ക്ലയന്റ്/സെർവർ

ഒരു ക്ലയന്റ്/സെർവർ ബന്ധത്തിൽ ഒരു ക്ലയന്റ് പ്രോഗ്രാം സെർവർ പ്രോഗ്രാമിനോട് ഒരു സേവനം ആവശ്യപ്പെടുകയും, സെർവർ പ്രോഗ്രാം അത് നിറവേറ്റുകയും ചെയ്യുന്നു. ഈ ബന്ധം ഒരേ കമ്പ്യൂട്ടറിൽ തന്നെയുള്ള പ്രോഗ്രാമുകൾ തമ്മിൽ സാധ്യമാണെങ്കിലും, ഒരു നെറ്റ്‌വർക്കിലാണ് ഇതിനു കൂടുതലും പ്രസക്തിയുള്ളത്. വ്യത്യസ്ത സ്ഥലങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ഒരു നെറ്റ്‌വർക്കിലെ പ്രോഗ്രാമുകളെ കൂട്ടിയിണക്കാനായി ഉപയോഗിക്കുന്ന സൗകര്യപ്രദമായ ഒരു രീതിയാണ് ക്ലയന്റ്/സെർവർ മാതൃകകൾ. ക്ലയന്റ്/സെർവർ മാതൃകക്ക് ഏറ്റവും നല്ല ഉദാഹരണം ഓൺലൈൻ ബാങ്കിന്റെതാണ്. ഒരാൾ തന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഇന്റർനെറ്റിലൂടെ പരിശോധിക്കുമ്പോൾ ഉപയോക്താവ് ഉപയോഗിക്കുന്ന കമ്പ്യൂട്ടറിലെ ഒരു ക്ലയന്റ് പ്രോഗ്രാം ബാങ്കിലെ ഒരു സെർവർ പ്രോഗ്രാമിനോട് ഈ വിവരം ആവശ്യപ്പെടുകയാണു് ചെയ്യുന്നത്. ബാങ്കിലെ സെർവർ പ്രോഗ്രാം, ഒരു ക്ലയന്റ് പ്രോഗ്രാം വഴി വിവരപ്പട്ടിക സൂക്ഷിച്ചിരിക്കുന്ന കമ്പ്യൂട്ടറിലെ സെർവറുമായി ബന്ധപ്പെട്ട് ആവശ്യമായ വിവരം ശേഖരിക്കുന്നു. തുടർന്ന് ഈ വിവരം ഉപയോക്താവിന്റെ കമ്പ്യൂട്ടറിലുള്ള ക്ലയന്റ് പ്രോഗ്രാമിലേയ്ക്ക് അയയ്ക്കുകയും, ക്ലയന്റ് പ്രോഗ്രാം അത് സ്ക്രീനിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നു.

No comments: