'ഡി.എന്‍.എസ്. ചെയ്ഞ്ചര്‍' എന്ന വൈറസ്‌

ഇന്റര്‍നെറ്റ് കണക്ഷന് പ്രശ്‌നമൊന്നും കാണാനുണ്ടാകില്ല. എന്നാല്‍, ആവശ്യമുള്ള സൈറ്റുകള്‍ സന്ദര്‍ശിക്കാനുള്ള ശ്രമം തുടര്‍ച്ചയായി പരാജയപ്പെടുന്നത് തിങ്കളാഴ്ച പലര്‍ക്കും തലവേദന സൃഷ്ടിക്കും. 'ഡി.എന്‍.എസ്. ചെയ്ഞ്ചര്‍' എന്ന ദുഷ്ടപ്രോഗ്രാം ബാധിച്ച ലക്ഷക്കണക്കിന് കമ്പ്യൂട്ടറുകള്‍ക്ക് തിങ്കളാഴ്ച ഇന്റര്‍നെറ്റ് കണക്ഷന്‍ പ്രശ്‌നമാകും.

'ഡി.എന്‍.എസ്.ചെയ്ഞ്ചര്‍ ബോട്ട്‌നെറ്റ്' (DNS Changer botnet) എന്ന ദുഷ്ടപ്രോഗ്രാം ശൃംഖലയുടെ അവശേഷിപ്പാണ്, ഇന്റര്‍നെറ്റ് ഉപഭോക്താക്കളെ തിങ്കളാഴ്ച ബുദ്ധിമുട്ടിലാക്കുകയെന്ന് 'ടെക്‌നോളജി റിവ്യൂ' റിപ്പോര്‍ട്ടു ചെയ്തു.

2007 മുതല്‍ കഴിഞ്ഞ ഒക്ടോബര്‍ വരെ നൂറുരാജ്യങ്ങളിലായി ഏതാണ്ട് 40 ലക്ഷം കമ്പ്യൂട്ടറുകളെ ഡി.എന്‍.എസ്.ചെയ്ഞ്ചര്‍ വൈറസ് ബാധിച്ചതായി എഫ്.ബി.ഐ. പറയുന്നു. ഉടമസ്ഥനറിയാതെ കമ്പ്യൂട്ടറുകളെ നിയന്ത്രിക്കാനും വെബ്ബ് ട്രാഫിക് തിരിച്ചുവിടാനും സൈബര്‍ ക്രിമിനലുകള്‍ക്ക് ഇത്തരം ദുഷ്ടപ്രോഗ്രാം ശൃംഖലകള്‍ അവസരമൊരുക്കുന്നു.

ഡി.എന്‍.എസ്. സെര്‍വറുകളുടെ നിര്‍ദേശപ്രകാരം വൈറസ് ബാധിത കമ്പ്യൂട്ടറുകള്‍ ചില സൈറ്റുകള്‍ സന്ദര്‍ശിക്കുകയും, അവിടുള്ള പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യുകയും ചെയ്യുന്നു. അതുവഴി സൈബര്‍ ക്രിമനലുകള്‍ക്ക് വ്യാജമാര്‍ഗത്തിലൂടെ പരസ്യവരുമാനം ഉണ്ടാക്കാന്‍ കഴിയുന്നു.

ഡി.എന്‍.എസ്.ചെയ്ഞ്ചര്‍ ബോട്ട്‌നെറ്റിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് കരുതുന്ന എസ്‌തോണിയന്‍ പൗരന്‍മാരെ കഴിഞ്ഞ വര്‍ഷം നവംബറില്‍ എഫ്.ബി.ഐ.അറസ്റ്റു ചെയ്തിരുന്നു. അമേരിക്കയില്‍ ന്യൂയോര്‍ക്കിലും ഷിക്കാഗോയിലും പ്രവര്‍ത്തിച്ചിരുന്ന ഡി.എന്‍.എസ്.സെര്‍വറുകള്‍ പിടിച്ചെടുക്കുകയും ചെയ്തു.


ആഗോള ഡി.എന്‍.എസ്.വൈറസ് ബാധിച്ച കമ്പ്യൂട്ടറുകളുടെ വിതരണം



സാധാരണഗതിയില്‍ ഇത്തരം ദുഷ്ടസെര്‍വറുകള്‍ അടച്ചുപൂട്ടി ബോട്ട്‌നെറ്റുകള്‍ തകര്‍ക്കാറാണ് പതിവ്. എന്നാല്‍, ഡി.എന്‍.എസ്. ചെയ്ഞ്ചര്‍ വൈറസിന്റെ പ്രത്യേകത മൂലം, സെര്‍വറുകള്‍ പൂട്ടിയതുകൊണ്ട്, വൈറസുണ്ടാക്കുന്ന നാശം പൂര്‍ണമായി ഒഴിവാക്കാന്‍ സാധിക്കില്ല.

ഒരിക്കല്‍ ഈ ശൃംഖലയുടെ ഭാഗമായി ഒരു കമ്പ്യൂട്ടര്‍ മാറിക്കഴിഞ്ഞാല്‍, അതിന്റെ സെറ്റിങുകളില്‍ ദുഷ്ടപ്രോഗ്രാം ഭേദഗതി വരുത്തും. ഏത് 'ഡൊമെയ്ന്‍ നെയിം സിസ്റ്റം' (ഡി.എന്‍.എസ്) ഉള്ള സെര്‍വറുമായാണ് ബന്ധപ്പെടേണ്ടതെന്ന് നിശ്ചയിക്കുന്ന സെറ്റിങിലാണ് മാറ്റമുണ്ടാവുക. ഒരു പ്രത്യേക ഐ.പി.അഡ്രസ്സ് ബ്രൗസറില്‍ ടൈപ്പ് ചെയ്താല്‍, ഡി.എന്‍.എസ്.ചെയ്ഞ്ചര്‍ ബാധിച്ച കമ്പ്യൂട്ടര്‍ ബന്ധപ്പെടുക ക്രിമിനലുകള്‍ നിയന്ത്രിക്കുന്ന ദുഷ്ടസെര്‍വറുകളെയാകും.

ആപ്പിളിന്റെ ഐട്യൂണ്‍സ് സൈറ്റ് സന്ദര്‍ശിക്കാന്‍, ഈ ദുഷ്ടപ്രോഗ്രാം ബാധിച്ച കമ്പ്യൂട്ടര്‍ വഴി ശ്രമിക്കുന്നു എന്നിരിക്കട്ടെ. ആപ്പിളുമായി ബന്ധമില്ലാത്ത, അതേസമയം ആപ്പിളിന്റെ സോഫ്ട്‌വേര്‍ വില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന വ്യാജസൈറ്റിലാകും എത്തുക. എന്നുവെച്ചാല്‍, വെബ്ബ്ട്രാഫിക് തിരിച്ചുവിടുന്ന കമ്പ്യൂട്ടര്‍ സ്വിച്ച്‌ബോര്‍ഡുകള്‍ പോലെയാണ് ഡി.എന്‍.എസ്.സെര്‍വറുകള്‍ പ്രവര്‍ത്തിക്കുക.

ലക്ഷക്കണക്കിന് കമ്പ്യൂട്ടറുകള്‍ ഡി.എന്‍.എസ്. സെര്‍വറുകളുമായി ഇങ്ങനെ തെറ്റായി ബന്ധിപ്പിക്കപ്പെട്ടിരുന്നു. അതിനാല്‍, ആ സെര്‍വറുകള്‍ ഇല്ലായ്മ ചെയ്യുന്നതിന് പകരം, നിയമപരമായി ആ സെര്‍വറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങുകയാണ് അധികൃതര്‍ ചെയ്തത്.

അതുകൊണ്ടു മാത്രം പക്ഷേ, വൈറസിന് മറുമരുന്നാകുന്നില്ല. ദുഷ്ടപ്രോഗ്രാം ഒഴിവാക്കാന്‍ ചില സോഫ്ട്‌വേര്‍ ടൂളുകള്‍ ഉപയോഗിച്ച് ഡി.എന്‍.എസ്. സെര്‍വറുകളില്‍ ശുദ്ധികലശം നടത്തേണ്ടതുണ്ട്. അതിനായി അത്തരം സെര്‍വറുകള്‍ തിങ്കളാഴ്ച അമേരിക്കന്‍ അധികൃതര്‍ തത്ക്കാലത്തേക്ക് അടച്ചിടും.

എന്നുവെച്ചാല്‍, ലോകമെമ്പാടും ആ സെര്‍വറുകളിലേക്ക് തിരിച്ചുവിട്ടിട്ടുള്ള കമ്പ്യൂട്ടറുകളില്‍ ഇന്റര്‍നെറ്റ് കിട്ടാതെ വരും. അതാണ് തിങ്കളാഴ്ച പലര്‍ക്കും തലവേദന സൃഷ്ടിക്കുക.

No comments: