ഭക്ഷണവും മരുന്നും


"മോളെ, തിരക്കിനിടയില്‍ ഞാന്‍ ഉച്ചയ്‌ക്ക്‌ കഴിക്കാനുള്ള മരുന്നിന്റെ കാര്യം മറന്നുപോയി। ഇത്തിരി വെള്ളം "। കൊച്ചുമകളുടെ കല്യാണനിശ്ചയത്തിന്റെ തിരക്കൊഴിഞ്ഞപ്പോഴാണ്‌ മുത്തച്ഛന്‍ മരുന്നു കഴിക്കുന്ന കാര്യം ഓര്‍ത്തത്‌. വെള്ളം കിട്ടിയതോടെ തിരക്കുപിടിച്ച്‌ ഗുളികകളും ക്യാപ്‌സൂളുകളുമായി അഞ്ചാറുവിധം മരുന്നുകള്‍ ഒരുമിച്ച്‌ വായിലിടാനുള്ള ഭാവം കണ്ടപ്പോള്‍ മകള്‍ക്കൊരു സംശയം. " അച്ഛനിതെന്താ എല്ലാ മരുന്നുംകൂടെ ഒരുമിച്ചു കഴിക്കുന്നത്‌. ഭക്ഷണത്തിന്‌ മുമ്പ്‌ കഴിക്കേണ്ട മരുന്നുകളും ഭക്ഷണം കഴിഞ്ഞുള്ളതും ഒഴിഞ്ഞ വയറ്റില്‍ കഴിക്കേണ്ടതും ഒക്കെ ഒരുമിച്ച്‌ കഴിച്ചാലെങ്ങനെയാ... ഇങ്ങുതന്നേ, ഞാനൊന്നു നോക്കട്ടെ."

" നോക്കാന്‍ ആര്‍ക്കാ നേരം. പ്രായമായില്ലേ.... ഓര്‍മ്മയും കുറഞ്ഞു. എല്ലാംകൂടി ഒരുമിച്ച്‌ കഴിച്ചൂന്ന്‌ കരുതി ഇതുവരെ എനിക്കൊന്നും സംഭവിച്ചിട്ടില്ല. നീ പോയി നിന്റെ ജോലി നോക്ക്‌." അച്ഛന്‍ തന്റെ നയം വ്യക്തമാക്കി.
**********
മനുഷ്യന്റെ ആരോഗ്യത്തിന്‌ ഭക്ഷണവും മരുന്നും ഒരുപോലെ അത്യന്താപേക്ഷിതമാണ്‌. ചില ഭക്ഷണ പാനീയങ്ങള്‍ക്ക്‌ മരുന്നിന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കാനാകും. അതുകൊണ്ട്‌ മരുന്ന്‌ കഴിക്കേണ്ട സമയവും ഭക്ഷണത്തിന്റെ ഇടവേളകളും വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. ചില ഭക്ഷണപാനീയങ്ങള്‍ മരുന്നിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തും, എന്നാല്‍ മറ്റു ചിലവ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കും. മരുന്നിന്റെ രാസഘടനയില്‍ മാറ്റം വരുത്തി, ശരിയായ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന ഭക്ഷണപദാര്‍ത്ഥങ്ങളും ഉണ്ട്‌. എന്നാല്‍ മറ്റു ചില മരുന്നുകള്‍ ഭക്ഷണപദാര്‍ത്ഥങ്ങളുമായി യാതൊരു പ്രവര്‍ത്തനവും ഉണ്ടാക്കുന്നില്ല എന്നു മാത്രമല്ല ഭക്ഷണത്തിന്റെ സാന്നിദ്ധ്യം അവയെ ബാധിക്കുകയേ ഇല്ല. അതുകൊണ്ട്‌ ഒഴിഞ്ഞ വയറ്റില്‍ കഴിക്കേണ്ടവ, ഭക്ഷണത്തിനു മുമ്പ്‌ കഴിക്കേണ്ടവ, ഭക്ഷണത്തിനുശേഷം കഴിക്കേണ്ടവ, അതിരാവിലെ പ്രഭാതഭക്ഷണത്തിന്‌ മുമ്പ്‌ കഴിക്കേണ്ടവ, രാത്രിയില്‍ കിടക്കാന്‍ നേരം കഴിക്കേണ്ടവ എന്നിങ്ങനെ മരുന്നിന്റെ കവറില്‍ ഫാര്‍മസിസ്റ്റ്‌ എഴുതിത്തരുന്ന നിര്‍ദ്ദേശങ്ങള്‍ക്ക്‌ വളരെ പ്രാധാന്യമുണ്ട്‌.
മരുന്നിനെ ശരീരത്തിനകത്ത്‌ പ്രവര്‍ത്തിക്കാനായി വായിലൂടെ കടത്തിവിടുമ്പോള്‍ ആദ്യം വയറ്റിലെത്തി അവിടുത്തെ അമ്‌ളാവസ്ഥയില്‍ മരുന്ന്‌ ലയിച്ചുചേരുന്നു. അവിടെ നിന്നും ചെറുകുടലിലെത്തുമ്പോഴാണ്‌ മരുന്നിന്റെ രക്തത്തിലേക്കുള്ള ആഗിരണം നടക്കുന്നത്‌. ഓരോ മരുന്നിന്റേയും ഒരു പ്രത്യേക അളവ്‌ രക്തത്തിലെത്തിച്ചേര്‍ന്നാലേ ശരിയാംവണ്ണം രോഗശമനം സാധ്യമാകുകയുള്ളൂ. ഭക്ഷണത്തിന്റെ സാന്നിദ്ധ്യത്തില്‍ ചില മരുന്നുകളുടെ ആഗിരണം ഗണ്യമായി കുറയും. ഭക്ഷണ പാനീയങ്ങളിലെ ചില ഘടകങ്ങളും മരുന്നിന്റെ ആഗിരണത്തെ കുറയ്‌ക്കുന്നതില്‍ പങ്കുവഹിക്കാറുണ്ട്‌. ഉദാഹരണമായി ഭക്ഷണത്തിന്റെ സാന്നിദ്ധ്യത്തില്‍ ആഗിരണം വളരെ കുറയുന്ന മരുന്നാണ്‌ അമോക്‌സിസിലിന്‍ (Amoxicillin) എന്ന ആന്റിബയോട്ടിക്‌. ബാക്‌ടീരിയയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന ടെട്രാസൈക്ലിന്‍ (Tetracycline), സിപ്രോഫ്‌ളോക്‌സസിന്‍ (Ciprofloxacine), എന്നീ മരുന്നുകളുടെ കൂടെ, കാല്‍സ്യം അടങ്ങിയ മറ്റു മരുന്നുകള്‍, മഗ്നീഷ്യവും അലുമിനിയവും ചേര്‍ന്ന മരുന്നുകള്‍ (അന്റാസിഡ്‌), പാല്‌, പാലുല്‍പ്പന്നങ്ങള്‍ എന്നിവ കഴിക്കരുത്‌. ആന്റിബയോട്ടിക്‌ മരുന്നുകളുടെ ആഗിരണം വളരെ കുറയുമെന്നതുകൊണ്ടാണ്‌ ഇങ്ങനെ നിര്‍ദ്ദേശിക്കുന്നത്‌. ബാക്‌ടീരിയയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ അളവ്‌ ശരീരത്തിന്‌ ലഭിക്കുകയില്ല.
ഭക്ഷണത്തിന്‌ മുമ്പ്‌ എന്നോ, ഒഴിഞ്ഞ വയറ്റില്‍ കഴിക്കുക എന്നോ, ആണ്‌ മരുന്നിനോടൊപ്പം നിര്‍ദ്ദേശിച്ചിരിക്കുന്നതെങ്കില്‍ ഭക്ഷണത്തിന്‌ ഒരു മണിക്കൂര്‍ മുമ്പോ, ഭക്ഷണശേഷം 2 മണിക്കൂറിനു ശേഷമോ ആണ്‌ മരുന്ന്‌ കഴിക്കേണ്ടത്‌. കാരണം ചില മരുന്നുകള്‍ ഒഴിഞ്ഞ വയറ്റില്‍ ധാരാളം വെള്ളത്തിന്റെ കൂടെ കഴിക്കുമ്പോള്‍ നന്നായി ആഗിരണം ചെയ്യപ്പെടും. ആഗീരണത്തിന്റെ തോത്‌ ഒരേ നിരക്കിലാവുകയും ചെയ്യും. പക്ഷേ പൂപ്പല്‍ബാധയ്‌ക്കെതിരെ (Antifungal Antibiotic) ഉപയോഗിക്കുന്ന ഗ്രിസിയോഫള്‍വിന്‍
(Griseofulvin) എന്ന മരുന്ന്‌ കൊഴുപ്പ്‌ കലര്‍ന്ന ഭക്ഷണത്തിന്റെ കൂടെ കഴിച്ചാലാണ്‌ മെച്ചപ്പെട്ട ആഗിരണം
ലഭിക്കുന്നത്‌.
അസ്ഥി ദ്രവിക്കുന്നതിനെതിരെയുള്ള (Antiosteoporosis) ചില മരുന്നുകള്‍ (Alendronate) കാപ്പിയുടേയോ ഓറഞ്ച്‌ ജ്യൂസിന്റെയോ കൂടെ കഴിച്ചാല്‍ അറുപതു ശതമാനത്തോളം ആഗിരണം കുറയും. മരുന്നിന്റെ ഉത്‌പാദകര്‍ ഈ മരുന്ന്‌, ഒഴിഞ്ഞ വയറ്റില്‍, പ്രാതലിനു (Break Fast) മുമ്പ്‌ കഴിക്കണമെന്ന്‌ നിര്‍ദ്ദേശിക്കുന്നുണ്ട്‌. പ്രാതലിന്‌ രണ്ടു മണിക്കൂര്‍ മുമ്പു കഴിക്കുന്നതാണുത്തമം. സെഫുറോക്‌സിം (Cefuroxime) എന്ന ആന്റിബയോട്ടിക്‌, സാക്വിനാവിര്‍ (Saquinavir) എന്ന ആന്റി റിട്രോവൈറല്‍ (Antiritroviral) മരുന്ന്‌, എന്നിവ ഭക്ഷണത്തോടൊപ്പം കഴിച്ചാല്‍ ആഗിരണം കൂടുതലുള്ള മരുന്നുകള്‍ക്കുദാഹരണങ്ങളാണ്‌. മരുന്നിന്റെ അളവ്‌ കുറയ്‌ക്കാമെന്നതുകൊണ്ട്‌ ഭക്ഷണത്തോടൊപ്പം കഴിക്കാനാണ്‌ ഇവ നിര്‍ദ്ദേശിക്കപ്പെടുന്നത്‌.
ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക്‌ കുടലിനുള്ളിലെ ചലനങ്ങളുടെ വേഗത കൂട്ടാനുള്ള കഴിവുണ്ട്‌. എന്നാല്‍ നാരുകള്‍, കൊഴുപ്പ്‌ ഇവ അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഈ വേഗതയെ കുറയ്‌ക്കും. ഇവയോടൊപ്പം ഉള്ളിലെത്തുന്ന മരുന്നുകള്‍ കുടലിനുള്ളില്‍ ഏറെ സമയം തങ്ങിനിന്ന്‌ കൂടുതല്‍ ആഗിരണം ചെയ്യപ്പെടും. എന്നാല്‍ വിഷാദരോഗത്തിനെതിരെ (Tricyclic antidepressants) ഉപയോഗിക്കുന്ന അമിട്രിപ്‌റ്റിലിന്‍ (Amitriptyline) നാരുകളുടെ പുറത്ത്‌ പറ്റിപിടിച്ചിരിക്കുന്നതുമൂലം (Adsorption) ഒപ്പം ഉപയോഗിച്ചാല്‍ ഫലപ്രാപ്‌തി ലഭിക്കുകയേ ഇല്ല.
വയറ്റിനുള്ളിലെ ശ്ലേഷ്‌മസ്‌തരത്തെ പ്രകോപിപ്പിക്കുന്ന (Gastric irritation) ചില മരുന്നുകളുണ്ട്‌. അയണ്‍ (Iron) ഗുളികകള്‍, നോണ്‍സ്റ്റിറോയ്‌ഡല്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി (Non - steroidal anti - inflammatory - NSAIDS) വിഭാഗത്തില്‍പ്പെടുന്ന ആസ്‌പിരിന്‍, ഡൈക്ലോഫിനാക്‌ ഗുളികകള്‍ എന്നിവ ഉദാഹരണങ്ങളാണ്‌. ആമാശയസ്‌തരത്തിലെ പ്രകോപനം ഒഴിവാക്കാന്‍ ഭക്ഷണത്തോടൊപ്പം ഇവ കഴിക്കുന്നതാണ്‌ നല്ലത്‌. പക്ഷേ തുടര്‍ച്ചയായി വളരെക്കാലം ഇവ കഴിക്കുന്നത്‌ ആമാശയസ്‌തരത്തില്‍ കേടുപാടുകള്‍ ഉണ്ടാകാനും അത്‌
ആമാശയ വൃണ (Ulcer) മുണ്ടാക്കുന്ന അവസ്ഥയിലേക്കെത്താനും കാരണമാകും.
മുന്തിരിയുടെ കൂടെ ചില മരുന്നുകള്‍ കഴിക്കുന്നത്‌ മരുന്നിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. ഇരുപതിലധികം മരുന്നുകളുമായി പ്രതിപ്രവര്‍ത്തിച്ച്‌ (ശിലേൃമരശേീി) അവയെ പല ഘടകങ്ങളാക്കി (breakdown) മാറ്റുന്നതിനുള്ള കഴിവ്‌ മുന്തിരിക്കുണ്ട്‌. കാപ്പിയിലും ശീതളപാനിയങ്ങളിലും മറ്റും അടങ്ങിയിരിക്കുന്ന കഫീനും (caffein) ചില മരുന്നുകളുടെ ആഗിരണത്തെ പ്രതികൂലമായി ബാധിക്കും. ശീതളപാനീയങ്ങള്‍, കാപ്പി, ചായ, മുന്തിരി മുതലായവയുടെ പഴച്ചാറുകള്‍ (ഖൗശരല)െ എന്നിവയോടൊപ്പം ഗുളികകളും ക്യാപ്‌സൂളുകളും വിഴുങ്ങുന്ന പ്രവണത പൊതുവെ കണ്ടുവരുന്നുണ്ട്‌. അത്‌ ഒഴിവാക്കുക തന്നെ വേണം. മരുന്നിനോടൊപ്പം തിളപ്പിച്ചാറിയ ഒരു ഗ്ലാസ്‌ വെള്ളം കുടിക്കുന്നതാണ്‌ നല്ലത്‌.
ചില മരുന്നുകള്‍ മദ്യവുമായി പ്രതിപ്രവര്‍ത്തിക്കും. അലര്‍ജി വിരുദ്ധ മരുന്നുകള്‍ (Antiallergic drugs), മെട്രോനിഡസോള്‍ (Metronidazole) എന്നിവയോടൊപ്പം മദ്യം കഴിക്കുന്നത്‌ ഒഴിവാക്കണം. കേന്ദ്ര നാഡീവ്യൂഹത്തെ മന്ദീഭവിപ്പിച്ച്‌ ശ്രദ്ധകേന്ദ്രീകരിക്കാന്‍ പറ്റാതെ വരുക, ഉറക്കം തൂങ്ങുക എന്നിവ രണ്ടിന്റേയും പൊതുസ്വഭാവമാണ്‌ എന്നതാണ്‌ കാരണം. പുകവലി ശീലമാക്കിയിട്ടുണ്ടെങ്കില്‍ മരുന്നുപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം. രണ്ടായിരത്തോളം രാസപദാര്‍ത്ഥങ്ങള്‍ പുകയോടൊപ്പം ഉള്ളിലെത്തും; മരുന്നുമായി പ്രതി പ്രവര്‍ത്തനത്തിന്‌ സാധ്യതകളേറെയാണ്‌. ചില മരുന്നുകള്‍ ഔഷധമായല്ലാതെ ദുരുപയോഗം ചെയ്യുന്നത്‌ പൊതുവേ കണ്ടുവരുന്നുണ്ടല്ലോ. അത്തരം ശീലങ്ങളുള്ളവര്‍ (Drug Addicts) മറ്റു മരുന്നുകള്‍ കഴിക്കേണ്ടിവരുമ്പോള്‍ ഡോക്‌ടറുടെ ഉപദേശം തേടേണ്ടത്‌ വളരെ ആവശ്യമാണ്‌.
വയറ്റിനുള്ളിലെ ആസിഡിന്റെ അമ്‌ളതയും ചില മരുന്നുകളുടെ ആഗിരണത്തെ ബാധിക്കും. പൂപ്പല്‍ ബാധയ്‌ക്കെതിരേ (Antifungal) ഉപയോഗിക്കുന്ന കീറ്റോ കൊണസോള്‍ (Ketoconazole) എന്ന മരുന്ന്‌ ഉദാഹരണമാണ്‌. അമ്‌ള മാദ്ധ്യമത്തിലാണ്‌ ഈ മരുന്ന്‌ ശരിയായി ആഗിരണം ചെയ്യപ്പെടുന്നത്‌. അള്‍സര്‍, നെഞ്ചെരിച്ചില്‍ എന്നിവയ്‌ക്കെതിരെ ആസിഡിന്റെ ഉത്‌പാദനം കുറയ്‌ക്കുന്ന മരുന്നുകളാണ്‌ ഉപയോഗിക്കുന്നത്‌. ആസിഡിന്റെ ഉത്‌പാദനം കുറയ്‌ക്കുന്ന മരുന്നുപയോഗിച്ചു കൊണ്ടിരിക്കുന്ന രോഗികള്‍ പൂപ്പല്‍ബാധയുണ്ടായിട്ട്‌ കീറ്റോകൊണസോള്‍ കഴിക്കേണ്ടതായി വന്നാല്‍ ഒരു അമ്‌ളപാനീയ (കോള) ത്തിനോടൊപ്പമോ നേര്‍പ്പിച്ച ഹൈഡ്രോക്ലോറിക്‌ ആസിഡിനോടൊപ്പമോ കഴിക്കണം. കാരണം അമ്‌ള മാദ്ധ്യമത്തിലല്ലെങ്കില്‍ ഈ മരുന്ന്‌ ആഗിരണം ചെയ്യപ്പെടുകയില്ല.
ചില മരുന്നുകള്‍ ഭക്ഷണത്തിന്റെ രുചി ആസ്വദിക്കാനുള്ള നാക്കിന്റെ കഴിവിനെ നഷ്‌ടപ്പെടുത്തും. മെട്രോനിഡസോള്‍ (Metronidazole) എന്ന മരുന്നിന്റെ അനുബന്ധപ്രശ്‌നമാണ്‌ വായില്‍ ഒരു തരം അരുചി (metalic taste) തോന്നിപ്പിക്കുക എന്നത്‌. എന്നാല്‍ മറ്റുചില മരുന്നുകള്‍ വിശപ്പില്ലാതാക്കും. ശരീരത്തിന്‌ അത്യാവശ്യം വേണ്ട പോഷകഘടകങ്ങളുടെ ആഗിരണത്തെ പ്രതികൂലമായി ബാധിക്കുന്ന മരുന്നുകളുണ്ട്‌.
ഫുറോസിമൈഡ്‌ (Furosemide) പോലുള്ള, മൂത്രത്തിന്റെ അളവ്‌ കൂടുന്ന വിഭാഗം (Diuretics) മരുന്നുകള്‍ കഴിക്കുമ്പോള്‍ ശരീരത്തിലെ പൊട്ടാസിയത്തിന്റെ അളവ്‌ ഗണ്യമായി കുറയും. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അവശ്യംവേണ്ട പൊട്ടാസ്യം നഷ്‌ടപ്പെടുത്തുന്ന ഇത്തരം മരുന്നുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്ന രോഗികള്‍ക്ക്‌ ഒപ്പം കഴിക്കാന്‍ പൊട്ടാസ്യം അടങ്ങിയ മരുന്നുകള്‍ (Potassium Supplements) ഡോക്‌ടര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാവും. ഇല്ലെങ്കില്‍ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ (ഏത്തപ്പഴം, ഈന്തപ്പഴം, ബീന്‍സ്‌, ഉരുളക്കിഴങ്ങ്‌, സോയാബീന്‍സ്‌) കഴിക്കാം.
ശരീരത്തിന്റെ ഒരു പ്രത്യേക അവയവത്തിലോ, കലകളിലോ എത്തിച്ചേര്‍ന്ന്‌ പ്രവര്‍ത്തിച്ച്‌ അസുഖ
പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണല്ലോ നാം മരുന്നുകള്‍ ഉപയോഗിക്കുന്നത്‌. ഈ ലക്ഷ്യം സാധിക്കുന്നതിന്‌ മരുന്നിന്‌ അത്‌ പ്രവേശിക്കുന്ന ഭാഗത്തുനിന്ന്‌ രക്തത്തില്‍ കലര്‍ന്ന്‌ ഫലം ഉണ്ടാകേണ്ടയിടം വരെ
സഞ്ചരിച്ച്‌, പ്രവര്‍ത്തനശേഷം പുറന്തള്ളപ്പെടേണ്ടതുണ്ട്‌. ഇതിനിടയില്‍ മറ്റു മരുന്നുകളുമായോ, ഭക്ഷണ പാനീയങ്ങളായോ, പോഷകഘടകങ്ങളായോ ഒക്കെ മരുന്ന്‌ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ട്‌, അവയുമായി പ്രവര്‍ത്തിച്ച്‌ മരുന്നിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്കും സഞ്ചാരഗതിക്കും മാറ്റം സംഭവിക്കാം. മുകളില്‍ പറഞ്ഞവയൊക്കെ മരുന്ന്‌ ഭക്ഷണപാനീയങ്ങളുമായി പ്രവര്‍ത്തിച്ച്‌ ഉണ്ടാക്കാവുന്ന നല്ലതും ചീത്തയുമായ പ്രവര്‍ത്തനങ്ങളുടെ ഉദാഹരണങ്ങളാണ.്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടും മറ്റു പഠനങ്ങള്‍വഴിയും ലഭിച്ചിരിക്കുന്നതും സാധാരണ സംഭവിക്കാവുന്നതുമായ പ്രതിപ്രവര്‍ത്തനങ്ങളാണവ. രോഗികള്‍ ശ്രദ്ധിക്കാത്തതുകൊണ്ട്‌ റിപ്പോര്‍ട്ടു ചെയ്യപ്പെടാത്ത, പല പ്രതിപ്രവര്‍ത്തനങ്ങളും ഉണ്ടായിട്ടുണ്ടാവാം; അതുകൊണ്ട്‌ അറിയാനിരിക്കുന്നവ ഇവയിലേറെയുണ്ടാകും. ഭക്ഷണ പാനീയങ്ങളുമായുള്ള മരുന്നിന്റെ പ്രതിപ്രവര്‍ത്തന പഠന മേഖലയില്‍ രോഗികള്‍ക്കും പങ്കുണ്ട്‌. മരുന്ന്‌ കഴിച്ചുകൊണ്ടിരിക്കുമ്പോഴുണ്ടാകുന്ന അസാധാരണമായ അനുഭവങ്ങളും ബുദ്ധിമുട്ടുകളും ഭക്ഷണവുമായി ബന്ധപ്പെടുത്തി ശ്രദ്ധിക്കാന്‍ ശ്രമിക്കുക. അങ്ങനെ എന്തെങ്കിലും പ്രത്യേകതയുള്ളതായി തോന്നിയാല്‍ ഡോക്‌ടറുടെ അടുത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്യുക.
ഓര്‍മ്മിക്കാന്‍
1. മരുന്നിന്റെ കവറിനുപുറത്ത്‌ നിര്‍ദ്ദേശിച്ചിരിക്കുന്നവിധം അതാതു സമയത്ത്‌ മരുന്ന്‌ കഴിക്കാന്‍ ശ്രദ്ധിക്കുക.
2. മരുന്നും ഭക്ഷണവും തമ്മിലുള്ള ഇടവേളകള്‍ കൃത്യമാക്കുക
3. മരുന്ന്‌ കഴിക്കുമ്പോള്‍ ഭക്ഷണവുമായി ബന്ധപ്പെട്ട്‌ എന്തെങ്കിലും ബുദ്ധിമുട്ട്‌ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്‌ടറെ വിവരമറിയിക്കുക.
4. ഒന്നിലധികം മരുന്നുകള്‍ കഴിക്കുന്നുണ്ടെങ്കില്‍ അവയ്‌ക്കിടയിലുള്ള ഇടവേളകള്‍ കൃത്യമായി
ശ്രദ്ധിക്കുക.

കടപ്പാട് ലീന 

No comments: