചിരുന്നില്ല.

1977-ല്‍ ആപ്പിള്‍ കളര്‍ ഗ്രാഫിക്സിലുള്ള ആദ്യത്തെ പേഴ്സണല്‍ കമ്പ്യൂട്ടര്‍ വെസ്റ്റ് കോസ്റ്റ് കമ്പ്യുട്ടര്‍ ഫെയറിലൂടെ അവതരിപ്പിച്ചു. . ആയിരത്തി മുന്നൂറ് ഡോളറായിരുന്നു അക്കാലത്തെ ഇതിന്റെ വില. അതേ ഫെയറില്‍ തന്നെ കമ്മഡോര്‍ ബിസിനസ് മെഷീന്‍ (Commodore Business Machines ) എന്ന കമ്പനി അവരുടെ PET 2001 എന്ന കമ്പ്യൂട്ടറിന്റെ പ്രോട്ടൊടൈപ് പുറത്തിറക്കി. അറുനൂറ് ഡോളറായിരുന്നു അതിന്റെ വില. ഇതോട് കൂടി പെഴ്സണൽ കമ്പ്യൂട്ടറുകളുടെ ഉദയമായി. 

ഏകദേശം ഒരു വര്‍ഷത്തിനു ശേഷം Atari 400,800 സീരിസിലുള്ള പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍ പുറത്തിറങ്ങി. 1979 ജൂണില്‍ ടെക്സാസ് ഇന്‍സ്ട്രമെന്റ്സ് TI-99/4 പേഴ്സണല്‍ കമ്പ്യൂട്ടര്‍ പുറത്തിറക്കുകയുണ്ടായി .തൊട്ടടുത്ത വര്‍ഷം തന്നെ  റേഡിയോ ഷാക്ക് എന്ന കമ്പനി 230 ഡോളറിനു അവരുടെ TRS-80 കളര്‍ കമ്പ്യൂട്ടര്‍ മാര്‍ക്കറ്റില്‍ ഇറക്കി. 1982-ല്‍ Commodore 64 എന്ന കമ്പ്യൂട്ടര്‍ പുറത്തിറങ്ങുന്നതോടെ ഒരു ഡസനോളം കമ്പ്യൂട്ടര്‍ ബ്രാന്റുകള്‍ വിപണിയില്‍ ലഭ്യമായി. അതോടു കൂടി ചരിത്രത്തിലാദ്യമായി ജനങ്ങള്‍ക്കു ഇഷ്ടമുള്ള കമ്പ്യൂട്ടറുകള്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങുവാനുള്ള സൌകര്യം ലഭ്യമായിത്തുടങ്ങി.

പേഴ്സണല്‍ കമ്പ്യൂട്ടറുകളുടെ വ്യാപനത്തോടു കൂടിയാണ് വൈറസുകളും പെരുകിയത്. വൈറസ് എന്ന പദം ആദ്യമായി ഉപയോഗിച്ചതു 1984-ല്‍ ഫ്രഡറിക് കോഹന്‍ ആയിരുന്നു. ഒരു പ്രോഗ്രാം കൊണ്ട് മറ്റൊരു പ്രോഗ്രാമിനെ എങ്ങനെ വിനാശകരമായ രീതിയില്‍ ആക്രമിക്കാമെന്നു ഒരു ഡെമൊണ്‍സ്ട്രേഷന്‍ വഴി ലോകത്തിന് ആദ്യമായി കാണിച്ചു കൊടുത്തത് കോഹനാണ്.. എണ്‍പതുകള്‍ക്കു മുന്‍പ് ഹോം കമ്പ്യൂട്ടറുകള്‍ എന്നൊരു ആശയം പോലും നിലവിലില്ലായിരുന്നു. കമ്പ്യൂട്ടറുകള്‍ അപൂര്‍വ്വമായിരുന്ന അക്കാലത്തു വിദഗ്ദരായവര്‍ മാത്രമെ അവ ഉപയോഗിച്ചിരിന്നുള്ളൂ. അതിനു മുന്‍പ് രണ്ട് ദശാബ്ദക്കാലത്തോളം ജനങ്ങള്‍ക്കു കമ്പ്യൂട്ടര്‍ എന്ന പേരു മാത്രമെ പരിചയമുണ്ടായിരുന്നുള്ളു.

1982-ല്‍ റിച്ചാഡ് സ്ക്രെന്റ എന്ന ജുനിയര്‍ സ്കൂള്‍ വിദ്യാര്‍ഥി ആപ്പിള്‍II സിസ്റ്റത്തെ ബാധിച്ച എല്‍ക് ക്ലോണര്‍ (Elk Cloner) എന്നറിയപ്പെട്ട പ്രോഗ്രാം എഴുതി. ബൂട്ട് ചെയ്യാനുപയോഗിക്കുന്ന ഫ്ലോപ്പിയുടെ ബൂട്ട് സെക്ടറുകള്‍ വഴി കമ്പ്യൂട്ടറിന്റെ മെമ്മറിയെ ബാധിക്കുകയും അതു വഴി സിസ്റ്റത്തിനുള്ളില്‍ ഇടുന്ന മറ്റു ഫ്ലോപ്പികളിലേയ്ക്ക് പകര്‍ത്തപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യും. ഇവ. അന്‍പതാമതു ബൂട്ടിംഗ് നടക്കുമ്പോഴെല്ലാം സിസ്റ്റത്തില്‍ ഒരു കവിത തെളിയും. എന്നാല്‍ സിസ്റ്റത്തിനെ ദോഷകരമായി ബാധിക്കുന്ന യാതൊന്നും തന്നെ ഇതില്‍ ഉണ്ടായിരുന്നില്ല.

ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി ആറായപ്പോഴേക്കും, അന്ന് ഏറ്റവും കൂടുതല്‍ പ്രചാരമുണ്ടായിരുന്ന കമ്പ്യൂട്ടര്‍ ബ്രാന്റ് ആയിരുന്ന ആപ്പിള്‍ 2 വിനെ വിനാശകരമായി ബാധിച്ച “ബ്രയിന്‍“ എന്ന വൈറസ് ഇറങ്ങുകയുണ്ടായി. ഇതിനെയാണ് ആദ്യത്തെ കമ്പ്യൂട്ടര്‍ വൈറസായി കണക്കാക്കി പോരുന്നത്. ലാഹോറില്‍ ഒരു കമ്പ്യൂട്ടര്‍ സ്റ്റോര്‍ നടത്തിയിരുന്ന പാകിസ്ഥാനി സഹോദരങ്ങള്‍, ബസിത് ഫറൂക് അല്‌വിയും ( Basit Faruq Alvi) സഹോദരനായ അംജത് ഫറുക് അല്‍‌വിയും (Amjad Faruq Alvi) ആയിരുന്നു ഇതിന്റെ പിന്നില്‍. ഈ വൈറസുകള്‍ ബൂട്ട് ചെയ്യാനുപയോഗിച്ചിരുന്ന ഫ്ലോപ്പി ഡ്രൈവുകളുടെ ഉപയോഗിക്കാത്ത സ്ഥലത്തെയാണ് ബാധിച്ചത്. അതോടു കൂടി ഈ ബൂട്ട് ഫ്ലോപ്പികളെല്ലാം തന്നെ ഉപയോഗശൂന്യമായി മാറി. അറിയപ്പെട്ടതില്‍ വെച്ച് ഏറ്റവും ആദ്യത്തെ കമ്പ്യൂട്ടര്‍ വൈറസായിരുന്നു “ബ്രെയിന്‍”.

ലാഹോര്‍ എന്നും, പാകിസ്ഥാനി ബ്രെയിന്‍ എന്നും വിളിപ്പേരുള്ള ഈ വൈറസിനെ ബിസിനസ് വീക്ക് മാഗസിന്‍ വിശേഷിപ്പിച്ചതു “പാകിസ്താനി ഫ്ലൂ”എന്നായിരുന്നു.  ആദ്യകാലങ്ങളില്‍ കമ്പ്യുട്ടറുകള്‍ ബൂട്ട് ചെയ്തിരുന്നത് ഫ്ലോപ്പി ഡ്രൈവുകള്‍ വഴിയായിരുന്നു. ഹാര്‍ഡ് ഡിസ്കുകള്‍ നിലവില്ലായിരുന്ന അക്കാലത്തു കമ്പ്യൂട്ടറുകള്‍ ബൂട്ട് ചെയ്യാന്‍ മറ്റു മാര്‍ഗങ്ങള്‍ ഉപയൊഗിച്ചിരുന്നില്ല.ഒന്നോ രണ്ടോ ഫ്ലോപ്പികള്‍ക്കുള്ളില്‍ നിന്നും കമ്പ്യൂട്ടര്‍ ബൂട്ട് ചെയ്യിച്ച് ഈ ഫ്ലോപ്പികളില്‍ നിന്നു തന്നെ വേഡ് പ്രോസസര്‍ പോലുള്ള ഓഫീസ് ടുളുകള്‍ ഉപയോഗിക്കുകയാണ് അക്കാലങ്ങളില്‍ ചെയ്തിരുന്നത്.

പിന്നീട് തുടരെ തുടരെ കമ്പ്യൂട്ടറുകളെ ബാധിക്കുന്ന വൈറസുകള്‍ ഇറങ്ങി. ബ്രയിന്‍ വൈറസ് ഇറങ്ങി ഒരു വര്‍ഷം കഴിഞ്ഞപ്പോഴേയ്ക്കും മാസ്റ്റര്‍ ബൂട്ട് റെക്കോഡിനെ ബാധിച്ച സ്റ്റോണ്‍‌ഡ് (stoned) എന്ന വൈറസ് അവതരിച്ചു. ബൂട്ട് ഫ്ലോപ്പി സിസ്റ്റത്തിനുള്ളില്‍ ഇട്ട് ബൂട്ട് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ "Non-system disk or disk error" എന്ന സന്ദേശം തെളിയിക്കുകയായിരുന്നു സ്റ്റോണ്‍‌ഡ് വൈറസ്സിന്റെ പണി.

1988-ല്‍ ഇറങ്ങിയ വൈറസ്സാണ്, ജറുസലേം (Jerusalem). പതിമൂന്നാം തീയതി വെള്ളിയാഴ്ചയായി (13th Friday) വരുന്ന എല്ലാ ദിവസവും ഇവ ആക്ടിവേറ്റ് ചെയ്യപ്പെടുകയും ആ ദിവസങ്ങളില്‍ കമ്പ്യൂട്ടറിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പ്രോഗ്രാമുകളും ഡിലീറ്റ്ചെയ്യുകയും ചെയ്യും. അതേ വര്‍ഷം തന്നെയാണ് “ഇന്റര്‍നെറ്റ് വേം (Internet Worm) എന്ന വൈറസും പുറത്തിറങ്ങിയത്. എകദേശം അയ്യായിരത്തോളം കമ്പ്യൂട്ടറുകളെ അത് പ്രവര്‍ത്തനരഹിതമാക്കി. 1989-ല്‍ ഐ ബി എം ആദ്യത്തെ വ്യാപാരാടിസ്ഥാനത്തിലുള്ള ആന്റി വൈറസ് പുറത്തിറക്കി വൈറസ്സുകളുടെ ഭീഷണികള്‍ക്ക് താത്കാലികമായ കവചം പണിഞ്ഞു. അതേ വര്‍ഷം തന്നെയാണ് ഡാര്‍ക്ക് അവഞ്ചര്‍ (Dark Avenger) എന്നറിയപ്പെടുന്ന വൈറസും പ്രത്യക്ഷപ്പെട്ടത്. മെമ്മറിയിലുള്ള ലൊക്കേഷന്‍ മാറ്റുവാനോ ഒളിപ്പിച്ച് വെക്കുവാനോ കഴിവുള്ളവ പ്രോഗ്രാമുകളായ സ്റ്റെല്‍ത്ത് വൈറസിന്റെ ആദ്യമാതൃക പുറത്തിറങ്ങിയത് 1989-ലായിരുന്നു‍.

1990-ല്‍ സീമാന്റ്റിക് കോര്‍പ്പറേഷന്‍ നോര്‍ട്ടണ്‍ ആന്റിവൈറസ് പുറത്തിക്കി. 1991-ല്‍ ടെക്വില (Tequila) എന്ന പേരില്‍ ആദ്യത്തെ പോളിമോര്‍ഫിക് വൈറസ് വ്യാപകമായി കമ്പ്യൂട്ടറുകളില്‍ നാശം വിതച്ചു. ഓരോ തവണയും വ്യത്യസ്തങ്ങളായ രീതിയിലായിരുന്നു ഈ പോളിമോര്‍ഫിക് വൈറസുകള്‍ കമ്പ്യൂട്ടറുകളെ ബാധിച്ചത്. അതു കൊണ്ട് തന്നെ ഇവയെ കണ്ടെത്തുക ദുഷ്കരമായിരുന്നു. വൈറസ് എഴുത്തുകാര്‍ ബുള്ളറ്റിന്‍ ബോര്‍ഡുകള്‍ വഴി വൈറസ് ഉണ്ടാക്കുവാനുള്ള കോഡുകള്‍ പ്രസിദ്ധീകരിച്ചതു വഴി ആര്‍ക്കും അതു ഡൌണ്‍ ലോഡ് ചെയ്തു പുതിയ തരം വൈറസുകളെ ഉണ്ടാ‍ക്കുവാന്‍ സാ‍ധിച്ചു. വൈറസ് നിര്‍മ്മാണങ്ങളുടെ തോതുയര്‍ത്തിയ ഒരു തുറന്നുവിടലായിരുന്നു ഇത്. 1991-ല്‍ ഒന്‍പതു ശതമാനമായിരുന്ന വൈറസ് ആക്രമണങ്ങള്‍ ആ വര്‍ഷം അവസാനത്തോടു കൂടി അത് അറുപത്തി മൂന്ന് ശതമാനം ആയി ഉയര്‍ന്നതിനു കാരണം മറ്റെവിടെയും അന്വേഷിക്കേണ്ടതില്ല. 1992 -ല്‍ 1300 ഓളം വൈറസുകളെയാണ് വിദഗ്ദ്ധര്‍ കണ്ടെത്തിയത്. 1990 ഡിസംബറിനെ അപേക്ഷിച്ച് 43% വര്‍ദ്ധനവായിരുന്നു ഇത്.1993 മാര്‍ച്ചില്‍ മൈക്കലാഞ്ചലൊ വൈറസ് (Michele angelo) അഞ്ച് മില്യണ്‍ കമ്പ്യൂട്ടറുകളെ ബാധിക്കുമെന്നു ഭീതിപരത്തുകയുണ്ടായെങ്കിലും നാശനഷ്ടങ്ങളുടെ അളവ് പ്രതീക്ഷിച്ചതിനേക്കാളും തുലോം കൂറവായിരുന്നു എന്നു കൂടി പറയട്ടേ.

പിന്നീട് ഹോക്സ് സന്ദേശങ്ങളുടെ (Hoax Messages) കുത്തൊഴുക്കായിരുന്നു. 1994-ല്‍ വൈറസുകളെക്കുറിച്ചുള്ള കമ്പ്യൂട്ടര്‍ ലോകത്തിന്റെ ഭീതി മുതലെടുത്തു കൊണ്ട് ആയിരക്കണക്കിനു വ്യാജവൈറസ് മുന്നറിയിപ്പുകള്‍ ഇമെയിലുകള്‍ വഴി പ്രചരിക്കുകയുണ്ടായി. ഇന്റര്‍നെറ്റ് വ്യാപകമല്ലാതിരുന്ന അക്കാലത്ത് യൂസ് നെറ്റുകള്‍ വഴിയുള്ള ന്യൂസ് ലെറ്റര്‍ ഉപയോഗിച്ചായിരുന്നു ഇവ അയച്ചിരുന്നത്. ഈ വ്യാജ വൈറസ് മുന്നറിയിപ്പുകളില്‍ ഏറ്റവും പ്രധാനം സബ്ജക്ട് ലൈനില്‍ ഗുഡ് ടൈംസ് (Good Times) എന്ന് വെച്ചു കൊണ്ട് പാതോജന്‍ (Pathogen) എന്ന വൈറസിനെക്കുറിച്ചുള്ള മുന്നറിയിപ്പ് ആയിരുന്നു. ഇവ ഇമെയിലുകളിലുടെ പ്രവഹിച്ച് ലക്ഷക്കണക്കിനു കംപ്യൂട്ടര്‍ ഉപഭോക്താക്കളെ ഭീതിയിലാഴ്ത്തുകയുണ്ടായി. വൈറസ് സിസ്റ്റത്തിനുള്ളില്‍ പ്രവേശിച്ച് ഹാര്‍ഡ് ഡ്രൈവിലുള്ള എല്ലാ വിവരങ്ങളും നശിപ്പിക്കുമെന്നായിരുന്നു ഈ വ്യാജ മുന്നറിയിപ്പില്‍ ഉണ്ടായിരുന്നത്. ഈ വ്യാജ സന്ദേശം തുടര്‍ച്ചയായി വന്നുകൊണ്ടിരുന്നു. പിന്നീട് ഈ വ്യാജവൈറസ് സന്ദേശം അയച്ചയാളിനെ സ്കോട്‌ലന്റ് യാര്‍ഡ് പോലീസ് കണ്ടെത്തുകയും കോടതി പതിനെട്ടു മാസം തടവിനു ശിക്ഷിക്കുകയും ചെയ്തു.

1995-ല്‍ “കണ്‍സെപ്ട്” (Concept) എന്ന മാക്രൊ വൈറസുകള്‍ ഇറങ്ങുകയുണ്ടായി. ഇവ ആപ്പിളിന്റെ മാക് കമ്പ്യൂട്ടറുകളിലും, മൈക്രോസോഫ്റ്റിന്റെ പേഴ്സണല്‍ കമ്പ്യൂട്ടറുകളിലും ഉപയോഗിച്ചിരുന്ന വേഡ് ഡോക്യുമെന്റുകളെ ബാധിച്ചു. അടുത്ത വര്‍ഷം ജൂലൈയില്‍ XM.Laroux എന്നറിയപ്പെട്ട അടുത്ത മാക്രോ വൈറസ് കമ്പ്യൂട്ടറുകളില്‍ പ്രത്യക്ഷപ്പെട്ടു. ഇവ എക്സല്‍ ഫയലുകളെയായിരുന്നു ബാധിച്ചത്. ഈ കാലയളവില്‍ ഇന്റര്‍നെറ്റിന്റെ ഉപയോഗത്തിലുണ്ടായ ഗണ്യമായ വളര്‍ച്ച ഉപയോക്താക്കള്‍ക്കു പരസ്പരം വിവരങ്ങള്‍ പങ്കു വെക്കുന്നതിനുള്ള സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു. ഇന്റര്‍നെറ്റ് വ്യാപകമായതോടു കൂടി വൈറസുകളുടെ വ്യാപനവും സുഗമമായി.

1998-ല്‍ സ്ട്രെയിഞ്ച് ബ്ര്യു (StrangeBrew )എന്ന പേരില്‍ ജാവ ഫയലുകളെ ബാധിച്ച വൈറസും തൊണ്ണുറ്റി ഒന്‍പതില്‍ കമ്പ്യൂട്ടര്‍ ലോകത്തിനെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചു കുലുക്കിയ മെലിസ വൈറസും (Melissa virus-W97M/Melissa) ഇറങ്ങുകയുണ്ടായി. മാക്രൊവൈറസ് ഗണത്തില്‍ പെട്ട ഇവ മൈക്രോസോഫ്ട് വേഡ് ഫയലുകളില്‍ എഴുതപ്പെട്ട മാക്രോ കോഡുകള്‍ വഴി കമ്പ്യുട്ടറുകളെ ബാധിക്കുകയും ഔട്ട് ലുക്ക് എക്സ്പ്രസിലെ അഡ്രസുകള്‍ ഉപയോഗിച്ച് ഇമെയിലുകളായി ഈ വൈറസുകളെ അയച്ച് മറ്റുള്ള സിസ്റ്റങ്ങളെയും കീഴ്പ്പെടുത്തുകയും ചെയ്തു. നിരവധി സ്ഥാപനങ്ങളുടെ വിലപ്പെട്ട രേഖകളും മറ്റും ഈ വൈറസിനെ ആക്രമണത്തില്‍ മറ്റുള്ളവരുടെ കൈവശം എത്തിച്ചേന്നു. അന്നു വരെ ഇറങ്ങിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും വേഗത്തിലായിരുന്നു മെലിസ, കമ്പ്യൂട്ടര്‍ നെറ്റ്‌വർക്കുകൾ വഴി ബാധിച്ചത്. ഡേവിഡ് എല്‍ സ്മിത്ത് എന്ന മുപ്പത്തി മൂന്നുകാരനായിരുന്നു ഇതിന്റെ പിന്നില്‍.

അതേ വര്‍ഷം തന്നെ ചെര്‍ണൊബില്‍(Chernobyl) വൈറസുകള്‍ രംഗപ്രവേശം ചെയ്തു. ഇവ ഹാര്‍ഡ് ഡ്രൈവുകള്‍ തുറക്കുന്നതില്‍ നിന്നും ഉപയോക്താക്കളെ തടയുകയും അതിനെ തുടര്‍ന്ന് വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കി വെക്കുകയും ചെയ്തു. തുടര്‍ന്ന് ബബിള്‍ ബോയിയുടെ (Bubbleboy ) വിളയാട്ടമായിരുന്നു. ഇമെയില്‍ മെസ്സേജുകള്‍ (ഔട്ട്‌ലുക്ക് എക്സ്പ്രസ്) തുറന്നു നോക്കുകയൊ പ്രിവ്യു നോക്കുകയൊ ചെയ്യുമ്പോഴെക്കും കമ്പ്യൂട്ടറിനെ ബാധിക്കുന്ന വിധത്തിലായിരുന്നു പ്രോഗ്രാം ചെയ്തിരുന്നത്. ഇവ ഔട്ട്‌ലുക്കിലെ അഡ്രസ് ബുക്കുകള്‍ വഴി മറ്റു കമ്പ്യൂട്ടറുകളിലേയ്ക്ക് വ്യാപിക്കയും ചെയ്തു. ട്രിസ്റ്റേറ്റ് (Tristate) എന്ന മള്‍ട്ടി പ്രോഗ്രാം മാക്രോ വൈറസും അതേ വര്‍ഷം തന്നെ നിരവധി നാ‍ശനഷ്ടങ്ങള്‍ ഉപയോക്താക്കള്‍ക്കു ഉണ്ടാക്കി വെച്ചു. ഇവ വേഡ്, എക്സല്‍, പവര്‍പോയിന്റ് മുതലായ മൈക്രോസോഫ്ട് ഉല്‍പ്പന്നങ്ങള്‍ വഴിയായിരുന്നു കമ്പ്യൂട്ടറുകളെ ബാധിച്ചിരുന്നത്.

2000 ലാണ് ലവ് ബഗ് (Love Bug) അല്ലെങ്കില്‍ ഐ ലവ് യു (ILoveYou) എന്നറിയപ്പെട്ട വൈറസ് പ്രത്യക്ഷപ്പെട്ടത്. ഇവയും മെലിസയെപ്പോലെ ഔട്ട് ലുക്ക് വഴിയായിരുന്നു കമ്പ്യൂട്ടറുകളെ ബാധിച്ചത്. ഫിപ്പൈന്‍സില്‍ നിന്നും ഉല്‍ഭവിച്ച ഈ വൈറസ് ഒരു VBS അറ്റാച്ച്‌മെന്റ് ആയി അയക്കപ്പെടുകയും കമ്പ്യൂട്ടറിനുള്ളീലെ ഫയലുകള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഇവയില്‍ ആഡിയൊ ഫയലുകള്‍, ചിത്രങ്ങള്‍ എന്നിവയെല്ലം ഉള്‍പ്പെട്ടിരുന്നു. കൂടാതെ ഇവ ഇമെയിലുകളുടെ യൂസര്‍ നെയിമുകളും പാസ് വേഡുകളും വൈറസ് എഴുതിയ ആളിനു അയക്കപ്പെട്ടിരുന്ന വിധത്തിലായിരുന്നു എഴുതിയിരുന്നത്. ലവ് ബഗ് വൈറസ് ആറുമണിക്കുര്‍ കൊണ്ട് അമേരിക്കയിലും യൂറോപ്പിലും വ്യാപകമായി കമ്പ്യുട്ടറുകളെ ബാധിക്കുകയും ഏകദേശം രണ്ടരമില്യണ്‍ പേഴ്സണല്‍ കമ്പ്യൂട്ടറുകളെ തകരാറിലാക്കുകയും ചെയ്തു. ഏകദേശം ഒന്‍പതു ബില്യണ്‍ ഡോളറിന്റെ നാശനഷ്ടമായിരുന്നു ലവ് ബഗ് വൈറസ് വരുത്തി വെച്ചത്.

മെലിസയുടെയും ലവ് ബഗിന്റെയും ചുവടു പിടിച്ച് പിന്നീട് നിരവധി വേമുകളുടെ വകഭേദങ്ങള്‍ ഇറങ്ങി. രണ്ടായിരത്തില്‍ ഇറങ്ങിയ,  പിഡി‌എ( പെഴ്സണല്‍ ഡിജിറ്റല്‍ അസ്സിസ്റ്റന്റ്) കളെ ബാധിക്കുന്ന ലിബര്‍ട്ടി എന്ന ട്രോജനുകള്‍ ശ്രദ്ധേയമായിരുന്നു. ഈ ട്രോജന്‍ വൈറസിന്റെ കര്‍ത്താവ് പാമുകളില്‍ ഉപയോഗിക്കുന്ന ബോയ് എമുലേറ്റര്‍ ലിബര്‍ട്ടി എന്ന ഗെയിമിന്റെ സ്രഷ്ടാ‍വായിരുന്നു.

രണ്ടായിരത്തി ഒന്നില്‍ ഇറങ്ങിയ വൈറസ്സാണ് അന്നാ കുര്‍ണ്ണിക്കോവ. ടെന്നീസ് താരമാ‍യ അന്നാകുര്‍ണ്ണിക്കോവയുടെ ഒരു ചിത്രത്തില്‍ ഒളിപ്പിച്ചു വെച്ചിരുന്ന ഒരു പ്രോഗ്രാം വഴിയായിരുന്നു ഇവ ഇമെയില്‍ വഴി അയച്ചിരുന്നതു. മെലിസയുടെയും ലവ് ബഗ് വൈറസിന്റെയും ഇനത്തില്‍പ്പെട്ട ഒരു വൈറസായിരുന്നു അന്നാകുര്‍ണ്ണിക്കോവ. ഔട്ട് ലുക്കില്‍ നിന്ന് വിലാസങ്ങള്‍ കൈവശപ്പെടുത്തി വൈറസ് പരത്തുക എന്ന രീതിയായിരുന്നു ഇതിന്റെയും. ഈ വൈറസ് ആദ്യത്തെ വൈറസ് ക്രിയേഷന്‍ കിറ്റ് എന്ന പേരില്‍ അറിയപ്പെടുന്നു. ഒട്ടനവധി വൈറസുകള്‍ സൃഷ്ടിക്കാവുന്ന കോഡുകള്‍ ഇതില്‍ എഴുതപ്പെട്ടിരുന്നു എന്നാണ് ഇന്റര്‍നെറ്റ് സെക്യൂരിറ്റി വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

മേയ് ആയപ്പോഴെക്കും ഹോം പേജ് വൈറസ് (Home page virus) എന്ന അപരനാമധേയത്തില്‍ അറിയപ്പെട്ട വൈറസ് ഔട്ട് ലുക്ക് എക്സ്പ്രസുകളെ ബാധിച്ചു. ഇവ തുറക്കുമ്പൊഴെല്ലാം പോര്‍ണൊ സൈറ്റുകള്‍ ആയിരുന്നു പകരം തുറന്നു വന്നിരുന്നത് . ഇവ VBSWG.X എന്ന പേരില്‍ അറിയപ്പെടുന്നു. ഈ വൈറസ് ഏഷ്യയിലേയും യൂറോപ്പിലെയും കമ്പ്യൂട്ടര്‍ സിസ്റ്റങ്ങളെയായിരുന്നു കൂടുതലും ബാധിച്ചത്. നേരത്തെ ഉണ്ടായിട്ടുള്ള അനുഭവങ്ങളെ തുടര്‍ന്ന് വേണ്ട മുന്‍‌കരുതലെടുത്തതിനാല്‍ അമേരിക്കയിലുള്ള കമ്പ്യൂട്ടറുകളെ ഇവ കൂടുതല്‍ ബാധിക്കുകയുണ്ടായില്ല, ഈ വൈറസിന്റ്റെ ഉറവിടം അര്‍ജന്റീനയാണെന്നു കരുതിപ്പോരുന്നു.

പിന്നീട് കോഡ് റെഡ് വേമുകള്‍ (Code Red Worms) എന്നറിയപ്പെട്ട, ഇന്റര്‍നെറ്റിലെ എക്കാലത്തെയും വലിയ വൈറസിന്റെ ആക്രമണത്തിനു ലോകം സാക്ഷ്യം വഹിച്ചു. ഇവ ജൂലൈ ആഗസ്റ്റ് മാസങ്ങളില്‍ നെറ്റ്‌വർക്കുകളെ തകര്‍ക്കുകയും അന്നു വരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും കൂടുതല്‍ കമ്പ്യൂട്ടര്‍ നെറ്റ്‌വർക്കുകളെ ബാധിക്കുകയും ചെയ്തു. ഏകദേശം ഏഴു ലക്ഷത്തോളം കമ്പ്യൂട്ടറുകളെ ഇവ ബാധിക്കുകയും രണ്ടു ലക്ഷത്തോളം കമ്പ്യൂട്ടറുകളില്‍ നാശം വിതക്കുകയും ചെയ്തു. ഇവ ഇൻ‌റ്റ്രാനെറ്റിനെയും  ലോക്കല്‍ നെറ്റ്‌വര്‍ക്കുകളെയും ആക്രമിച്ചു. വിന്‍ഡോസ് രണ്ടായിരത്തിന്റെയും വിന്‍‌ഡോസ് എന്‍ റ്റിയിലെയും സെര്‍വര്‍ എഡിഷനുകളുടെ ദൌര്‍ബല്യങ്ങള്‍ ആയിരുന്നു ഈ വൈറസുകള്‍ മുതലെടുത്തത്. പിന്നീട് മൈക്രോസോഫ്ട് ഇതിനെ തടയുന്നതിനു വേണ്ടീയുള്ള പാച്ചുകള്‍ വികസിപ്പിക്കുകയും തങ്ങളുടെ ഓപ്പറേറ്റിംഗ് സോഫ്ട് വെയറുകളില്‍ തകരാറുണ്ടെന്നു ഔദ്യോഗികമായി സമ്മതിക്കുകയും ചെയ്തു. നിരവധി കമ്പനികളുടെ നെറ്റ് വര്‍ക്കുകള്‍ ഈ വൈറസ് തകര്‍ത്തുതരിപ്പണമാക്കി.

തുറ്റര്‍ന്ന് ജൂലൈ ഇരുപത്തിഅഞ്ചിനു W32/Sircam എന്ന വൈറസ് ഇമെയിലുകള്‍ വഴി സുരക്ഷിതമല്ലാത്തെ നെറ്റ് വര്‍ക്കുകളെ ബാധിക്കുകയും കമ്പ്യൂട്ടറിലുള്ള ഇമെയില്‍ അഡ്രസുബുക്കുകള്‍ വഴി പരക്കുകയും ചെയ്തു. കോഡ് റെഡ് വേം 2 അവശേഷിപ്പിച്ചു പോയ ബാക്ക് ഡോറുകളെ ഇമെയിലുകളും, ഷെയര്‍ ചെയ്തിരിക്കുന്ന നെറ്റ് വര്‍ക്കുകളും ഇന്‍ഫെക്റ്റ് ചെയ്തിരിക്കുന്ന വെബ്സൈറ്റുകളും വഴി W32/Nimda എന്ന വൈറസ് ആക്രമിച്ചു. ഈ ബാക് ഡോര്‍ വൈറസ് ഇന്നും നിരവധി സിസ്റ്റങ്ങളില്‍ നിലനില്‍ക്കുന്നു.

രണ്ടായിരത്തി രണ്ടില്‍ Klezworm എന്നറിയപ്പെട്ടിരുന്ന വേമുകള്‍ ഒറിജിനല്‍ ഫയലിന്റെ ഒരു കോപ്പി സൃഷ്ടിച്ചിട്ട് യഥാര്‍ത്ഥ ഫയലിനെ ഓവര്‍ റൈറ്റ് ചെയ്തുകൊണ്ടാണ് കമ്പ്യൂട്ടറുകളെ ഇന്‍ഫക്റ്റ് ചെയ്തത്. ഇവ ഹിഡന്‍ കോപ്പിയായി, എന്‍‌ക്രിപ്ട് ചെയ്താണ് കമ്പ്യൂട്ടറുകളില്‍ സൂക്ഷിക്കപ്പെട്ടിരുന്നത്. ഇങ്ങനെ സൃഷ്ടിക്കപ്പെട്ട ഫയലുകള്‍ ഒറിജിനല്‍ ഫയലിന്റെ പേരില്‍ തന്നെയായിരുന്നു സേവ് ചെയ്തിരുന്നത് . എന്നാല്‍ ഇവയുടെ എക്സ്റ്റന്‍ഷനുകള്‍ മാറ്റി മറിച്ചായിരുന്നു അവയില്‍ സൂക്ഷിക്കപെട്ടതിനാല്‍ അവ കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ടായിരുന്നു.

അതേ വര്‍ഷം തന്നെ നിംഡ(Nimda) എന്ന വൈറസ് പുറത്തിറങ്ങി. ഇവ കമ്പ്യൂട്ടറുകളെ നെറ്റ് വര്‍ക്കുകള്‍ വഴി ബാധിക്കുകയുണ്ടായി. അഡ്മിന്‍ (admin) എന്ന വാക്കിന്റെ തിരിച്ചിട്ട രൂപമാണ്, നിംഡ. മൈക്രോസോഫ്ട് ഐ ഐ എസ് വെബ് സെര്‍വറുകളിലെ ദൌര്‍ബല്യങ്ങള്‍ മുതലെടുത്ത ഇവ ലോക്കല്‍ സിസ്റ്റങ്ങളിലെ ഫയലുകളെയും നെറ്റ് വര്‍ക്കുകള്‍ വഴി ഷെയർ ചെയ്യപ്പെട്ട ഫയലുകളെയും ബാധിച്ചു.
അക്കാലയളവില്‍ തന്നെ പുറത്തിറങ്ങിയ മറ്റൊരു വേം വിഭാഗത്തില്‍ പെട്ട വൈറസായിരുന്നു യാഹ ക്യു( Yaha Q). ഇന്‍ഡ്യന്‍ സ്നേക്സ് എന്നറിയപ്പെട്ട ഇന്‍ഡ്യന്‍ ഹാക്കേഴ്സ് ഗ്രൂപ്പായിരുന്നു ഈ വേമുകളുടെ സൂത്രധാരകര്‍. ഇവര്‍ പാകിസ്ഥാന്റെ ഔദ്യോഗിക സൈറ്റുകള്‍, പ്രതിരോധവകുപ്പിന്റേതടക്കം തകര്‍ത്തു അവരുടെ ഹോം പേജില്‍ ഇന്‍ഡ്യന്‍ ഫ്ലാഗ് പറത്തുകകൂടി അക്കാലത്തു ചെയ്തിരുന്നു.

രണ്ടായിരത്തി മുന്നില്‍ ബഗ്ബിയര്‍ വൈറസുകള്‍ കമ്പ്യുട്ടറുകളെ ബാധിച്ചു. ഇവ കമ്പ്യുട്ടറിനുള്ളില്‍ സൂക്ഷിച്ചു വെച്ചിരിക്കുന്ന ഇമെയില്‍ വിലാസങ്ങളെ സേര്‍ച്ച് ചെയ്യുകയും തുടര്‍ന്ന് വൈറസുകളുടെ ഒരു കോപ്പിയെ ഈ ഇമെയില്‍ വിലാസങ്ങളിലേക്കു അയക്കുകയും ചെയ്തു. ഇവയില്‍ നിന്നുമുള്ള ഇമെയില്‍ വിലാസങ്ങളെ റാന്‍ഡം ആയി കോപ്പി ചെയ്തു ഫ്രം ഫീല്‍ഡില്‍ ഉപയോഗിക്കുകയുണ്ടായി. അതു കൊണ്ട് തന്നെ ആരാണ് യഥാര്‍ത്ഥത്തില്‍ ഇമെയിലുകള്‍ അയക്കുന്നതെന്ന ഒരു ചിന്താക്കുഴപ്പം ഇമെയില്‍ ലഭിക്കുന്നവരില്‍ ഉണ്ടാകുകയും ചെയ്തു.

പിന്നീട് ഇറങ്ങിയ Klez.H വൈറസുകള്‍ കമ്പ്യൂട്ടറില്‍ നിന്നും റാന്‍ഡം ആയി ഒരു ഡോക്യുമെന്റ് തെരഞ്ഞെടുക്കുകയും അവയെ ഇമെയിലുകള്‍ വഴി അയക്കുകയും ചെയ്തു. ബഗ് ബിയര്‍ വൈറസുകളുടെ അതേ സ്വഭാവ സവിശേഷതകളായിരുന്നു Klez.H വൈറസിനുമുണ്ടായിരുന്നതു. ആ വര്‍ഷം കമ്പ്യൂട്ടറുകളെ ബാധിച്ച ഏറ്റവും വിനാശകരമായ വൈറസായിരുന്നു Klez.H വൈറസുകള്‍. നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നതില്‍ Klez.H വൈറസുകള്‍ അന്നു വരെ ഇറങ്ങിയിട്ടൂള്ള വൈറസുകളില്‍ രണ്ടാമത്തേതായിരുന്നു. ഏകദേശം 14 ബില്യണ്‍ ഡോളറിന്റെ നഷ്ടമായിരുന്നു ഇവ വരുത്തി വെച്ചതു. ലവ് ബഗ് വൈറസിനെയാണിത് കടത്തി വെട്ടിയത്.

2003 ആഗസ്റ്റില്‍ ഇറങ്ങിയ സോബിക് (Sobig) വൈറസുകളുടെയും ഹാക്കര്‍മാരുടെയും കൂട്ടായ ആക്രമണം 32.8 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക നഷ്ടം കമ്പനികള്‍ക്കു വരുത്തി വെച്ചു. ലണ്ടന്‍ ആസ്ഥാനമായ, ഡിജിറ്റല്‍ റിസ്ക് അസെസ്മെന്റ് കമ്പനിയായ mi2g വിന്റെ റിപ്പോര്‍ട്ട് പ്രകാരം സോബിക് വൈറസ് മാത്രം ആ വര്‍ഷം 29.7 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക നഷ്ടം ലോകമെമ്പാടും വരുത്തി വെച്ചു.

പിന്നീട് കമ്പ്യൂട്ടറുകളിലെ പ്രിന്റര്‍ ഷെയറിംഗും ഫയല്‍ ഷെയറിംഗും സാധ്യമാക്കുന്ന വി‌ന്‍‌ഡോസ് സിസ്റ്റങ്ങളിലെ റിമോട്ട് പ്രൊസിജ്യര്‍ കാള്‍ (remote procedure call) പ്രോസസിന്റെ ദൌര്‍ബല്യങ്ങള്‍ മുതലെടുത്തു കൊണ്ട് ബ്ലാസ്റ്റര്‍ വേമുകള്‍ (Blaster Worms) ഇറങ്ങി. മണിക്കൂറുകള്‍ക്കുള്ളില്‍ ആന്റി വൈറസ് നിര്‍മ്മാണ കമ്പനിയായ സീമാന്റിക് കോര്‍പ്പറേഷന്‍ ഇവ ഒരു മണിക്കുറിനുള്ളില്‍ 420 മുതല്‍ 4000 കമ്പ്യൂട്ടറുകളെ വരെ ബാധിച്ചുവെന്നു കണ്ടെത്തി. ശരാശരി 2500 കമ്പ്യൂട്ടറുകള്‍ ഒരു മണിക്കൂറിനുള്ളില്‍ ഈ വൈറസ് ആക്രമണത്തിനു വിധേയമായി.

രണ്ടായിരത്തി നാലില്‍ മൈ ദൂം (MyDoom) എന്ന പേരിലുള്ള വൈറസ് കമ്പ്യൂട്ടറുകളെ ബാധിച്ചു. അന്നേവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും കൂടൂതല്‍ നാ‍ശനഷ്ടങ്ങള്‍ ഉണ്ടാക്കിയ വൈറസായിരുന്നു ഇത്. ലോകമെമ്പാടും ഇന്റര്‍നെറ്റ് വഴി പ്രവഹിക്കുന്ന ഇമെയിലുകളുടെ ആകെ 30 ശതമാനത്തോളം ഈ വൈറസുകള്‍ ബാധിച്ചു. ആദ്യത്തെ 36 മണിക്കൂറിനുള്ളില്‍ നൂറ് മില്യണ്‍ ഇമെയിലുകളെയാണിവ കീഴ്പ്പെടുത്തിയത്. നെറ്റ് വര്‍ക്കുകളെ ബ്ലോക്ക് ചെയ്യുകയും സെര്‍വ്വറുകളെ ഓവര്‍ലോഡ് ചെയ്യിക്കുകയും ചെയ്തു. രണ്ട് ദിവസത്തിനു ശേഷം മൈ ദൂം വേം ബി എന്ന പേരില്‍ അടുത്ത വേം വൈറസുകള്‍ പുറത്തു വന്നു. മൈക്രോസോഫ്ട് വെബ്സൈറ്റിനെ സര്‍വീസുകള്‍ നടത്തുന്നതില്‍ നിന്നും തടഞ്ഞു. കമ്പ്യൂട്ടറുകളിലെ ആന്റി വൈറസ് പ്രോഗ്രാമുകളെ ഉപയോഗിക്കാന്‍ പറ്റാതെയാക്കി.

വേമുകള്‍ എന്നറിയപ്പെടുന്ന കമ്പ്യൂട്ടര്‍ വൈറസുകളുടെ മറ്റൊരു വകഭേദമായിരുന്നു ലോകത്തെമ്പാടും എറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ വിതച്ചത്. ബ്ലാക്ക് ഹാറ്റ് വൃത്തങ്ങളില്‍ ആര്‍ റ്റി എന്ന അപരനാമധേയത്തില്‍ അറിയപ്പെട്ടീരുന്ന റോബര്‍ട്ട് മോറിസണ്‍ ആണ് വേമുകളുടെ ഉപജ്ഞാതാവ്. മെലിസ, കോഡ് റെഡ്, സോബിക്, മൈ ദൂം,നിംഡ എന്നിവയെല്ലാം തന്നെ വേം വിഭാഗത്തില്‍ പെട്ട വൈറസുകളായിരുന്നു. മറ്റൊന്നിന്റെ സഹായമില്ലാതെ സ്വയമേവ തന്നെ പെരുകുവാന്‍ (Self replicating Programs) കഴിവുള്ളവയാണ് ഇത്തരം വൈറസുകള്‍. അറിയപ്പെട്ടതില്‍ വെച്ച് തൊണ്ണൂറ്റൊമ്പത് ശതമാനം വേമുകളും വൈറസുകളും ബാധിച്ചിരിക്കുന്നതു മൈക്രോസോഫ്ട് ഉല്‍പ്പന്നങ്ങളെയായിരുന്നു. ഇവയിലെ ദൌര്‍ബല്യങ്ങളായിരുന്നു ഇത്തരം വൈറസുകളും വേമുകളും മുതലെടുത്തത്. . ഇതില്‍ കോഡ് റെഡ് വേം 2 ബാക്കി വെച്ച ബാക്ക് ഡോറുകള്‍ ഇന്നും മൈക്രോസോഫ്റ്റിന്റെ വെബ്സെര്‍വറുകള്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളീല്‍ ഉണ്ടെന്നു വിശ്വസിക്കുന്നു.

No comments: