മഴക്കാലത്ത് ജലദോഷം (common cold) , ജലദോഷപ്പനി (flu) ഇവ വരാത്തവരായി ആരും ഉണ്ടാകില്ല. പക്ഷേ ഇവയെ എങ്ങനെ നേരിടുമെന്ന് ശരിയായി അറിയുന്നവര്‍ വളരെ ചുരുക്കമാണ്. അലര്‍ജി വിരുദ്ധ മരുന്നുകള്‍, (അവില്‍ (Avil) - എന്ന് കമ്പനിപ്പേരുള്ള മരുന്ന് സ്വയം ചികിത്സയ്‌ക്കായി പൊതുവെ ഉപയോഗിച്ചുകാണുന്നു), ചുമയ്‌ക്കെതിരെയുള്ള മരുന്നുകള്‍, മൂക്കിലൊഴിക്കുന്ന തുള്ളി മരുന്നുകള്‍, പനി തടയാനുള്ള മരുന്നുകള്‍, ഏതെങ്കിലും ആന്റിബയോട്ടിക്കുകള്‍, ഇതൊന്നുമല്ലെങ്കില്‍ ഏതിന്റെയെങ്കിലുമൊക്കെ മിശ്രിതങ്ങളടങ്ങിയ മരുന്നുകള്‍ ഇവയൊക്കെ മാറിമാറിയോ, ഒരുമിച്ചോ മരുന്നുകടയില്‍ നിന്ന് സ്വയം വാങ്ങിക്കഴിച്ചാണ് പലരും മഴക്കാലപ്പനികളെ ശമിപ്പിക്കാന്‍ ശ്രമിക്കുന്നത്. എല്ലാം പരീക്ഷിച്ച് രോഗം മറ്റൊരു രീതിയില്‍ അധികരിക്കുമ്പോള്‍ ഡോക്‌ടറുടെ അടുത്തെത്തും. പിന്നെ ചികിത്സയില്‍ ടെസ്റ്റുകള്‍ ഉള്‍പ്പെടുത്തേണ്ടി വരും, ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ വാങ്ങി ചികിത്സാചെലവ് കൂടുതലാവുകയും ചെയ്യും.
മഴക്കാലത്ത് ഈര്‍പ്പം തങ്ങിനില്‍ക്കുന്ന അന്തരീക്ഷത്തില്‍ മനുഷ്യശരീരത്തിന്റെ സഹജമായ രോഗപ്രതിരോധശേഷി വളരെ കുറഞ്ഞിരിക്കും. വൈറസുപോലുള്ള രോഗാണുക്കളുടെ ശക്തി കൂടിയിരിക്കും. പലതരത്തില്‍പ്പെട്ട വൈറസുകളാണ് ജലദോഷം വരുത്തുന്നത്. ഓരോ പ്രാവശ്യവും രോഗബാധവരുത്തുന്ന വൈറസുകള്‍ഘടനയിലും സ്വഭാവത്തിലും പലതരത്തില്‍ വ്യത്യസ്‌തത യുള്ളവയാണ്; തന്നെയുമല്ല പുതിയ അണുക്കള്‍ ഉണ്ടാകുമ്പോള്‍ ഘടനും സ്വഭാവവും മാറ്റാനുള്ള (mutation) കഴിവും ബാക്‌ടീരിയകളെക്കാള്‍ വളരെ കൂടുതലായി വൈറസുകള്‍ക്കുണ്ട്. അതുകൊണ്ട് ഓരോ തരം വൈറസിനെതിരെയും മരുന്നുകളും വാക്‌സിനുകളും കണ്ടുപിടിച്ച് കൂടെക്കൂടെ വരുന്ന വൈറസുബാധയ്‌ക്കെതിരെ ഉപയോഗിക്കുന്നത് പ്രായോഗികമല്ല. അതുകൊണ്ട് വൈറസുകള്‍ ശരീരത്തെ ആക്രമിക്കാതെ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ല പ്രതിവിധി. വൈറ്റമിന്‍ സി രോഗപ്രതിരോധശേഷി നിലനിര്‍ത്താനും വീണ്ടെടുക്കാനും നല്ലതാണ്. ഇതടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതും വൈറ്റമിന്‍ സി ഗുളികകള്‍ കഴിക്കുന്നതും വളരെ ഗുണം ചെയ്യും. ഗുളികയാണ് തിരെഞ്ഞെടുക്കുന്നതെങ്കില്‍ ദിവസം രണ്ടുനേരം കഴിച്ചാല്‍ മതിയാകും; അളവ് കൂടരുത്. മറ്റ് മരുന്നുകള്‍ കഴിക്കുന്നവരും വൃക്കയ്‌ക്ക് പ്രശ്‌നങ്ങളുള്ളവരും ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം കഴിക്കുക.
ഇനി ജലദോഷപ്പനി വന്നുകഴിഞ്ഞാല്‍ തുമ്മല്‍, ചുമ ഇവയെ പെട്ടെന്ന് പിടിച്ചുനിര്‍ത്തുന്ന മരുന്നുകള്‍ കഴിക്കരുത്. മൂക്കിലെ സ്രവങ്ങളുടെ അളവ് കൂടുക, ചുമ വഴി കഫം പുറന്തള്ളുക, ശരീരത്തിന്റെ താപ നില ഉയര്‍ത്തുക എന്നീ പ്രക്രിയകളിലൂടെ ശരീരം വൈറസിനെ എതിര്‍ക്കുകയും അവയുടെ അവശിഷ്‌ടങ്ങളെ പുറന്തള്ളുകയുമാണ് ചെയ്യുന്നത്. ഈ പ്രതിരോധപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുമ്പോള്‍ രോഗം വഷളാകും. സ്വാഭാവികമായും ശരീരം തനിയെ ഒരാഴ്‌ചകൊണ്ട് വൈറസിനെ എതിര്‍ത്ത് സുഖാവസ്ഥയിലെത്തിക്കോളും. ധാരാളം വെള്ളം കുടിച്ച് (മൂത്രം വഴിയും രോഗാണുക്കളുടെ അവശിഷ്‌ടങ്ങള്‍ പുറന്തള്ളപ്പെടും) വിശ്രമിക്കുകയാണ് രോഗി ചെയ്യേണ്ടത്. ഇതിനുള്ള ക്ഷമ പലര്‍ക്കും ഇല്ല. പനിയെ നിയന്ത്രിച്ചുനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് കൊച്ചുകുട്ടികളില്‍ പനികൂടിയാല്‍ അപസ്‌മാരം പോലുള്ള (Febril Fits) അവസ്ഥ സാധാരണമാണ്. ദേഹം നനഞ്ഞ തുണി കൊണ്ട് തുടയ്‌ക്കുകയോ, പാരസെറ്റമോള്‍ ദിവസത്തില്‍ 3,4 പ്രാവശ്യം (അളവ് കൂടിയാല്‍ കരളിനെ ബാധിക്കും) കൊടുക്കുകയോ ചെയ്‌ത് പനിയെ നിയന്ത്രിച്ച് നിര്‍ത്തണം. തുമ്മലിനെ പിടിച്ചുനിര്‍ത്തിയാല്‍ തലയ്‌ക്കുള്ളിലെ വായുഅറകളില്‍ (sinus pores) ഈ സ്രവങ്ങള്‍ കട്ടിപിടിച്ചിരിക്കാനും പിന്നീട് അതില്‍ ബാക്‌ടീരിയകളുടെ ആക്രമണം ഉണ്ടാകാനും (sinusitis) ഇടയാക്കും. ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന തലവേദനയാകും ഫലം; ചികിത്സ സങ്കീര്‍ണ്ണമാകും. കഫത്തോടുകൂടിയ ചുമയെ പിടിച്ചുനിര്‍ത്തുന്നത് നെഞ്ചുഭാഗത്ത് സ്രവങ്ങള്‍ കട്ടിപിടിച്ച് അണുബാധയുണ്ടാകാന്‍ ഇടയാക്കും.
1.ജലദോഷപ്പനിയെ നേരിടാന്‍ ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ധാരാളം വെള്ളം (തിളപ്പിച്ചിട്ട്, ചെറുചൂടോടെ) കുടിച്ച് നന്നായി വിശ്രമിക്കുക. രോഗാണുക്കളെയും വിഷകരമായ അവയുടെ അവശി ഷ്‌ടങ്ങളെ മൂത്രം വഴി പുറന്തള്ളുക, പനിമൂലം കോശങ്ങളില്‍ നിന്ന് നഷ്‌ടപ്പെടുന്ന ജലനിഷ്‌ടം പരിഹരിക്കുക (to avoid dehydration), ചുമച്ചു തുപ്പുമ്പോഴും മൂക്കിലൂടെയും കഫം അയഞ്ഞ് എളുപ്പത്തില്‍ പുറന്തള്ളുക എന്നിവയ്‌ക്ക് വെള്ളം കുടിക്കുന്നത് വളരെ ഗുണം ചെയ്യും.
2. ദഹിക്കാന്‍ എളുപ്പമുള്ള ലഘുഭക്ഷണങ്ങള്‍ മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക. ദഹനവ്യൂഹം (Digestive system) ഉള്‍പ്പെടെ വൈറസിനെ പ്രതിരോധിച്ചുകൊണ്ടിരിക്കുമ്പോള്‍ കട്ടികൂടിയതും, വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍ കഴിച്ച് ജോലിഭാരം കൂട്ടുന്നത് അഭികാമ്യമല്ല.
3.വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങളോ, വൈറ്റമിന്‍ സി. ഗുളികകളോ (അളവ് ദിവസം 2 നേരത്തില്‍ കൂടരുത്) കഴിക്കുന്നത് രോഗപ്രതിരോധശേഷി വീണ്ടെടുക്കാന്‍ സഹായിക്കും.
4.മുഖത്തും നെഞ്ചത്തും ആവി പിടിക്കുന്നത് കഫം എളുപ്പത്തില്‍ പുറന്തള്ളാന്‍ വളറെയേറെ സഹായിക്കും.
(ചുമ അധികരിച്ച് കഫം പുറന്തള്ളാന്‍ ബുദ്ധിമുട്ടുകയാണെങ്കില്‍ കഫം അയഞ്ഞുകിട്ടുന്ന ചുമ മരുന്നുകള്‍ (അമോണിയം ക്ലോറൈഡ്, ബ്രോംഹെക്‌സിന്‍ -Bromhexine, ആംബ്രോക്‌സോള്‍ - Ambroxol) കഴിക്കാം. ഇത് ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരമാകുന്നതാണ് നല്ലത്. കൊഡീന്‍ (Codein), ഡൈഫിന്‍ ഹൈഡ്രാമിന്‍ (Dephenhydramine) എന്നീ വിഭാഗം ചുമ മരുന്നുകള്‍ (Cough syrups) ചുമ പെട്ടെന്ന് പിടിച്ചുനിര്‍ത്തുന്ന വിഭാഗം മരുന്നുകളാണ്; കഫമില്ലാത്ത, അലര്‍ജിചുമ (Drugs for non-productive cough) യ്‌ക്കാണ് ഇവ ഉപയോഗിക്കേണ്ടത് എന്നത് സ്വയം ചികിത്സയാണെങ്കില്‍ ചുമ മരുന്നു വാങ്ങുമ്പോള്‍ പ്രത്യേകം ഓര്‍മ്മവയ്‌ക്കുക.)
5. മൂക്കടഞ്ഞ് ശ്വാസം കിട്ടാതെ വരുമ്പോള്‍ (പ്രത്യേകിച്ച് കൊച്ചുകുട്ടികള്‍ക്ക് രാത്രിയില്‍) വളരെ പ്രയാസമനുഭവപ്പെടുന്നുവെങ്കില്‍ സൈലോമെറ്റസോളിന്‍ (Xylometazoline) (കമ്പനിനാമം otrivin) ഒന്നോ രണ്ടോ തുള്ളി 8-10 മണിക്കൂര്‍ ഇടവിട്ട് മൂക്കിലൊഴിക്കാം. അളവ് കൂടരുത്; 5 ദിവസത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി ഉപയോഗിക്കയുമരുത്.
വൈറസ് ബാധ കൊണ്ട് ശരീരം ദുര്‍ബ്ബലമായിരിക്കുന്ന അവസ്ഥയില്‍ ബാക്‌ടീരിയകൂടി കടന്നുകൂടാന്‍ സാദ്ധ്യതയുണ്ട്. മൂക്കില്‍ നിന്നുവരുന്ന സ്രവത്തിനും കഫത്തിനും ഇളം മഞ്ഞകലര്‍ന്ന പച്ചനിറമായാല്‍ ബാക്‌ടീരിയ ബാധിച്ചിരിക്കുന്നുവെന്ന് ഉറപ്പിക്കാം. ശക്തമായ തലവേദനയും ഉണ്ടാവാം. എത്രയും വേഗം ഡോക്‌ടറിനെ കാണണം; ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നതാണ് പ്രതിവിധി. ഡോക്‌ടര്‍ നിര്‍ദ്ദേശിക്കും വിധം പറയുന്ന കാലയളവുവരെ യഥാവിധി കഴിക്കാന്‍ ശ്രദ്ധിക്കുകയും വേണം.
kada : leena
No comments:
Post a Comment