ഗള്‍ഫു മലയാളികളുടെ ചില വികൃതികള്‍


നമ്മള്‍ മലയാളികള്‍ പൊതുവേ ആര് എന്ത് പറഞ്ഞാലും അതിനു എതിര് പ്രവര്‍ത്തിക്കുന്നവരാണ് എന്ന് പലവട്ടം തെളിയിച്ചതാണ് ..പോവേണ്ട എന്ന് പറഞ്ഞാല്‍ പോവും , കാണേണ്ട എന്ന് പറഞ്ഞാല്‍ കാണും , കേള്‍ക്കേണ്ട എന്ന് പറഞ്ഞാല്‍ കേള്‍ക്കും , ചെയ്യേണ്ട എന്ന് പറഞ്ഞാല്‍ ചെയ്യും ..അങ്ങിനെ പറഞ്ഞാല്‍ തീരാത്ത അത്രയും നമ്മള്‍ എന്നും എതിരായി മാത്രം ചെയ്യുന്നു ...എന്താണ് ഇതിനു കാരണം എന്ന് ചോദിച്ചാല്‍ നോ റീസന്‍ ...

നമ്മള്‍ ചിന്തിക്കുന്നത് എന്തുകൊണ്ടാണ് അവര്‍ ചെയ്യാന്‍ പാടില്ല എന്ന് പറയുന്നത് എന്ന് മാത്രമാണ് ..പിന്നെ മെല്ലെ ഒന്ന് ചെയ്തു നോക്കും ..ഒന്നും പറ്റുന്നില്ല എന്ന് ഉറപ്പു വരുത്തി വീണ്ടും വീണ്ടും ചെയ്യും ..എന്നിട്ട് രണ്ടു ഡയലോഗ് ചങ്ങാതിമാരോട് ..ഹും ..അവര്‍ ചെയ്യേണ്ട എന്ന് പറഞ്ഞിട്ടും ഞാന്‍ ചെയ്തു ..എന്നിട്ടും ഒന്നും സംഭവിച്ചില്ല ...

ഇതൊരു സാധാരണ മലയാളി ചെയ്യുന്ന കാര്യം

പിന്നെ വേറെ ഒരു രീതി ..എന്തിനും ഏതിനും വില പേശും ..ഇനി പേശി പേശി അവര്‍ കുറച്ചു തന്നാലോ അത് വാങ്ങുകയും ഇല്ല ..കാരണം ? ബാക്ടീരിയ തന്നെ ( അവന്‍ ഇത്ര കുറച്ചു തന്നതില്‍ എന്തോ കാര്യമുണ്ട് അതിനാല്‍ വാങ്ങേണ്ട എന്നായിരിക്കും അവര്‍ കരുതുക ) പിന്നെ മെല്ലെ അവിടെ നിന്നും മുങ്ങി അടുത്ത സ്ഥലത്തേക്ക് ............

ഫ്രീ ആയി എന്ത് കിട്ടിയാലും മലയാളികള്‍ വാങ്ങും ..അത് ആരായാലും വാങ്ങും ..പക്ഷെ മലയാളികള്‍ ഒന്ന് കൂടി മുന്‍പിലാണ് ..അവിടെ അടി ഉണ്ടാക്കി ആയാലും സാധനം അവര്‍ക്ക് എന്ന് മാത്രമല്ല വേറെ ഒരാള്‍ക്കും ഇനി കിട്ടാത്ത വിധത്തില്‍ ആക്കിയിട്ടായിരിക്കും അവിടെ നിന്നും മടങ്ങുക ...

പിന്നെ ഏതു സാധനത്തിന്റെ കൂടെയും വേറെ എന്തെങ്കിലും ഫ്രീ ആയി കിട്ടുന്നുണ്ടോ ..അത് അവനിക്ക് ആവിശ്യമില്ലാത്തത് ആണെങ്കിലും വാങ്ങികൂട്ടും ..ഇങ്ങനെ എത്ര എത്ര മഹത്തായ കാര്യങ്ങള്‍ നമ്മളൊക്കെ ദിവസവും ചെയ്യുന്നു ..


പക്ഷെ ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത് ഇതൊന്നുമല്ല ...


നമ്മള്‍ നാട്ടിലേക്ക്‌ പോവുമ്പോള്‍ ഇവിടെ നിന്നും എയര്‍പോര്‍ട്ടില്‍ എത്തിയ മുതല്‍ നമ്മുടെ കാര്യങ്ങളൊക്കെ പിന്നെ ഒക്കെ വളരെ വേഗത്തില്‍ ചെയ്യാനാണ് ശ്രമിക്കാറു ..

ഉദാഹരണത്തിന് ആദ്യം സ്ക്രീന്‍ ചെയ്യാന്‍ നില്‍ക്കുന്നിടത്ത് നിന്നും തുടങ്ങും നമ്മുടെ തിരക്ക് ..മറ്റുള്ളവര്‍ അവിടെ ക്യൂ നില്‍ക്കുന്നുണ്ടാവും എന്നാലും അവരെ കാണാതെ മെല്ലെ മുന്‍പിലേക്ക് നടക്കാന്‍ ശ്രമിക്കും ..ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ പിന്മാറാം എന്നാ ചിന്തയോട് കൂടി തന്നെയായിരിക്കും പോവുക ..പൊതുവേ ആരും അത്ര ശ്രദ്ധിക്കാത്തതിനാല്‍ അവിടെ നിന്നും തടിയൂരാന്‍ കഴിയുന്നു ..സ്ക്രീനിംഗ് കഴിഞ്ഞ ശേഷം ഒരറ്റ ഓട്ടമാണ് അവിടെയും ലൈന്‍ നില്‍ക്കാന്‍ തന്നെ ലഗേജ്‌ ഇടുവാനും ബോര്‍ഡിംഗ് പാസ്‌ എടുക്കുവാനും വേണ്ടി ..ആക്രാന്തം മൂത്ത് ചില ആളുകള്‍ വേറെ എവിടെക്കെന്കിലും പോവുന്ന ക്യൂവിലായിരിക്കും നില്‍ക്കുക ..അടുത്ത് എത്തിയാല്‍ മാത്രമേ അമളി മനസ്സിലാവുകയുള്ളൂ ..അതോടെ സ്വന്തം നാട്ടിലേക്ക് പോവുന്ന ക്യൂവിന്റെ അവസാന യാത്രക്കാരനായി നില്‍ക്കുകയും ചെയ്യും ..അത് കഴിഞ്ഞാല്‍ പിന്നെ ഓടി എമിഗ്രേഷന്‍ ക്ലിയറന്‍സ്‌ ചെയ്യാന്‍ വേണ്ടിയുള്ള ക്യൂവില്‍ പോയി ഇതുപോലെ തന്നെ ഓടിപോയിട്ടാണ് നില്‍ക്കുന്നത് ..ഇത്രയൊക്കെ ഓടി അവിടെ എത്തി കഴിഞ്ഞാല്‍ പിന്നീട് എന്താണ് ചെയ്യണ്ടി വരുന്നത് അവിടെ വിമാനം പുറപ്പെടുന്നത് വരെയുള്ള സമയം ഉല്ലാസമാക്കാന്‍ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ പോയി വല്ലതും വാങ്ങി കൂട്ടുന്നു ...പിന്നെ ഒരു അറിയിപ്പ് കിട്ടുന്നത് വരെ കാത്തിരിപ്പാണ് ..കാത്തിരിപ്പിന്റെ അവസാനം അനൌന്‍സ്മെന്റ്റ് കേട്ടാല്‍ ഉടനെ പിന്നെ ഒരു തിക്കും തിരക്കും തന്നെയാണ് ..അത് കാണുമ്പോള്‍ എനിക്ക് തോന്നാറുള്ളത് പെട്ടെന്ന് പോയില്ലങ്കില്‍ വിമാനം നമ്മളെ കൂട്ടാതെ പോയേക്കും എന്നായിരിക്കുമോ ഇവരൊക്കെ കരുതുന്നത് ..എന്തൊരു തിരക്കാണ് (ഞാന്‍ പൊതുവേ അവസാന ആളും കയറുന്നത് വരെ കാത്തിരിക്കലാണ് )..

ചില ആളുകളുടെ തിരക്ക് കൂട്ടല്‍ കണ്ടാല്‍ തോന്നും പെട്ടെന്ന് കയറിയില്ലങ്കില്‍ സീറ്റ്‌ കിട്ടില്ല ..അതിനാല്‍ അവിടെ ഒരു ഉന്തും തള്ളും തന്നെ നടക്കാറുണ്ട് ...ഇത് വിമാനം കയറുന്നത് വരെ ഇതേ അവസ്ഥ തന്നെയാണ് തുടരുക ...അവസാനം ഉള്ളില്‍ കയറിയാലോ ഓരോ ആള്‍ക്കും അവരവരുടെ സീറ്റ്‌ മാത്രം കിട്ടുന്നു ..അവരുടെ മുകള്‍ ഭാഗത്തുള്ള സ്ഥലത്തോ അല്ലങ്കില്‍ സീറ്റിനടിയിലോ നമ്മുടെ സാധനങ്ങള്‍ വെക്കാന്‍ പറയുന്നു ..പിന്നെ എന്തിനു തിരക്ക് കൂട്ടി ..നോ റീസന്‍ ..

പിന്നെ വിമാനത്തില്‍ നിന്നും ഓരോ ആളുകളെ വിളിക്കലായി ..തമാശ പറഞ്ഞും മറ്റും വിമാനം പുറപ്പെടാനുള്ള സമയം വരെ ഫോണ്‍ വിളികള്‍ തന്നെ ..

ഇനിയാണ് ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍

പുറപ്പെടാന്‍ സമയത്ത് എയര്‍ ഹോസ്റ്റസ് വന്നു നമ്മോട് പറയുന്നു സീറ്റ്‌ ബെല്‍റ്റ്‌ ഇടുവാനും മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്യാനും ലാപ്ടോപ്‌ ഉപയോഗം നിറുത്തുവാന്‍ ഒക്കെ പറയുന്നു ..

നമ്മളില്‍ എത്ര പേര് ഇത് അനുസരിക്കുന്നുണ്ട് ...സീറ്റ്‌ ബെല്‍റ്റ്‌ നമ്മുടെ സേഫ്റ്റിക്ക് വേണ്ടിയാണെങ്കില്‍ മറ്റുള്ള രണ്ടും, എല്ലാവരുടെയും സേഫ്ടിക്ക് വേണ്ടിയാണ് അവര്‍ ഓഫ്‌ ചെയ്യാന്‍ പറയുന്നത് ..

എന്നാലും അവര്‍ ഒന്ന് മാറിയാല്‍ വീണ്ടും ഒന്ന് കൂടി ചങ്ങാതിമാര്‍ക്കോ ഭാര്യക്കോ അങ്ങിനെ ആര്‍ക്കെങ്കിലും വിളിക്കും ..ഓഫ്‌ ചെയ്തു എന്ന് പറഞ്ഞിട്ട് ഓഫ്‌ ചെയ്യാതെയാണ് ഇതൊക്കെ ചെയ്യുന്നത് .. സംഗതി ചില ആളുകള്‍ റേഞ്ച് നഷ്ട്ടപ്പെടുന്നത് വരെ തുടരാറുണ്ട് ..

ഇങ്ങനെ ചെയ്യുന്നത് കൊണ്ടുള്ള ഭവിഷ്യത്ത് അവര്‍ക്ക് മനസ്സിലാവാഞ്ഞിട്ടാണോ അതോ അറിഞ്ഞിട്ടും അനുസരിക്കില്ല എന്നാ ദുര്‍വാശിയാണോ എനിക്ക് ഇന്നും മനസ്സിലായിട്ടില്ല ..

ഞാന്‍ വിമാനത്തില്‍ വെച്ച് രണ്ടു സന്ദര്‍ഭങ്ങളില്‍ വെച്ച് ചില ആളുകളോട് കാര്യത്തിനു വേണ്ടി ഉടക്കിയിട്ടുമുണ്ട് ..

അവര്‍ അതിന്റെ ഗൌരവം മനസ്സിലാക്കിയില്ല എന്ന് പറഞ്ഞു തടി തപ്പി ..

പ്രവണത നമ്മളില്‍ പല ആളുകളും ചെയ്യാരുണ്ടായിരിക്കാം ...അങ്ങിനെയുള്ളവര്‍ ഇനിയെങ്കിലും ശ്രദ്ധിക്കുക ..നിങ്ങളുടെ ഒരു ഫോണ്‍ വിളി കാരണം ചിലപ്പോള്‍ ഒരു വന്‍ ദുരന്തം തന്നെ ഉണ്ടായേക്കാം ...

സൊ പ്ലീസ്‌ .................

ഇനി ഇതൊക്കെ കഴിഞ്ഞു വിമാനം കുറച്ചു പറന്നുയര്‍ന്നാല്‍ തന്നെ ആളുകള്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങും അപ്പോഴും അവര്‍ എതിര്‍ക്കും ..എന്നാലും ചില വിരുതന്‍മാര്‍ അവരെ കാണാതെ മെല്ലെ ടോയിലറ്റില്‍ പോവും ..സീറ്റ്‌ ബെല്‍റ്റ്‌ സിഗ്നല്‍ അപ്പോഴും ഓണ്‍ ആയിരിക്കും ...എന്ത് ചെയ്യാം കുറെയൊക്കെ അവര്‍ കണ്ണടക്കുന്നു ..നമ്മുടെ സേഫ്റ്റിക്കാണ് അവര്‍ പറയുന്നത് എന്ന് പോലും ആരും ചിന്തിക്കാറില്ല ...

ഇനിയാണ് ശരിയായ മലയാളി സ്വഭാവം കാണിക്കുന്നത് ..നമ്മുടെ രാജ്യത്ത് നമ്മുടെ എയര്‍പോര്‍ട്ടില്‍ എത്താന്‍ ആയാല്‍ ഉള്ള ആവേശവും ആക്രാന്തവും ഒന്ന് കാണേണ്ടത് തന്നെയാണ് ..

എനിക്ക് തോന്നിയിട്ടുള്ളത് വിമാനത്തിന്റെ ഡോര്‍ തുറക്കാന്‍ പറ്റുമായിരുന്നെങ്കില്‍ അവര്‍ വിമാനം ഇറങ്ങുന്നതിനു മുന്‍പ് തന്നെ ചാടി ഇറങ്ങി ഓടുമായിരുന്നു ..അത്രയ്ക്കും ധൃതി ആയിരിക്കും .

ലാന്‍ഡ്‌ ചെയ്യുന്നതിന് കുറച്ചു മുന്‍പേ ആളുകള്‍ ഫോണ്‍ ഓണ്‍ ചെയ്യും ..ഏറ്റവും അപകടകരമായ ഒരു കാര്യമാണ് അത് ..എയര്‍ഹോസ്റ്റസിന്റെ വാക്കുകളൊക്കെ കാറ്റില്‍ പറത്തി കൊണ്ട് അവര്‍ മൊബൈല്‍ ഓണ്‍ ചെയ്യും ..എത്ര ഓഫാക്കാന്‍ പറഞ്ഞാലും അവര്‍ കരഞ്ഞു കാലു പിടിച്ചാലും ഓഫാക്കി എന്ന് പറയുന്നതല്ലാതെ മെസ്സേജ് വരുന്ന ശബ്ദങ്ങള്‍ തുടര്‍ച്ചയായി നമുക്ക് കേള്‍ക്കാന്‍ കഴിയും ..

സംഗതിയുടെ ഗൌരവം എത്രത്തോളമാണെന്ന് ചോദിച്ചാല്‍ വിമാനം ക്രാഷ് ആവാനുള്ള സാധ്യത പോലും തള്ളി കളയുന്നില്ല ..എന്നിട്ടും പിന്നെയും ഇതേ അവസ്ഥ തന്നെയാണ് തുടരുന്നത് ..കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍ ..

മംഗലാപുരം നടന്ന പ്ലയിന്‍ ക്രാഷിന്റെ തൊട്ടു മുന്നേ രക്ഷപ്പെട്ട ഒരു വിരുതന്‍ ഫോണ്‍ വിളിച്ച് നാട്ടില്‍ അറിയിച്ചതായും അറിയാന്‍ കഴിഞ്ഞു...

ഇനി വിമാനം നിലത്തിറങ്ങിയാല്‍ നിറുത്തുന്നതിന് മുന്‍പേ ഹാന്‍ഡ്‌ ബാഗേജും മറ്റുള്ള ഡ്യൂട്ടി ഫ്രീ സാധനങ്ങളും എടുത്തു വേഗം മടിയില്‍ വെക്കും ..പലപ്പോഴും ഇതിനിടയില്‍ പല ആള്‍ക്കാരുടെയും തലയില്‍ സാധനങ്ങള്‍ വീണ ചരിത്രമുണ്ട് ..എന്നാലും അതൊക്കെ ഒരു വളിച്ച ചിരിയില്‍ ഒതുക്കി ഒരു സോറിയും പറഞ്ഞു വീണ്ടും കാത്തു നില്‍ക്കും വിമാനം നിറുത്താതെ ഇറങ്ങാന്‍ കഴിയില്ല എന്ന് അറിയാവുന്നവര്‍ തന്നെയാണ് ഇവരൊക്കെയും ....

അപ്പോഴും എയര്‍ ഹോസ്റ്റസിന്റെ ദീന രോദനം കേള്‍ക്കാന്‍ പറ്റും പ്ലീസ്‌ സിറ്റ് ഡൌണ്‍ ....എവിടെ ആര് കേള്‍ക്കാന്‍ ...................................

പിന്നെ വാതില്‍ തുറക്കാന്‍ വേണ്ടിയുള്ള കാത്തിരിപ്പ്‌ എങ്ങിനെയെങ്കിലും മുന്നില്‍ എത്താന്‍ നോക്കും ..അതിനു കഴിയാറില്ല ..മറ്റുള്ളവര്‍ സമ്മതിക്കാറില്ല എന്ന് വേണം പറയാന്‍ ..എങ്കിലും കഴിയുന്ന വിധം ട്രൈ ചെയ്യാത്ത ആളുകളും കുറവാണ് ..പക്ഷെ മുന്‍പില്‍ ഇറങ്ങാല്‍ നിന്നാല്‍ ചിലപ്പോള്‍ പിന്നിലായിരിക്കും തുറക്കുക ..ഇല്ലങ്കില്‍ രണ്ടു ഭാഗവും ..ചിലപ്പോള്‍ മധ്യഭാഗം ..അപ്പോള്‍ ഇടിച്ചു കയറിയവന്റെ മുഖമൊന്നു കാണേണ്ടത് തന്നെയാണ് ...അവന്‍ സ്വയം വിളിക്കാത്ത ചീത്ത ഉണ്ടാവാന്‍ ചാന്‍സ് കുറവാണ് ..

ഇനി ഒന്ന് ഇറങ്ങി കിട്ടിയാലോ പിന്നെ ഒരറ്റ ഓട്ടം ബസ്സ്‌ ഉണ്ടെങ്കില്‍ അതിലേക്കു ഇല്ലങ്കില്‍ നേരെ എയര്‍ പോര്‍ട്ടിന്റെ ഉള്ളിലേക്ക് ..അവിടെ H1 N1 ടെസ്റ്റ്‌ കഴിഞ്ഞു വേഗം എമിഗ്രേഷന്‍ ക്ലിയരന്സിനു വേണ്ടിയുള്ള കാത്തിരിപ്പ്‌ ...അവിടെയും ക്യൂവില്‍ അമളികള്‍ പലര്‍ക്കും പറ്റാറുണ്ട് അതൊക്കെ തിരക്ക് കൂട്ടുന്നവര്‍ക്ക് തന്നെയാണ് മിക്കവാറും സംഭവിക്കുന്നതും ..

പിന്നെ ഓടി ചാടി ലഗേജ്‌ എടുക്കുവാന്‍ ,.....എവിടെ വരാന്‍ ...അവന്‍ ഓടി വന്നതല്ലാതെ സാധനങ്ങള്‍ ഇറക്കിയിട്ടെ ഉണ്ടാവുകയുള്ളൂ ..എല്ലാ ഓട്ടവും ഇവിടെ അവസാനിക്കുന്നു ..ആദ്യം എത്തിയ ആളുടെ ലഗേജ്‌ ചിലപ്പോള്‍ അവസാന ആളു പോയാലും കിട്ടാറില്ല ..പിന്നെ എന്തിനാ തിരക്ക് കൂട്ടിയത് എന്ന് ചോദിച്ചാല്‍ നോ രീസന്‍ ...

എല്ലാം കിട്ടി പുറത്തിറങ്ങാം എന്ന് വെച്ചാല്‍ തന്നെ ഇങ്ങനെയുള്ളവര്‍ തന്നെയാണ് കസ്റ്റംസിന്റെയും കയ്യിലകപ്പെടുക ..പിന്നെ അവിടെ എന്തെങ്കിലും കൊടുത്തു പുറത്ത്‌ നമ്മളെ കാത്തിരിക്കുന്നവരെ കണ്ടാല്‍ പ്രശ്നങ്ങളൊക്കെയും നമ്മള്‍ മറക്കുന്നു ..ഒരു ഗര്‍ഭിണി പ്രസവ വേദന അനുഭവിച്ച ശേഷം മാത്രമാണ് പ്രസവിക്കുന്നത് ..പക്ഷെ കുട്ടിയെ കണ്ട മാത്രയില്‍ അവള്‍ എല്ലാം മറക്കുന്നു ..അതെ അവസ്ഥ തന്നെയാണ് ഇവിടെയും അവന്‍ എല്ലാം മറക്കുന്നു ..പിന്നെ കെട്ടി പിടുത്തം ..സാധങ്ങള്‍ കയറ്റി കാറില്‍ കയറിയിര്‍ന്നു വിമാനതിലെയും എയര്‍ പോര്ട്ടിലെയും വിശേഷങ്ങളൊക്കെ പറഞ്ഞു കൊണ്ട് ഹാന്‍ഡ്‌ ബാഗജില്‍ നിന്നും കുറച്ചു മിട്ടായിയും മറ്റും എടുത്തു അര്‍മാദിച്ചു നാട്ടിലേക്ക് പോവുന്ന വഴിക്ക് നല്ല ഒരു ഹോട്ടലില്‍ കയറി വല്ലതും കഴിക്കുന്നു .....പിന്നെ സുഖമായ ഒരു ഉറക്കം ..അല്ലങ്കില്‍ അവിടേം വരെ പൊങ്ങച്ചം ...

നാട്ടിലെത്തി ..പെട്ടിയൊക്കെ എടുത്തു വീട്ടിലേക്കു കയറുമ്പോള്‍ അയല്പക്കക്കാരോട് ഒരു കുശലാന്വേഷണം ..പിന്നെ അമ്മ , അച്ഛന്‍ സഹോദരന്മാര്‍ , സഹോദരികള്‍ , ഭാര്യ കുട്ടികള്‍ ..എല്ലാവരോടും കുശലാന്വേഷണം ..കുളി ..ഭക്ഷണം ..ഉറക്കം .....................................

എഴുന്നേല്‍ക്കുന്നത് വരെ എല്ലാവരും അക്ഷമരായി കാത്തു നില്‍ക്കുന്നു ..എല്ലാവരും അവനെ സ്നേഹത്തോടെ ആദരവോടെ നോക്കി പലതും പറയും , അവന്‍ അതിലൊക്കെ പുളകം കൊണ്ട് പെട്ടി തുറന്നാല്‍ പിന്നെ എല്ലാവരും കൂടി അത് എങ്ങിനെ കാലിയാക്കും എന്നായിരിക്കും ചിന്തിക്കുക ..അവസാനം, എനിക്ക് ഇത് മാത്രമേ അല്ലങ്കില്‍ ഇത്രമാത്രമേ കിട്ടിയുള്ളൂ എന്ന ഒരു പരാതിയും പറഞ്ഞു എല്ലാവരും പോയി കഴിഞ്ഞാല്‍ പിന്നെ ഉണ്ടാവുക കാലി പെട്ടിയും അമ്മയും ഭാര്യയും മക്കളും മാത്രമായിരിക്കും ...അവിടെ തീരുന്നു അവന്റെ ഓട്ടം .......

പിന്നീട് നാടുകാരുടെയും പിരിവുകാരുടെയും ഒരു ബഹളം ചില സ്ഥലത്തൊക്കെ ഉണ്ടാവാറുണ്ട് .........

മാസങ്ങള്‍ പോവുന്നത് അറിയാതെ തിരിച്ച് പോരാനുള്ള സമയം അടുക്കുന്നു ..ചിലപ്പോള്‍ അമ്മയോ മറ്റുള്ളവരോ ഓര്‍മിപ്പിക്കുകയും ചെയ്യും ..

പിന്നീട് നമ്മുടെ നാട്ടുകാര്‍ രണ്ടു ചോദ്യമാണ് എപ്പോഴാണ് വന്നത് ..ഇന്നലെ എത്തിയതെ ഉള്ളൂ ...

അടുത്ത ചോദ്യം എപ്പോഴാ മടക്കം ????????

തിരിച്ചു വിമാനം കയറി അതെ ധൃതിയില്‍ തന്നെ അവന്‍ തിരിച്ചു വരുന്നു (മനസ്സില്ലാ മനസ്സോടെ അല്ല ..എങ്ങിനെയെങ്കിലും അവിടെ നിന്നും രക്ഷപ്പെടുവാന്‍ ) ..........നാട്ടില്‍ പോയി ഉണ്ടാക്കിയ കടം തീര്‍ക്കാന്‍ ...................

ഫ്രീ വിസ രണ്ടാം ഭാഗം

അങ്ങിനെ അവസാനം വിസ എന്റെ കയ്യില്‍ കിട്ടി.
ഇനി എന്ത് ?ഞാന്‍ അളിയനെയും പെങ്ങളെയും വിളിച്ചു പറഞ്ഞു ..
അവര്‍ക്കും വല്ലാത്ത സന്തോഷം ...എത്രയും പെട്ടെന്ന് വരാന്‍ നോക്കണം ...അതായിരുന്നു അളിയന്റെ ആഗ്രഹം ..നല്ലത് തന്നെ ...

ഞാന്‍ വിസയുടെ ഒറിജിനല്‍ നാട്ടിലേക്ക് കൊടുത്തയച്ചു ..അവിടെ എമിഗ്രേഷ്യന്‍ ക്ലീയര്‍ ചെയ്യണം ..ടിക്കെറ്റ് എടുക്കണം ..അതൊക്കെ അളിയന്‍ മാനേജ് ചെയ്യുമെന്നു കരുതി നല്ല ഒരു ഉച്ചയുറക്കത്തിനു വട്ടമോരുക്കി ഇരിക്കുമ്പോള്‍ അതാ അളിയന്റെ ഫോണ്‍ ....
അതെ ..എമിഗ്രഷ്യന്‍ ക്ലീയര്‍ ചെയ്യണം ..ടിക്കെറ്റ് എടുക്കണം...എന്റെ കയ്യില്‍ പൈസ ഇല്ല ...അളിയന്‍ കുറച്ചു പൈസ അയച്ചു തരണം ..എന്റെ തലയില്‍ ഇടി വീണത്‌ പോലെയായി ...ഒന്നേകാല്‍ പോയിട്ട് മാസം ഒന്നായില്ല ..ഇതാ അടുത്ത മാരണം.എന്ത് ചെയാം ..മറുതലക്കല്‍ അളിയന്‍ടെ ശബ്ദം ..ഹല്ലോ ഹലോ ...അളിയോ....ഞാന്‍ വിളികേട്ടു ..വേറെ വഴിയില്ലായിരുന്നു ..ഞാന്‍ എന്താ ചെയ്യേണ്ടത്..അപ്പോള്‍ മറുതലക്കല്‍ ഒരു ആശ്വാസ വാക്ക് ..അളിയന് വിഷമമാണെന്കില്‍ ഞാന്‍ എന്റെ ഭാര്യയുടെ പൊന്നു പണയം വെക്കുകയോ വില്‍ക്കുകയോ ചെയ്യാം ...എനിക്ക് ദേഷ്യം വന്നു ...കാരണം അപ്പോഴും അളിയന് ഒരു പൈസ മുടക്കമില്ലല്ലോ ...അതും ഒരു കണക്കിന് നോക്കിയാല്‍ എന്റേത് തന്നെ ...ഞാന്‍ ഇരുപതിനായിരം അയച്ചു തരാം സ്വര്‍ണ്ണം വില്‍ക്കേണ്ട എന്ന് പറഞ്ഞു..അപ്പോള്‍ അളിയന്‍റെ അടുത്ത കമന്റ് ..എന്നാല്‍ ഇരുപത്തി അഞ്ചു ആയിക്കോട്ടെ ...ഗള്‍ഫില്‍ പോവുന്നതിനു മുന്പ് എനിക്ക് കൂട്ടുകാര്‍ക്കൊക്കെ ഒരു പാര്‍ട്ടി കൊടുക്കണം ...
അവസാനം ഞാന്‍ സമ്മതിച്ചു ..വേറെ വഴിയില്ലായിരുന്നു ...

അങ്ങിനെ അളിയന്‍ നാട്ടിലുള്ള എല്ലാ ഫോര്മാലിടീസും കഴിഞ്ഞു എല്ലാവര്ക്കും പാര്‍ട്ടിയൊക്കെ കൊടുത്തു ..യാത്രയൊക്കെ പറഞ്ഞു .. ..എയര്‍ പോര്ടില് എത്തി എന്നെ വിളിച്ചു ...ഞാന്‍ ഇപ്പോള്‍ എമിഗ്രഷ്യന്‍ കഴിഞ്ഞു ഇനി വിമാനത്തില്‍ കയറാന്‍ കാത്തു നില്‍ക്കുകയാണ്‌ ..പിന്നെ വണ്ടിയുടെ വാടക അവിടെ എത്തിയാല്‍ അയച്ചു തരാമെന്നു ഡ്രൈവറോട് പറഞ്ഞു
അല്ലന്കില്‍ അവളോട്‌ കൊടുക്കാന്‍ പറഞ്ഞിട്ടുണ്ട് ..അളിയന്‍ അവള്‍ക്കു പൈസ വല്ലതും കൊടുതിരിന്നോ ..ഏയ് ഇല്ല ...അവളോട്‌ അപ്പുറത്തെ വീട്ടില്‍ നിന്നും വാങ്ങി കൊടുക്കാന്‍ പറഞ്ഞിട്ടുണ്ട് ...ഇല്ലന്കില്‍ നമുക്ക് ഗള്‍ഫില്‍ നിന്നും അയച്ചു കൊടുക്കാമല്ലോ ...

എന്റെ കാര്യം കട്ടപൊക ..ഞാന്‍ ഉറപ്പിച്ചു ...ഇപ്പോള്‍ ചെലവ് ഒന്നര ലക്ഷം ...ഒരു പണിയും ഇല്ലാത്ത ഒരു വിസയും ...കുറെ ബാധ്യതകള്മായി അളിയന്‍ എന്റെ അടുത്തേക്ക് പറന്നു

ഫ്രീ വിസ

നാട്ടിലുള്ള എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യം , നീ എനിക്ക് ഒരു ഫ്രീ വിസ സംഘടിപ്പിച്ച് തരുമോ ?എന്ത് പണി ആയാലും പ്രശ്നമില്ല , തോട്ടത്തില്‍ വെള്ളം നനക്കണമോ? ഒട്ടകത്തിനെ നോക്കണമോ ? ഒന്നും പ്രശനമില്ല എന്ത് പണി വേണമെങ്കിലും ഞാന്‍ എടുത്തോളാം എങ്ങിനെയെങ്കിലും ഒന്നു ഗള്‍ഫില്‍ എത്തിയാല്‍ മതി, എത്ര പൈസ വേണമെങ്കിലും തരാം .......
എന്താണ് ഞാന്‍ അവരോട് പറയേണ്ടത് .ചോദ്യം കേട്ടാല്‍ തോന്നും ഇവിടെ ഗള്‍ഫില്‍ ഫ്രീ വിസ കടയില്‍ പോയി വാങ്ങുന്ന ഒരു സാധനമാണ്‌ എന്ന് , അല്ല അവരെയും പറഞ്ഞിട്ട് കാര്യമില്ല , കാരണം അവരും ചിന്തിക്കുന്നത് എങ്ങിനെയെങ്കിലും ഒന്നു അക്കരെ പോയി പച്ച പിടിക്കണം , ഇവിടെ എതിയാല്‍ മാത്രമെ മനസ്സിലാവുകയുള്ളൂ ചതിയില്‍ പെട്ടെന്ന്‍ .
പിന്നെ എങ്ങിനെയെങ്കിലും രക്ഷപ്പെടണമെന്നുള്ള വാശിയില്‍ ചില ആള്‍കാര്‍ മുന്നോട്ടു പോവും അല്ലാത്തവര്‍ ഗള്‍ഫിലേക്ക് വരാന്‍ വേണ്ടി വാങ്ങിയ കടമായി വാങ്ങിയ കാശോ , പണയം വെച്ച ആധാരമോ ഭാര്യയുടെ പോന്നോ ഒന്നും ചിന്ത്ക്കില്ല , എങ്ങിനെയെങ്കിലും നാട്ടില്‍ തന്നെ തിരിച്ചെത്തിയാല്‍ മതിയെന്നാവും അവര്‍ പറയുക .
അല്ല , ആര്‍ക്കാണ് ഇവിടെ തെറ്റ് പറ്റുന്നത്.

എന്റെ ഒരു അനുഭവത്തില്‍ എന്ന രൂപത്തില്‍ ഞാന്‍ ഒരു കഥ പറയാം ..
എന്റെ അളിയന്‍ ഇതുപോലെ എപ്പോഴും പറയും , അവസാനം ഞാന്‍ ഒരു വിസ സംഘടിപ്പിച്ചു .....ഒന്നേകാല്‍ ലക്ഷം , പണി ഇല്ല ....ഇവിടെ വന്നു തെണ്ടണം , വേറെ വഴിയൊന്നും എന്റെ മുന്‍പില്‍ ഇല്ല , കാരണം പെങ്ങളും എപ്പോഴും പറഞ്ഞു കൊണ്ടേ ഇരിക്കും ...എങ്ങിനെയെങ്കിലും , എന്ത് പണിയും ....അവസാനം ഞാന്‍ ഒരുപാട് അന്വേഷിച്ചു ....പണിയുള്ള ഒരു വിസ പോലും ഇല്ല, അതിനെക്കാളും കഷ്ടം , അളിയന്‍ വിദ്യാഭ്യാസം പത്തിന് താഴെ .....എന്ത് ചെയ്യും ...അളിയനായി പോയില്ലേ .....എങ്ങിനെയെങ്കിലും രക്ഷപടെട്ടെ എന്ന് കരുതിയാണ് അവസാനം നമ്മുടെ കഥ നായകനായ ഫ്രീ വിസ ശരണം ആക്കിയത് ....കൊണ്ട് വന്നാലുള്ള അവസ്ഥ ഞാന്‍ ചിന്തിച്ചു , അവരോട് പറയുകയും ചെയ്തു , അതൊന്നും അവരെ തളര്‍ത്തിയില്ല .....നീ എന്തായാലും എടുക്കു , അവിടെ എത്തിയാല്‍ ഒക്കെ ശെരിയാവും ...ആരും ഗള്‍ഫില്‍ നിന്നും തിരുച്ചു പോയിട്ടില്ല ....എങ്ങിനെയെങ്കിലും ഒരു പണി അവിടെ അതിയാല്‍ സംഘടിപ്പികാം ...
എന്ത് പണിയെടുക്കും ? ഞാന്‍ ചോദിച്ചു ....അങ്ങിനെ ഒന്നും ഇല്ല എന്ത് പണിയും എടുക്കും ...ഞാന്‍ വീണ്ടും ഓര്‍മിപ്പിച്ചു ....അവിടെ വിദ്യാഭ്യാസം ഇല്ലാത്തവര്‍ക്ക് പണി കിട്ടാന്‍ ബുദ്ധിമുട്ടാണ് ...അതൊന്നും കാര്യമാക്കേണ്ട ...നീ വിസ എടുത്താല്‍ മതി..ബാക്കിയൊക്കെ ഞാന്‍ ശരിയാക്കി കൊള്ളാം ...എന്തായാലും എന്റെ കാര്യം പോക്കാണെന്ന് ഞാന്‍ തീരുമാനിച്ചു, കാരണം ഇവിടെ ഉള്ള എന്നെക്കാളും അളിയന്‍ എല്ലാം ഉറപ്പിച്ചിരിക്കുന്നു ...ഇനി രക്ഷയില്ല ...ഇവിടെ എത്തിയാല്‍ എന്റെ തലയില്‍ തന്നെ അളിയനെ സംരക്ഷിക്കാനുള്ള ചുമതലയും ...ഇനി നനയുക തന്നെ , ഞാന്‍ ചിന്തിച്ചു ....അളിയന്‍ ഇവിടെ എത്തിയാല്‍ എന്റെ കാര്യം ....റൂം വാടക , ഭക്ഷണം , ജോലി അന്വേഷിപ്പ് ..ചിലവിനു നാട്ടില്‍ അയക്കണമെങ്കില്‍ ? പെങ്ങളുടെ മക്കളുടെ കാര്യം ? ഇതൊക്കെ ഇനി അളിയന്‍ പണി ആവുന്നത് വരെ എന്റെ തലയില്‍ !ഞാന്‍ എന്ത് ചെയ്യും ...
ഒരു വഴിയും കാണാത്ത സമയത്താണ് ...എന്റെ ഒരു ചങ്ങാതി മുഖാന്തരം ഒരു അറബി വീട്ടില്‍ ഡ്രൈവറുടെ വിസ സംഘടിപ്പിച്ചത് .....അതാണ്‌ ഫ്രീ വിസ ആയി എനിക്ക് കിട്ടിയത് ....നല്ല ഓഫര്‍ ...വന്നാല്‍ ഫയല്‍ ഒപണാക്കാന്‍ സഹായിക്കും , ലൈസന്‍സ് കിട്ടിയാല്‍ വിസ മാറ്റി അടിക്കണം ...ഇതാണു വ്യവസ്ഥ ...എന്ത് ചെയ്യാം ...നിവര്‍ത്തിയില്ല ...എടുക്കുക തന്നെ ....അങ്ങിനെ ചങ്ങാതിയുടെ സഹായത്താല്‍ ഒന്നേകാല്‍ ലക്ഷത്തിനു ആ വിസ സംഘടിപ്പിച്ചു ...ഒരു വല്ലാത്ത ആത്മ സംതൃപ്തി എനിക്ക് അനുഭവപ്പെട്ടു ..എന്തൊക്കെ ആയാലും പെങ്ങള്‍ക്ക് വേണ്ടി അല്ലെ ...എന്റെ ഒന്നേ കാല്‍ പോയി ..എന്നാലും പെങ്ങള്‍ക്ക് നല്ല ഒരു ജീവിതം ..അതായിരുന്നു എന്റെ ആവേശം ..

ഒന്നേ കാല്‍ ലക്ഷത്തില്‍ എത്ര കമ്മീഷന്‍ ചങ്ങാതി അടിച്ച് മാറ്റി ?..

ടിക്കറ്റിന്റെ പൈസ ആര് കൊടുക്കും ?

അളിയന് എന്ത് സംഭവിക്കും ?

എന്റെ കാര്യം എന്താകും ?

പെങ്ങള്‍ക്ക് ഒരു നല്ല ഭാവി?അവരുടെ മക്കള്‍ ?

അളിയന് നല്ല ഒരു ജോലി കിട്ടുമോ ?

എന്നെ കൊണ്ട് എന്ത് ചെയ്യാന്‍ പറ്റും ?

ഞാന്‍ എന്ത് ചെയ്തു?

അളിയന്‍ ഇപ്പോള്‍ എവിടെ?

അദ്ദേഹം ഇപ്പോള്‍ എന്ത് ചെയ്യുന്നു ?

ഇങ്ങനെ പോകുന്നു ഒരുപാട് ചോദ്യങ്ങള്‍


........തുടരും .....