വിന്‍ഡോസ് 7 ലെ "ഗോഡ് മോഡ് "

കമ്പ്യൂട്ടര്‍ സ്ഥിരമായി ഉപയോഗിക്കുന്ന ചിലര്‍ക്കെങ്കിലും ഓപ്പറേറ്റിങ് സിസ്റ്റത്തിനുമേല്‍ ഇതിലേറെ നിയന്ത്രണങ്ങള്‍ വേണമെന്നുവരാം. പ്രത്യേകിച്ച് ഗ്നൂ ലിനക്സ് വിതരണങ്ങള്‍ ഉപയോഗിച്ചു ശീലിച്ചവര്‍ക്ക് കമ്പ്യൂട്ടറിനെ തങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ മാറ്റിത്തീര്‍ക്കാന്‍ ഏറെ താത്പര്യമാണു്. ഉദാഹരണത്തിന് ആര്‍ക്ക് ലിനക്സ് എന്ന ഗ്നൂ ലിനക്സ് വിതരണത്തില്‍ കോണ്‍ഫിഗറേഷന്‍ ഫയലുകളെല്ലാം /etc എന്ന ഡയറക്ടറിയില്‍ ലഭ്യമാണ്. കണ്‍സോളില്‍ നിന്നു് കമാന്‍ഡ് ലൈനിലൂടെ അവ ആക്സസ് ചെയ്ത് ഏതെങ്കിലും ടെക്സ്റ്റ് എഡിറ്റര്‍ ഉപയോഗിച്ച് അനായാസം ആവശ്യമായ മാറ്റങ്ങള്‍ വരുത്താം. അതല്ല, ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസിലൂടെ ചെയ്യാനാണ് താത്പര്യമെങ്കില്‍ ഉപയോഗിക്കുന്ന ഡെസ്ക്ടോപ്പ് എന്‍വയണ്‍മെന്റിന്റെ (കെഡിഇ, ഗ്നോം) മെനുവില്‍ നിന്ന് സിസ്റ്റം സെറ്റിങ്സില്‍ എത്തിയും മെനു ‍>> ആപ്ലിക്കേഷന്‍സ് >> സിസ്റ്റം വഴിയും ഇതൊക്കെ ചെയ്യാം. വിന്‍ഡോസിലെ കണ്‍ട്രോള്‍ പാനലിലാവട്ടെ, ഇത്രയും സൌകര്യങ്ങള്‍ ഒരുമിച്ച് ലഭ്യവുമല്ല.

അതൊക്കെ പഴങ്കഥ. സ്വതന്ത്ര ഡെസ്ക്ടോപ്പ് എന്‍വയണ്‍മെന്റായ കെഡിഇയുടെ ഇന്റര്‍ഫേസിനെ നടപ്പിലും ഭാവത്തിലും അനുകരിക്കുന്ന വിന്‍ഡോസ് 7ലേക്കു് ഗ്നൂ ലിനക്സില്‍ മാത്രം ലഭ്യമായിരുന്ന ഇത്തരം സൌകര്യങ്ങള്‍ കൂടി വരുന്നു. കോപ്പിറൈറ്റ് നിയമത്തിന്റെ ലംഘനം ഭയന്നാവാം, അധികം പ്രചാരണം നല്‍കിയിട്ടില്ലാത്ത ഈ ഫീച്ചര്‍ "ഗോഡ് മോഡ്" എന്നാണ് അറിയപ്പെടുന്നത്. പ്രമുഖ ടെക്നോളജി പോര്‍ട്ടലായ സിനെറ്റിലെ ഇനാ ഫ്രൈഡും ചില ടെക്നോളജി ബ്ലോഗര്‍മാരുമാണ് ഈ ഫീച്ചര്‍ പുറംലോകത്തിന് വെളിപ്പെടുത്തിയത്.

വിന്‍ഡോസ് 7 ഓപ്പറേറ്റിങ് സിസ്റ്റത്തിലെ ഏതാണ്ട് എല്ലാ നിയന്ത്രണങ്ങളും വിഭാഗം തിരിച്ച് ഒരു ഫോള്‍ഡറില്‍ സാധ്യമാക്കുന്ന സംവിധാനമാണ് ഗോഡ് മോഡ്. ഈ സംവിധാനം ലഭ്യമാക്കാനായി ഒരു പുതിയ ഫോള്‍ഡര്‍ സൃഷ്ടിച്ച് അതിനെ ഒരു പ്രത്യേക ടെക്സ്റ്റ് സ്ട്രിങ് ഉപയോഗിച്ച് പുനര്‍നാമകരണം ചെയ്യുകയേ വേണ്ടൂ. മൌസ് പോയിന്ററിന്റെ 'ലുക്ക്' മാറ്റുന്നതുമുതല്‍ പുതിയ ഹാര്‍ഡ് ഡ്രൈവ് പാര്‍ട്ടീഷനിങ് വരെ ഇതുവഴി സാധ്യമാകും. വിന്‍ഡോസ് 7ല്‍ മാത്രമല്ല, വിസ്തയിലും ഈ വിദ്യ നടപ്പാക്കാനാവും. വിസ്തയുടെ 32 ബിറ്റ് എഡിഷനിലാണ് ഇതു് പ്രശ്നമില്ലാതെ നടക്കുക. വിസ്തയുടെ തന്നെ 64 ബിറ്റ് എഡിഷനില്‍ ഗോഡ് മോഡ് എനേബിള്‍ ചെയ്യുന്നത് സിസ്റ്റം ക്രാഷ് ചെയ്യാന്‍ ഇടയാക്കും. അതേ സമയം ചില സൂത്രവിദ്യകളിലൂടെ ഈ പ്രശ്നം മറികടക്കാനുമാവും.

വിന്‍ഡോസ് 7 ഉപയോഗിക്കുന്നവര്‍ക്ക് ഗോഡ് മോഡ് പരീക്ഷിക്കണമെന്നുണ്ടോ? എങ്കില്‍ ചെയ്യേണ്ടത് ഇത്രമാത്രം: ഒരു പുതിയ ഫോള്‍ഡര്‍ ഉണ്ടാക്കുക. അതിന്റെ പേര് താഴെപ്പറയുന്ന ടെക്സ്റ്റ് സ്ട്രിങ് ആക്കി മാറ്റുക.

GodMode.{ED7BA470-8E54-465E-825C-99712043E01C}

ഒരിക്കല്‍ അതു ചെയ്തുകഴിഞ്ഞാല്‍ ഫോള്‍ഡറിന്റെ ഐക്കണ്‍ കണ്‍ട്രോള്‍ പാനലിന്റെ ഐക്കണിനോട് സമാനമായ രൂപത്തിലേക്ക് മാറുകയും അതിനുള്ളില്‍ ഡസണ്‍ കണക്കിന് കണ്‍ട്രോള്‍ ഓപ്ഷനുകള്‍ വിപുലമായി തന്നെ ലഭ്യമാവുകയും ചെയ്യും.


ഇനി ഈ സൌകര്യത്തെ ഗോഡ് മോഡ് എന്നൊക്കെ വിളിക്കുന്നത് ദൈവത്തെ തൊട്ടുള്ള കളിയാണെന്നും അതു് പാടില്ലെന്നുമാണോ? എങ്കില്‍ പ്രയാസപ്പെടേണ്ട, ആ ഫയല്‍ നെയിമിലെ ഗോഡ് മോഡ് എന്ന ഭാഗത്ത് വേറെ ഏതുപേരും ചേര്‍ക്കാം. അതായത്, ഗോഡ് മോഡിനു പകരം ചെകുത്താന്‍മോഡാക്കിയാലും കുഴപ്പമില്ലത്രേ. അതിനുശേഷമുള്ള പീരിഡ് (കുത്ത്) മുതലുള്ള ഭാഗങ്ങള്‍ അതേ പടി നിലനിര്‍ത്തണമെന്നുമാത്രം.

മൈക്രോസോഫ്റ്റ് പറയുന്നത് ഈ സൌകര്യം പഴയ ഒഎസ് വേര്‍ഷനുകളിലും നിലവിലുള്ളതാണെന്നും എന്‍ഡ് യൂസര്‍മാരെക്കാള്‍ ഡവലപ്പര്‍മാര്‍ക്ക് സൌകര്യപ്രദമായ രീതിയില്‍ വിവിധ നിയന്ത്രണങ്ങള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശ്യമേ ഇതിനുപിന്നില്‍ ഉള്ളൂ എന്നുമാണ്. എല്ലാ നിയന്ത്രണങ്ങളും ഒരിടത്ത് ലഭിക്കുന്ന ഗോഡ് മോഡ് കൂടാതെ ചില പ്രത്യേക വിഭാഗത്തിന്റെ മാത്രം നിയന്ത്രണം ലഭ്യമാക്കുന്ന ടെക്സ്റ്റ് സ്ട്രിങ്ങുകളുമുണ്ട്. ഒരു ലൊക്കേഷന്‍ തിരഞ്ഞെടുക്കുന്നതും പവര്‍ സെറ്റിങ്ങുകള്‍ മാനേജ് ചെയ്യുന്നതും ബയോമെട്രിക് സെന്‍സറുകള്‍ തിരിച്ചറിയുന്നതും അടക്കമുള്ള കാര്യങ്ങള്‍ക്ക് പ്രത്യേകം കണ്‍ട്രോള്‍ പോയിന്റുകള്‍ തയ്യാറാക്കാന്‍ ഈ സ്ട്രിങ്ങുകള്‍ ഉപയോഗിച്ച് കഴിയും.

മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഡിവിഷന്‍ പ്രസിഡന്റായ സ്റ്റീവന്‍ സിനോഫ്സ്കി ഈ സ്ട്രിങ്ങുകളുടെ ഒരു പട്ടികയും പുറത്തുവിട്ടിട്ടുണ്ടു്. പുതിയ ഫോള്‍ഡര്‍ സൃഷ്ടിച്ച ശേഷം അതിന് ഒരു പേരുംനല്‍കി ആ പേരിനൊപ്പം ഈ ടെക്സ്റ്റ് സ്ട്രിങ്ങുകളും ചേര്‍ത്ത് സേവ് ചെയ്യുകയേ വേണ്ടൂ. ഏതെങ്കിലും ഒരു വാക്ക്, അതിനെ പിന്തുടര്‍ന്നു് ഒരു കുത്ത്, കുത്തിനുശേഷം സെറ്റ് ബ്രാക്കറ്റിനുള്ളിലായി ടെക്സ്റ്റ് സ്ട്രിങ് എന്നീ ക്രമത്തിലാവണം നാമകരണം.

വിവിധ കണ്‍ട്രോള്‍ പാനല്‍ ഓപ്ഷനുകളിലേക്ക് പോകാനായി പ്രത്യേകം ഫോള്‍ഡറുകള്‍ വേണമെന്നുള്ളവര്‍ക്ക് അവയുടേതായ വ്യതിരിക്ത ജിയുഐഡികളടങ്ങുന്ന ടെക്സ്റ്റ് സ്ട്രിങ്ങുകളുടെ വിശദമായ പട്ടിക മൈക്രോസോഫ്റ്റ് ഡവലപ്പേഴ്സ് നെറ്റ്‌വര്‍ക്കിലെ ലൈബ്രറി പേജില്‍ ലഭ്യമാണ്. http://bit.ly/win7cp എന്ന ഷോര്‍ട്ട് യുആര്‍എല്ലും ഉപയോഗിക്കാം.

No comments: